News >> സ്ഥാനത്യാഗിയെ കാണാന്‍ ആദരവോടെ കര്‍ദ്ദിനാളന്മാരും പാപ്പാ ഫ്രാന്‍സിസും

Source: Vatican Radio

ആദരപൂര്‍ണ്ണവും സഹോദരതുല്യവുമായ നേര്‍ക്കാഴ്ച!    സഭാപണ്ഡിതനും വാഗ്മിയും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ റാത്സിങ്കറും നവകര്‍ദ്ദിനാളന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

നവംബര്‍ 19-Ɔ൦ തിയതി ശനിയാഴ്ച.  വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ബസിലിക്കയില്‍ രാവിലെയായിരുന്നു ആഗോളസഭയിലെ 17 നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രൂഷ നടന്നത്. 2015-Ɔമാണ്ടിലെ വാഴിക്കല്‍ ശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം മുന്‍പാപ്പാ ബനഡിക്ടും പങ്കെടുത്തിരുന്നു. അദ്ദേഹം നിശ്ശബ്ദനായി അല്‍ത്താരയുടെ ചാരത്ത് ഇരുന്നുകൊണ്ടാണ് പങ്കെടുത്തത്. എന്നാല്‍ ഇക്കുറി സന്നിഹിനായിരുന്നുമില്ല. അതിനാല്‍ ചടങ്ങള്‍ക്കുശേഷം നവകര്‍ദ്ദിനാളന്മാര്‍ എല്ലാവരും പാപ്പാ ബനഡിക്ടിനെ ഒരുമിച്ച് സന്ദര്‍ശിക്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗ്രഹമായിരുന്നു.

വത്തിക്കാന് അകത്ത്, വത്തിക്കാന്‍-കുന്നിനു മുകളിലെ തോട്ടിന്‍റെ വടക്കെ അരികിലുള്ള 'മാത്തര്‍ എക്ലേസിയ'  (Mater Ecclesiae) എന്ന ചെറുഭവനത്തിലാണ് ഋഷിവര്യനെപ്പോലെ സ്ഥാനത്യാഗിയായ മുന്‍പാപ്പാ പ്രാര്‍ത്ഥനയിലും ഏകാന്തതയിലും വസിക്കുന്നത്. പൊതുപരിപടികളില്‍ അത്യപൂര്‍വ്വമാണ് പാപ്പായുടെ സാന്നിദ്ധ്യം. കാരുണ്യത്തിന്‍റെ ജൂബിലിവത്സരാരംഭവും, പിന്നെ   ജൂണില്‍ ആചരിച്ച പൗരോഹിത്യത്തിന്‍റെ 65-Ɔ൦ വാര്‍ഷികനാളുമായിരുന്നു പൊതുവേദിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട  അടുത്ത കാലത്തെ രണ്ട് അവസരങ്ങള്‍.

രണ്ടു ചെറിയ വാനുകളില്‍ കര്‍ദ്ദിനാളാന്മാരും, അവര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍ തോട്ടത്തിലെ 'മാത്തര്‍ എക്ലേസിയ' ഭവനത്തില്‍ എത്തി പാപ്പാ ബനഡിക്ടിനെ സന്ദര്‍ശിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്, കടപ്പാടിന്‍റെയും സഹോദരസ്നേഹത്തിന്‍റെ ആദരവിന്‍റെയും ആനന്ദപൂര്‍ണ്ണമായ കൂടിക്കാഴ്ചയായിരുന്നു! അടുത്ത ഏപ്രില്‍ മാസത്തില്‍ നവതിപൂര്‍ണ്ണനാകുകയാണ് മുന്‍പാപ്പാ ബെനഡിക്ട്!  ഇപ്പോഴും അദ്ദേഹം ഏറെ ആരോഗ്യവാനും സന്തോഷവാനുമാണ്. തന്‍റെ വസിതിയിലെ ചെറുകപ്പേളയിലാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് എത്തിയത്. പണ്ഡിതനും വാഗ്മിയുമായ പാപ്പാ റാത്സിങ്കറിനെ നവകര്‍ദ്ദിനാളന്മാര്‍ ഓരോരുത്തരായി അഭിവാദ്യംചെയ്തു. രണ്ടാം വത്തിക്കാന്‍ സൂനഹദോസു മുതല്‍ ആഗോളസഭയിലെ ദൈവശാസ്ത്ര ചിന്താധാരയുടെ മേഖലയില്‍ തെളിഞ്ഞുനില്ക്കുന്ന അഗ്രഗണ്യനായ പണ്ഡിതനും ചിന്തകനും ഗ്രന്ഥകര്‍ത്താവുമായ മുന്‍പാപ്പാ റാത്സിങ്കറിനെ വ്യക്തിപരമായി കണ്ട് അഭിവാദ്യംചെയ്ത ആത്മനിര്‍വൃതിയോടെയാണ് നവകര്‍ദ്ദിനാളന്മാര്‍ 16 പേരും വത്തിക്കാന്‍ തോട്ടം വിട്ട് മറ്റു പരിപാടികള്‍ക്കായി പാപ്പാ ഫ്രാന്‍സിസിനോടൊപ്പം മടങ്ങിയത്.

2005 ഏപ്രില്‍ 19-നാണ് കര്‍ദ്ദിനാള്‍ റാത്സിങ്കര്‍ പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കും ആഗോളസഭയുടെ നേതൃസ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടത്.   2013 ഫെബ്രുവരി 11-ന് തന്‍റെ സ്ഥാനത്യാഗം പ്രഖ്യാപിച്ച ബനഡിക്ട് 16-Ɔമന്‍ ഫെബ്രുവരി 28-ന് മന്ദസ്മിതത്തോടെ ചരിത്രത്തിലെ ധീരവും മാതൃകാപരവും, ഒപ്പം ത്യാഗപൂര്‍ണ്ണവുമായ കാല്‍വയ്പായി അപ്പസ്തോലിക അരമനയുടെ പടിയിറങ്ങി. "പ്രായാധിക്യവും ചുറ്റുപാടുകളും തന്നെ നിര്‍വീര്യനാക്കുന്നെന്നും, ഇനിയും സഭയെ ഭരിക്കാനുള്ള കരുത്ത് തനിക്കില്ലെന്നും..." വിനയാന്വിതനായി ഏറ്റുപറഞ്ഞുകൊണ്ടാണ് സന്തുഷ്ടിയോടെ പാപ്പാ റാത്സിങ്കര്‍ വിരമിച്ചത്.