News >> മതം മുറിപ്പെട്ട ലോകത്തിന്‍റെ സമാധാനപാത
'അമേരിക്കന്‍ പിറവിയുടെ പിള്ളത്തൊട്ടില്‍' എന്ന് അറിയപ്പെടുന്ന ഫിലാഡെല്‍ഫിയയിലെ Independence Mall -ല്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച മതസ്വാതന്ത്ര്യത്തിന്‍റെ ചിന്തകള്‍:അമേരിക്കയെ രാഷ്ട്രമായി നിര്‍വചിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഇവിടെയാണ്. 'എല്ലാ സ്ത്രീ പരുഷന്മാരും സ്രഷ്ടാവിന്‍റെ മുന്നില്‍ തുല്യരാണെന്നും, അലംഘനീയമായ ചില അവകാശങ്ങള്‍ അവിടുന്ന് അവര്‍ക്ക് നല്കിയിട്ടുണ്ടെന്നും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനുമാണ് സര്‍ക്കാരുകള്‍ നിലനില്‍ക്കുന്നത്,' എന്നതാണ്
സ്വാതന്ത്ര്യ പ്രഖ്യാപനം.നഷ്ടമായ സത്യങ്ങളെ പുനാവിഷ്ക്കരിക്കുവാനും പുനര്‍പ്രതിഷ്ഠിക്കുവാനും അമേരിക്കയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ്, ഇല്ലായ്മചെയ്ത അടിമത്വം, വോട്ടവകാശത്തിനുള്ള തുറവ്, തൊഴില്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച, വംശീയ വാദങ്ങളുടെ ഇല്ലായ്മചെയ്യല്‍ എന്നിവ ആധുനികയുഗത്തില്‍ അമേരിക്കയെ സ്വതന്ത്രമാക്കിയ ചരിത്രസംഭവങ്ങളാണ്.ഗതകാല സ്മരണകള്‍ അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മരിക്കുന്നില്ല. അങ്ങനെയെങ്കില്‍ നാം തെറ്റുകള്‍ ആവര്‍ത്തിക്കുകയുമില്ല. ചിലരുടെ മേല്‍ക്കോയ്മയില്‍നിന്നും, സ്വാര്‍ത്ഥമായ അധികാരപ്പിടിയില്‍നിന്നും മോചനം നേടുവാന്‍ ഓര്‍മ്മകള്‍ നമ്മെ സഹായിക്കും. അമേരിക്കന്‍ സമൂഹ ജീവിത ശൈലിയുടെ പ്രതീകമായ ഈ സ്വാതന്ത്ര്യത്തിന്‍റെ ശ്രീകോവിലില്‍, Indipendence Mall-ല്‍ നിന്നുകൊണ്ട് മതസ്വാന്ത്ര്യത്തെക്കുറിച്ചു സംസാരിക്കുവാന്‍ സന്തോഷമുണ്ട്. നമ്മില്‍നിന്നും വ്യത്യസ്തമായ വിശ്വാസവും മതവുമുള്ള അയല്‍ക്കാരനെ അംഗീകരിക്കുവാനുമുള്ള മനഃസ്ഥിതി നമുക്കു തരുന്നത് മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ്. വ്യക്തിപരമായും സമൂഹമായും ദൈവത്തെ ആരാധിക്കുന്നതാണ് തീര്‍ച്ചയായും പരമമായ മതസ്വാതന്ത്ര്യം . പ്രഘോഷിക്കുന്ന സന്ദേശങ്ങളെ ആധാരമാക്കിയാണ് വിവിധ മത പാരമ്പര്യങ്ങള്‍ സമൂഹത്തെ സേവിക്കുന്നത്. അവ വ്യക്തികളെയും സമൂഹങ്ങളെയും ജീവന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉപജ്ഞാതാവായ ദൈവത്തെ ആരാധിക്കുവാന്‍ ക്ഷണിക്കുന്നു. അവ മനുഷ്യാസ്തിത്വത്തിന്‍റെ അഭൗമസ്വഭാവത്തെ വിളിച്ചോതുന്നു. ആരുടെയും പരമാധികരാത്തിന്‍റെ മുന്നിലും അനിഷേധ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച് മനുഷ്യന്‍ സംസാരിക്കുന്നു. എന്നാല്‍ ജനതകളെ കീഴടക്കിക്കൊണ്ടും അവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടും 'ഭൗമിക പറുദീസകള്‍' തീര്‍ക്കാന്‍ തലപൊക്കിയിട്ടുള്ള മ്ലേച്ഛമായ ക്രൂരതകള്‍ കഴിഞ്ഞൊരു നൂറ്റാണ്ടിന്‍റെ ചരിത്രത്തില്‍ ധാരാളമുണ്ട്. അങ്ങനെ ചെയ്യുന്നത് ബാഹ്യമായതും അതര്‍ക്കിതവുമായ നിയമങ്ങളുടെ പിന്‍ബലത്തിലും അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെ ലംഘനത്തിലൂടെയുമാണ്. ശ്രേഷ്ഠമായ മതാനുഷ്ഠാന പാരമ്പര്യങ്ങള്‍ക്ക് ജീവിതത്തിന് അര്‍ത്ഥവും ആദര്‍ശവും നല്കുവാന്‍ കരുത്തുണ്ട്. അവയ്ക്ക് പുതിയ ചക്രവാളങ്ങള്‍ തേടുവാനും, ചിന്തകള്‍ വളര്‍ത്തുവാനും, ഹൃദയങ്ങളെയും മനസ്സുകളെയും ഉത്തേജിപ്പിക്കുവാനും ശക്തിയുണ്ട് (EG 256). അവ മാനസാന്തരത്തിലേയ്ക്കും, അനുരജ്ഞനത്തിലേയ്ക്കും, സമൂഹത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയിലേയ്ക്കും, പൊതുനന്മയ്ക്കായുള്ള നിസ്വാര്‍ത്ഥ സേവനത്തിലേയ്ക്കും, അഗതികളോടു കാരുണ്യമുള്ളവരായിരിക്കുവാനും നമ്മെ ക്ഷണിക്കുന്നു. മതങ്ങളുടെ ആത്മീയദൗത്യത്തില്‍ സത്യത്തിന്‍റെയും മനുഷ്യാന്തസ്സിന്‍റെയും അവകാശങ്ങളുടെയും പ്രഘോഷണമാണ്.എന്നാല്‍ നവമായതും വിവിധ തരത്തില്‍ ഉള്ളതുമായ സ്വേച്ഛാശക്തികള്‍ ഇന്ന് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ട്. പൊതുഅഭിപ്രായം പ്രകടമാക്കാന്‍ സ്വാതന്ത്ര്യമില്ലാത്തൊരു സംസ്ക്കാരം വളര്‍ത്തുന്നുണ്ട്. മതത്തെ വിദ്വേഷത്തെയും ക്രൂരതയുടെയും മറയാക്കി മാറ്റുന്നുണ്ട്. വളരെ ഉപരിപ്ലവമായ ഐക്യത്തിനുവേണ്ടി എല്ലാ വൈവിധ്യങ്ങളെയും ഏകപക്ഷീയമായി ഇല്ലായ്മ ചെയ്യുവാന്‍ ഇക്കൂട്ടര്‍ പരിശ്രമിക്കുന്നുണ്ട്. വ്യത്യാസങ്ങളെ മാനിക്കുന്നതും ആരോഗ്യപരമായ വൈവിദ്ധ്യങ്ങളും മൂല്യങ്ങളും ആദരിക്കുവാനും മതങ്ങള്‍ക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട് (EG 255). ...ഏതു സംസ്ക്കാരത്തിലും ഭാഷയിലും പാരമ്പര്യത്തിലും പെട്ടവരായാലും സാഹോദര സ്നേഹത്തിന്‍റെ നഗരങ്ങള്‍ പണിതുകൊണ്ട് നമുക്ക് സ്നേഹവും സമാധാനവുമായ ദൈവത്തെ പ്രഘോഷിക്കുന്നവരാകാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.Source: Vatican Radio