News >> ഇറാനിയന്‍ സാംസ്ക്കാരിക സംഘം വത്തിക്കാനില്‍


Source: Vatican Radio

നവംബര്‍ 23-ാം തിയതി ബുധനാഴ്ച രാവിലെ, പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ടെഹറാനില്‍നിന്നും എത്തിയ ഇസ്ലാമിക സാംസ്ക്കാരിക സംഘത്തിലെ  30 അംഗങ്ങള്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയാണ് കൂടിക്കാഴ്ചയ്ക്ക് വേദിയായത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇറാന്‍റെ തലസ്ഥാന നഗരത്തില്‍നിന്നുമുള്ള  ഇസ്ലാമിക സാംസ്ക്കാരിക പ്രതിനിധികളുടെ കൂട്ടായ്മ.

സംവാദത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാനുള്ള സംഘടനയുടെ പരിശ്രമങ്ങളെയും, അവരുടെ തുറവും നല്ലമനസ്സും കൂടിക്കാഴ്ചയില്‍ പാപ്പാ ശ്ലാഘിച്ചു. വത്തിക്കാന്‍റെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനോടുചേര്‍ന്നുള്ള സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദം തുടരണമെന്നും അവരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഇറാന്‍റെ പ്രസിഡന്‍റ്, ഹസന്‍ റുഹാനിയും, വൈസ്പ്രസിഡന്‍റും പാരിസ്ഥിതിക കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായ മൊസൂമേ എത്കാറും വത്തിക്കാനിലെത്തി നടത്തിയ നേര്‍ക്കാഴ്ചകള്‍ പാപ്പാ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഹ്രസ്വമായ പ്രഭാഷണവും ടെഹ്റാന്‍ സംഘവുമായുള്ള 15 മിനിറ്റുമാത്രം നീണ്ട കൂടിക്കാഴ്ചയും പാപ്പാ ഉപസംഹരിച്ചത്.

ന്യൂക്ലിയര്‍ നയങ്ങളില്‍ ഇറാന്‍ വരുത്തിയ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കുശേഷമാണ്  വത്തിക്കാന്‍-ഇറാന്‍ നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെട്ടത്. അതില്‍പ്പിന്നെയാണ് പ്രസിഡന്‍റ് റുഹാനിയും (26 ജനുവരി 2016), മറ്റൊരിക്കല്‍ വൈസ്പ്രസിഡന്‍റ് മൊസൂമേ എത്കാറും (12, ഫെബ്രുവരി 2015)  വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ചകള്‍ നടത്തിയത്.

ഇസ്ലാമിക സംവാദസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചേര്‍ന്നുള്ള പോള്‍ ആറാമന്‍ ഹാളിലേയ്ക്ക് പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ ഫ്രാന്‍സിസ് നടന്നു നീങ്ങി.

Photo from the file of 12 Feb. 2015 : Vice president and the Evirnomental Protection minister of Iran, Masoumeh Ebtkar  visited Pope Francis.