News >> സഭ അമ്മായിയമ്മയുടെ കുനിഷ്ടും കാര്‍ക്കശ്യവും കാട്ടരുത്


Source: Vatican Radio

സഭ പ്രഘോഷിക്കേണ്ടത് കാനോനിക നിയമമല്ല, കാരുണ്യത്തിന്‍റെ സുവിശേഷമാണ്. ജൂബിലി കാര്യങ്ങളുടെ ഉത്തരവാദിത്ത്വംവഹിച്ച ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല പ്രസ്താവിച്ചു. നവംബര്‍ 22-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം 'ലൊസര്‍വത്തോരെ റൊമാനോ'യ്ക്കു (L'Osservatore Romano)  നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല ഇങ്ങനെ പ്രസ്താവിച്ചത്. ജൂബിലി സമാപനത്തിന്‍റെ പശ്ചാത്തിലായിരുന്നു ഈ അഭിമുഖം.

സുവിശേഷത്തിന്‍റെ സത്ത കാരുണ്യമാണെന്നും, ദൈവികകാരുണ്യം ക്രിസ്തുവില്‍ ലോകത്ത് ദൃശ്യമായത് ജീവിതത്തില്‍ പകര്‍ത്താനും, അതിന് സാക്ഷ്യമേകാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്നു അദ്ദേഹം പറഞ്ഞു. സഭയുടെ ദൗത്യം അതിനാല്‍ ദൈവികകാരുണ്യത്തിന് സാക്ഷ്യംവഹിക്കുകയാണ്. ലോകത്ത് ദൈവത്തിന്‍റെ കാരുണ്യം ആഘോഷിക്കുകയാണ്.

ഒരു അമ്മയെപ്പോലെ സ്നേഹിക്കേണ്ട സഭ, അറിയാതെയും ശ്രദ്ധിക്കാതെയും അമ്മായിയമ്മയുടെ കുനിഷ്ടും കാര്‍ക്കശ്യവും കാട്ടിയിട്ടുണ്ട്. ജൂബിലിവത്സരം സമാപിച്ചുവെങ്കിലും പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച കാരുണ്യത്തിന്‍റെ ചൈതന്യം കെട്ടുപോകാതെ ജീവിക്കണം. ക്രൈസ്തവര്‍ ദൈവികകാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സാക്ഷികളാകുകയാണ്  ക്രൈസ്തവര്‍ ഇനി അനുദിനജീവിതത്തില്‍ ചെയ്യേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വിശദീകരിച്ചു. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ അനിതരസാധാരണമായ ജൂബിലിവത്സരം (Extraordinary Jubilee of Mercy) യാഥാര്‍ത്ഥത്തില്‍ ദൈവിക കാരുണ്യത്തിന്‍റെ വസന്തകാലമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പായുടെ വീക്ഷണത്തില്‍ ഉതിര്‍ക്കൊള്ളുന്ന കാരുണ്യത്തിന്‍റെ ചൈതന്യം ആര്‍ച്ചുബിഷപ്പ് ഫിസിക്കേല പിന്നെയും വിശദീകരിച്ചു. കാരുണ്യം ആത്മീയപുണ്യം മാത്രമല്ല, അതൊരു സാമൂഹിക ഗുണവുമാണ്. അതിനൊരു സാമൂഹിക മാനമുണ്ട്. നവംബര്‍ 20-Ɔ൦ തിയതി ജൂബിലസമാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ Misericordia et Misera,  'കാരുണ്യവും കദനവും' എന്നു പരിഭാഷപ്പെടുത്താവുന്ന അപ്പസോതിലക ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉദാരഹണത്തിന്, കരുണ്യപ്രവൃത്തികളെ നാം രണ്ടായി തരംതിരിക്കുന്നു - ആത്മീയവും ഭൗതികവുമായവയെന്ന്. ഉദാഹരണത്തിന്, നഗ്നരെ ഉടുപ്പിക്കുക. അല്ലെങ്കില്‍ വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം നല്കുക! ഭൗതികവും ബാഹ്യവുമായ കാരുണ്യപ്രവൃത്തിയാണെങ്കിലും, അന്തസ്സും അവകാശങ്ങളും നഷ്ടപ്പെട്ടവരെ തുണയ്ക്കുക, അവരുടെ അവകാശങ്ങളും അന്തസ്സും നേടിയെടുക്കാന്‍ പരിശ്രമിക്കുക എന്നൊരു അര്‍ത്ഥവും അതിനുണ്ട്. നമ്മുടെ സമൂഹം - ഗ്രാമങ്ങളും നഗരങ്ങളും വാസയോഗ്യവും, വിശ്വാസ്യവുമാക്കുക എന്നുകൂടെ അതിന് അര്‍ത്ഥമുണ്ടെന്ന, പാപ്പാ ഫ്രാന്‍സിന്‍റെ വ്യാഖ്യാനം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുരഞ്ജനം കാരുണ്യത്തിന്‍റെ ഫലപ്രാപ്തിയാണ്. അതിനാല്‍ അനുദിനജീവിതത്തിലും, സാധാരണ ജീവിത ചുറ്റുപാടുകളിലും ദൈവികഭാവത്താല്‍ പ്രചോദിതരായി നാം പിതൃകാരുണ്യം പ്രകടമാക്കണം. ദൈവികകാരുണ്യം യാഥാര്‍ത്ഥ്യമാക്കണം. തിരിച്ചുവരുന്ന മകനോ മകളോ പിതാവിന്‍റെ കാരുണ്യഗേഹത്തില്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ ഒരു മാനുഷിക ഘടകവും വിഘാതമാകരുത്! ഇതും ലോകത്തിനു പാപ്പാ ഫ്രാന്‍സിസ് ഇന്നു നല്കുന്ന ശ്രദ്ധേയമായ സുവിശേഷവ്യാഖ്യാനവും പ്രബോധനവുമാണ്. ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ വ്യക്തമാക്കി.