News >> മയക്കുമരുന്ന് ഇന്നിന്‍റെ വിപത്തും നവമായ അടിമത്തവും


Source: Vatican Radio

24 നവംബര്‍ 2016

"ലോകത്തിന് വിനയാകുന്ന മയക്കുമരുന്നു പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും" - വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച പഠനശിബിരത്തിന്‍റെ വിഷയം ഇതായിരുന്നു. നവംബര്‍ 23, 24 തിയതികളിലായിരുന്നു രാജ്യാന്തര സംഗമം വത്തിക്കിനില്‍ നടന്നത്. സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. യുഎന്നിന്‍റെ പ്രതിനിധി, സ്വീഡനിലെ രാജ്ഞി തുടങ്ങി രാഷ്ട്രങ്ങളുടെ ഉന്നതതല പ്രതിനിധികള്‍ പങ്കെടുത്തു. പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയില്‍ പാപ്പാ ആശയങ്ങള്‍ പങ്കുവച്ചു.

ക്ഷണിച്ചതിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സംഗമത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. സ്പാനിഷില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു:

സമൂഹത്തിലെ വലിയൊരു മുറിവാണ് മയക്കുമരുന്ന്, വലിയ വ്രണമാണിത്!. അതിന്‍റെ മാരകമായ മായികവലയം അനേകരെ വീഴ്ത്തുകയും  വിഴുങ്ങുകയും ചെയ്യുന്നു. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി അതിന് ഇരയാകുകയും അടിമകളാകുകയും ചെയ്യുന്നവര്‍ നിരവധിയാണ്, പ്രത്യേകിച്ച് യുവജനങ്ങള്‍! വ്യക്തിയെ അടിമയും ആശ്രിതനുമാക്കുന്ന ഒരു 'രസതന്ത്രം' മയക്കുമരുന്നിനുണ്ട്. മനുഷ്യരെ കീഴ്പ്പെടുത്തുന്ന നവമായ അടിമത്വത്തിന്‍റെ വിവിധ മുഖങ്ങളില്‍ ഒന്നാണ് അതിവേഗം പടര്‍ന്നുപിടിക്കുന്ന മയക്കുമരുന്നു വിപത്ത്!

ഒരാള്‍ മയക്കുമരുന്നിന് അടിമയും ആശ്രിതനുമാകുന്നതിനു പിന്നില്‍ വിവിധ കാരണങ്ങളുണ്ടെങ്കിലും കുടുംബത്തിന്‍റെ അഭാവം, അല്ലെങ്കില്‍ കുടുംബത്തെ മറന്ന ജീവിതം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, കൂടാതെ അതിന്‍റെ പിന്നിലെ മയക്കുമരുന്നു കടത്തുകാരും വില്പനക്കാരും, നവമായ അനുഭൂതിക്കുള്ള തൃഷ്ണ എന്നിവ മുഖ്യകാരണങ്ങളാണ്.  മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ കഥകള്‍ അന്യൂനവും തനിമയാര്‍ന്നതുമാണ്. അവ കേട്ടു മനസ്സിലാക്കി, അവരെ സ്നേഹത്തോടെ എത്രയും വേഗം അതില്‍നിന്ന് മോചിപ്പിച്ച് സുഖപ്പെടുത്തുകയും രക്ഷപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

മയക്കുമരുന്നിന് അടിമയായവരെ വസ്തുക്കളെപ്പോലെ, അല്ലെങ്കില്‍ ഉടഞ്ഞപാത്രംപോലെ തരംതിരിച്ച് തള്ളിക്കളയാനാവില്ല. അത് അനീതിയാണ്. അവരെ രക്ഷപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യണമെങ്കില്‍ അവരുടെ അന്തസ്സ് അംഗീകരിക്കുകയും മാനിക്കുകയും വേണം. സര്‍വ്വോപരി അവനും അവളും ദൈവത്തിന്‍റെ മക്കളാണെന്ന അടിസ്ഥാനവീക്ഷണം ആവശ്യമാണ്. മയക്കുമരുന്നിന്‍റെ ഉപയോഗത്തില്‍ വീഴാനും അതിന് കീഴ്പ്പെടാനും കാരണമാകുന്ന വിധത്തില്‍ സമൂഹത്തില്‍ ഇന്ന് ഉപരിപ്ലവവും ഞൊടിയിടയില്‍ സന്തോഷം പകരുന്നതുമായ നിരവധി സാധ്യതകളും സൗകര്യങ്ങളുമുണ്ട്. എന്നാല്‍ അവ വ്യക്തിയെ കാര്‍ന്നുതിന്നുകയും നശിപ്പിക്കുകയും, അവസാനം കൊല്ലുകയുംചെയ്യുന്നു. വ്യക്തിയെ നശിപ്പിക്കുക മാത്രമല്ല, അയാള്‍ക്കു ചുറ്റുമുള്ള സകലതിനെയും അത് തകര്‍ക്കും. സാമൂഹിക സമഗ്രതയെ തച്ചുടയ്ക്കുമാറ് അത് വ്യക്തിയെ കീഴ്പ്പെടുത്തും.

ഈ വിപത്തിന്‍റെ വ്യാപ്തിയും ആഴവും ഇനിയും മനസ്സിലേക്കാണ്ടതാണ്. മയക്കുമരുന്ന് സ്വഭാവത്തില്‍ത്തന്നെ വിനാശകമാണ്. അതിന്‍റെ നിര്‍മ്മാണവും വിതരണസംവിധാനങ്ങളും അതിവിപുലവുമാണ്. വിദൂരത്തിലെത്തുന്ന അതിന്‍റെ ശൃംഖലകള്‍ വക്തികളെ മരണഗര്‍ത്തത്തിലേയ്ക്ക് വലിച്ചിഴക്കുന്നു. 'മയക്കുമരുന്നു മരണം' ആദ്യം ശാരീരികമല്ല, മാനസികവും ആത്മീയവുമാണ്, പിന്നെ സാമൂഹീകവുമാണ്. അവസാനമായിരിക്കും മരണം!  മയക്കുമരുന്നിന്‍റെ മരണശ്രൃംഖല അപാരവും ശക്തവുമാണ്. സമൂഹത്തില്‍ ഉത്തരവാദിത്ത്വപ്പെട്ടവരെ - രാഷ്ട്രീയ കാര്യസ്ഥരെയും കുടുംബസ്ഥരെയും അത് വീഴ്ത്തുന്നു. ഈ വിപത്തിന്‍റെ സംഘിടിത സംവിധാനത്തിന് എതിരായ പോരാട്ടത്തില്‍ വെല്ലുവിളിയാകുന്നത് അതിന്‍റെ നിര്‍മ്മാണത്തെക്കാള്‍, പിന്നില്‍ നടമാടുന്ന അഴിമതിയുള്ള വിതരണശ്രൃംഖലയും സംവിധാനങ്ങളുമാണ്. കൂടാതെ കുഴല്‍പ്പണത്തിന്‍റെ ഒഴുക്ക്, പണംവെളുപ്പിക്കല്‍ എന്നിവയും, അവസാനം ഇവ ചേക്കേറുകയും, ചെന്നെത്തുകയും ചെയ്യുന്ന ബാങ്കുകളും പണിടപാടുകാരുമെല്ലാം സന്ധിക്കുന്ന ഗാഢമായ കൂട്ടുകെട്ടാണ്!

ഇത് അന്വേഷിക്കുകയും, നീതിനടപ്പാക്കാന്‍ പരിശ്രമിക്കുകുയും ചെയ്യുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്നത് 'മാഫിയ'കളുടെ (Mafia) ഭീതിദമാകുന്ന താക്കീതാണ്. മയക്കുമരുന്നു 'ലോബി'യെ നിയന്ത്രിക്കാന്‍ ശ്രമിച്ച സുഹൃത്തായ ജഡ്ജിക്ക് കിട്ടിയ ഈ-മെയില്‍ സന്ദേശം (e-mail) ഭാര്യയുടെയും മകന്‍റെയും ഫോട്ടോയ്ക്കൊപ്പമുള്ള വധഭീഷണിയായിരുന്നു. മയക്കുമരുന്നിന് അടിമകളായവര്‍ കൊല്ലപ്പെടുന്നതുപോലെ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരും കൊല്ലപ്പെടുന്നുണ്ട്. അവര്‍ക്കെതിരെ ഭീഷണിയുമുണ്ട്.

ഈ വിനയെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും, ആരോഗ്യപരിചരണവും, കുടുംബങ്ങളുടെ പിന്‍തുണയും, പുനരധിവാസ പ്രസ്ഥാനങ്ങളും ആവശ്യമാണ്. സര്‍വ്വോപരി വിദ്യാഭ്യാസം ഏറെ അടിസ്ഥാനവുമാണ്. സമഗ്രമായ മാനവികരൂപീകരണവും അത്യാവശ്യമാണ്. കാരണം നന്മയുടെ വിവേചനം ലഭിക്കുന്നത് വ്യക്തിരൂപീകരണത്തിലൂടെണ്. അങ്ങനെ നന്മയുടെ തിരഞ്ഞെടുപ്പിലൂടെ തിന്മയെ ഇല്ലാതാക്കുന്ന രീതി സമൂഹത്തില്‍ വളര്‍ത്തിയെടുക്കണം. സമൂഹികതിന്മയില്‍ അകപ്പെട്ട് വ്രണിതാക്കളായവരെയാണ് അടിയന്തരമായി തുണയ്ക്കേണ്ടത്, പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും! അതുപോലെ കുടുംബങ്ങള്‍ക്കും, പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും മയക്കുമരുന്നിന്‍റെ വിപത്തുക്കളെക്കുറിച്ചുള്ള അവബോധം നല്കേണ്ടത് അത്യാവശ്യമാണ്, വിശിഷ്യാ ഇന്നിന്‍റെ ആഗോളവത്ക്കരണത്തിന്‍റെയും കുടിയേറ്റ പ്രതിഭാസത്തിന്‍റെയും പശ്ചാത്തലത്തില്‍...!  എന്തെല്ലാം കാരണങ്ങള്‍ ഉണ്ടെങ്കിലും, പിടിപ്പില്ലാത്തതും അഴിമതിയില്‍ മുങ്ങിയിരിക്കുന്നതുമായ സര്‍ക്കാരുകളാണ് മയക്കുമരുന്നു പ്രതിസന്ധിയെ നിയന്ത്രിക്കാന്‍ കെല്പില്ലാത്തവരായി നടിക്കുന്നത്. രാഷ്ട്രങ്ങളില്‍ മയക്കുമരുന്ന പ്രതിരോധസംവിധാനങ്ങള്‍ (Anti-Narcotic Agents & Systems)  മെല്ലെ ഇല്ലാതാകുന്നുണ്ട്. ഈ തിന്മ വളര്‍ന്ന് സമൂഹത്തില്‍ വേരുപിടിച്ചുപോയാല്‍ പിന്നെ പിഴുതെറിയുക എളുപ്പമല്ല.

തന്‍റെ നാട് (പാപ്പാ തുടര്‍ന്നും പങ്കുവച്ചു,) ആദ്യം മയക്കുമരുന്നിന്‍റെ സഞ്ചാരപഥം അല്ലെങ്കില്‍ ഏജന്‍റു മാത്രമായിരുന്നു. പിന്നെ ചെറുപ്പാക്കാര്‍ അതിന്‍റെ ഉപഭോക്താക്കളായി. തുടര്‍ന്ന് ഉല്പാദകരായി. മയക്കുമരുന്നു 'മഫിയ'യുടെ 30 വര്‍ഷത്തെ കുതന്ത്രങ്ങളും, സര്‍ക്കാരിന്‍റെ അനാസ്ഥയുംകൊണ്ട് നാട് ഇന്ന് കേഴുകയാണ്! യാഥാര്‍ത്ഥത്തിലുള്ള വികസനവും വളര്‍ച്ചയും അവിടെ വിദൂരത്താണ്.

മയക്കുമരുന്നിനെതിരായ പ്രതിരോധ പരിപാടികള്‍ അത്യാവശ്യമാണ്. ഒപ്പം അതിന് അടിമകളായവര്‍ക്കുള്ള പുരധിവാസപരിപാടികള്‍ അനിവാര്യമാണ്. വ്യക്തിയുടെ നഷ്ടമായ അന്തസ്സും സന്തോഷവും വീണ്ടെടുക്കാനും, അടിമകളായവര്‍ക്ക് അത് നേടിക്കൊടുക്കാനും സാധിച്ചിരുന്നെങ്കില്‍...! പലപ്പോഴും രാഷ്ട്രങ്ങളുടെ നിയമസംവിധാനങ്ങളും നയങ്ങളും ഇതിന് അനുകൂലമല്ലെന്നത് ഖേദകരമാണ്. തിന്മയുടെ ഇരുട്ടില്‍ ക്ലേശിക്കുന്ന സഹോദരങ്ങള്‍ നമ്മെ തേടുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ദൈവികകാരുണ്യത്തിന്‍റെ കരുണാര്‍ദ്രമായ മുഖത്തോടെ അവരുടെ ചാരത്ത് അണയാന്‍ സാധിക്കട്ടെ! മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കഴിവത് എല്ലാവരും ചെയ്യുമെന്ന് അറിയാം. നിങ്ങളുടെ പരിശ്രമങ്ങളെയും സമര്‍പ്പണത്തെയും അഭിനന്ദിക്കുന്നു! ഈ പോരാട്ടം ബുദ്ധിമുട്ടുള്ളതും, നേരത്തെ പറഞ്ഞ ജഡ്ജിയുടേതുപോലെ ഭീഷണിയും ഭീതിയും വിളിച്ചുവരുത്തുന്നതുമാണ്. എന്നാല്‍ ഇതുവഴി നാം മാനവകുടുംബത്തെയും, കുഞ്ഞുങ്ങളെയും കുടുംബങ്ങളെയുമാണ് സംരക്ഷിക്കുന്നത്!! മുളയിലേ രക്ഷപ്പെടുത്തിയാല്‍... ഭാവി ഭദ്രമാക്കാം! പിന്നെ ഫലപ്രാപ്തിയും ഉറപ്പാക്കാം! ഇപ്പോള്‍ മാത്രമല്ല, ഇനിയും തുടരേണ്ട തീരുമാനങ്ങളും സമര്‍പ്പണവുമാണിത്.

നന്ദിയുടെ വാക്കുകള്‍ പിന്നെയും ഉച്ചരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.