News >> യുവത: നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തി


Source: Vatican Radio

സന്നദ്ധസേവനത്തില്‍ അന്തര്‍ലീനമായരിക്കുന്ന സൗജന്യദാനം ആ സേവനത്തിന്‍റെ  ഗുണഭോക്താക്കള്‍ക്കു മാത്രമല്ല,  അതിന്‍റെ കര്‍ത്താക്കള്‍ക്കും അവരുടെ മാനവിക പക്വതയ്ക്കും ഒരു സമ്പത്താണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയുടെ ദേശീയ പൗരസേവന വിഭാഗത്തില്‍ നിശ്ചിത ഹ്രസ്വ കാലം സന്നദ്ധസേവനമനുഷ്ഠിക്കുന്ന യുവജനങ്ങളുടെ ഏഴായിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച(26/11/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഒരു നാടിന്‍റെ അനര്‍ഘവും ചലനാത്മകവുമായ ശക്തിയാണ് യുവതയെന്ന് ശ്ലാഘിച്ച പാപ്പാ സമൂഹത്തിന്‍റെ വിശിഷ്യ, ഏറ്റംബലഹീനരായവരുടെ ഉന്നമനത്തിനായുള്ള പരിശ്രമങ്ങളില്‍ അവരുടെ പിന്തുണ അനിവാര്യമാണെന്ന് പറഞ്ഞു.

സമൂഹത്തില്‍ അസമത്വങ്ങള്‍ വര്‍ദ്ധമാനമാകുകയും ബലഹീനര്‍ക്ക് ഉചിതമായ സംരക്ഷണമേകാതിരിക്കുകയും അതേസമയം നാട് ആയുധസമഹാരണത്തിനു പിന്നാലെ പായുകയും ആയുധങ്ങള്‍ക്കായി മുതല്‍മുടക്കുകയും ചെയ്യുന്ന പ്രവണതകളെപ്പറ്റിയും പരാമര്‍ശിച്ച പാപ്പാ അത് സമത്വവും സാഹോദര്യവും വാഴുന്ന ഒരു സമൂഹം എന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ ഒരവസ്ഥയാണെന്ന് വിശദീകരിച്ചു.

ഇറ്റലിയുടെ സാമൂഹ്യപൗരസേവന ദേശിയവിഭാഗത്തിന്‍റെ പദ്ധതികളില്‍ പരിസ്ഥിതി സംരക്ഷണത്തിനേകുന്ന പ്രാധാന്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പ അത് മാനവസേവനവും പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും പറഞ്ഞു.

ഈ വിഭാഗം ആവശ്യത്തിലിരിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമൊക്കെ ഏകുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു.