News >> ജൈവവൈവിധ്യം കാത്തുപരിപാലിക്കുന്നതില്‍ സഹകാരികളാകുക


Source: Vatican Radio

നമ്മു‌ടെ ഗ്രഹത്തിന്‍റെ ജൈവവൈവിധ്യവും ഈ ഗ്രഹത്തിലെ മനുഷ്യജീവനും കാത്തുപരിപാലിക്കുന്നതിലും അവയുടെ വികസനത്തിലും സഹകാരികളാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനില്‍ ഈ മാസം 25 മുതല്‍ 29 വരെ (25-29/11/16) സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ സംബന്ധിക്കുന്ന അറുപതോളം പേരെ തിങ്കളാഴ്ച (28/11/16) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പ്രദര്‍ശനശാലയുടെ കാവല്‍ക്കാരോ, പ്രദര്‍ശനശാലയിലെ മഹത്തായ കലാസൃഷ്ടികളിന്മേലുള്ള പൊടി തുടയ്ക്കുന്നവരോ അല്ല നമ്മളെന്ന് പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വം എന്താണ് എന്ന് സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

താന്‍ സൃഷ്ടിച്ച പ്രപഞ്ചത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നം എന്താണൊ ്ത് അപ്രകാരമായിത്തീരുന്നതിനും സമാധനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പരിപൂര്‍ണ്ണതയുടെയുമായ അവിടത്തെ പദ്ധതിയോടു പ്രതികരിക്കുന്നതിനും അവിടത്തെ ഉപകരണങ്ങളായിരിക്കുന്നതിനും നാം വിളക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സൃഷ്ടിയോടും സൃഷ്ടിയിലുള്ള വഭവങ്ങളോടും നമുക്കുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതും സാമൂഹ്യ നീതിക്കായുള്ള അന്വേഷണവും, ദുരിതം അസമത്വം പുറന്തള്ളല്‍ എന്നിവയ്ക്ക് ജനന്മമേകുന്ന അനീതിയുടെതായ ഒരു സംവിധാനത്തെ കീഴടക്കലും സ്ഥായിയായ ഒരു വികസനത്തെ താങ്ങിനിറുത്താന്‍ കഴിവുറ്റ പരസ്ഥിതിവിജ്ഞാനപരമായ മാറ്റത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കാലാവസ്ഥമാറ്റം, അതിന്‍റെ പരിണിതഫലമായ സാമൂഹ്യപ്രശ്നങ്ങളും ഉളവാക്കുന്ന പ്രതിസന്ധികളെ നേരിടുന്നതിനായി ഒരു സാസ്കാരിക മാതൃക സൃഷ്ടിക്കുകയെന്ന ദൗത്യം  രാഷ്ട്രീയ-സാമ്പത്തിക-സിദ്ധാന്തപരങ്ങളായ താല്പര്യങ്ങളില്‍ നിന്ന് വിമുക്തരായ ശാസ്ത്രജ്ഞന്മാരില്‍ നിക്ഷിപ്തമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പൊതുവായ കാര്യങ്ങളിലും അതുപോലെതന്നെ, ജലം, ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷിതത്വം എന്നീ വിഷയങ്ങളില്‍ പ്രത്യേകിച്ചും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന ഒരു നേതൃത്വത്തിനു രൂപം നല്കാനും ശാസ്ത്രസമൂഹം വിളിക്കപ്പെട്ടിരിക്കുന്നവെന്ന് പാപ്പാ പറഞ്ഞു.

രാഷ്ട്രീയം, സര്‍വ്വോപരി, ലാഭത്തില്‍ മാത്രം കണ്ണുവയ്ക്കുന്നതായ സാങ്കേതികവിദ്യയ്ക്കും സാമ്പത്തികവ്യവസ്ഥയ്ക്കും വിധേയത്വം പ്രഖ്യാപിക്കുന്നത് ആഗോള പരിസ്ഥിതി ഉടമ്പടികള്‍ നടപ്പിലാക്കുന്നതിലുള്ള അശ്രദ്ധയിലും, അതുപോലെതന്നെ, ന്യായമായ അവകാശങ്ങളു‌ടെ പൊയ്മുഖമണിഞ്ഞ് നടത്തപ്പെടുന്ന ആധിപത്യപരമായ യുദ്ധങ്ങളിലും ഉദാസീനതയിലും പ്രകടമാണെന്നും അത് പരിസ്ഥിതിയ്ക്കും ജനതകളുടെ ധാര്‍മ്മിക-സാസ്കാരിക സമ്പന്നതയ്ക്കും വലിയ ഹാനിയാണ് വരുത്തുന്നതെന്നും പാപ്പാ കുറ്റപ്പെടുത്തുന്നു.

ഇത്തരം അവസ്ഥയുണ്ടെങ്കിലും നാം പ്രത്യാശ വെടിയരുതെന്നും, നമുക്ക് ദൈവം നല്കിയരിക്കുന്ന സമയം ഉപയോഗപ്പെടുത്തണമെന്നും പാപ്പാ പ്രചോദനം പകരുന്നു.