News >> കാരുണ്യം അനുദിനജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടണം


Source: Vatican Radio

കാരുണ്യം വിശ്വാസികളുടെ പ്രതിബദ്ധതയും സ്ഥിര ജീവിതശൈലിയും ആയിത്തീരുന്നതിന് അത് അനുദിനജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടണമെന്ന് മാര്‍പ്പാപ്പാ.

2015 ഡിസമ്പര്‍ 8 മുതല്‍ 2016 നവമ്പര്‍ 20 വരെ ആഗോളസഭയില്‍ കരുണയുടെ അസാധാരണജൂബിലിയാചരണത്തിന് നേതൃത്വമേകുകയും സഹകരിക്കുകയും ചെയ്തവരടങ്ങിയ നാനൂറോളം പേരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (28/11/16) വത്തിക്കാനില്‍ സ്വീകരിച്ച് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

"നിനക്ക് കാരുണ്യം ലഭിക്കണമെങ്കില്‍ നീ കാരുണ്യമുള്ളവനായിരിക്കുക" എന്ന വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകള്‍ തദ്ദവസരത്തില്‍ അുസ്മരിച്ച പാപ്പാ ഈ വാക്കുകള്‍ നമുക്കെല്ലാവര്‍ക്കും സാന്ത്വനദായകമാണ് എന്ന് പറഞ്ഞു.

കരുണയുടെ ജൂബിലിയാചരണത്തിന് നേതൃത്വം വഹിച്ച നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല, ഇറ്റലിയുടെ ആഭ്യന്തര മന്ത്രി, ഇറ്റലിയുടെ പോലീസ് വിഭാഗത്തിന്‍റെ തലവന്‍ വത്തിക്കാന്‍റെ സുരക്ഷാവിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങിയ വിവധ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവസമൂഹങ്ങള്‍ ഇത്രയേറെ വിശ്വാസത്തോടും ആനന്ദത്തോടും കൂടെ ആഘോഷിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാക്കി കരുണയുടെ ജൂബിലയെ കര്‍ത്താവു മാറ്റും എന്ന് താന്‍ കരുതിയിരുന്നില്ലയെന്നു പറഞ്ഞ പാപ്പാ  കരുണയുടെ ജൂബിലിയാചരണത്തിനായി യത്നിച്ച എല്ലാവര്‍ക്കും  കര്‍ത്താവ് കാരുണ്യാനുഭവം പകര്‍ന്നുകൊണ്ട് പ്രതിഫലമേകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.