News >> ഫാദര്‍ പീറ്റര്‍ കോള്‍വെന്‍ ബാക്കിന് പാപ്പായുടെ ആദരാഞ്ജലി


Source: Vatican Radio

ഈശോസഭയുടെ മുന്‍ സുപ്പീരിയര്‍ ജനറലായ വൈദികന്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ ബാക്കിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ക്രിസ്തുവിനോടും അവിടത്തെ സുവിശേഷത്തോടും അദ്ദേഹം പുലര്‍ത്തിയ വിശ്വസ്തത സ്വന്തം കടമ സഭയുടെ നന്മയ്ക്കായി സേവനചൈതന്യത്തോ‌ടുകൂടി നിര്‍വ്വഹക്കുന്നതില്‍ സമന്വയിച്ചുവെന്ന് പാപ്പാ ഈശോസഭയുടെ ഇപ്പോഴത്തെ പൊതുശ്രേഷ്ഠന്‍ ഫാദര്‍ അര്‍തൂറൊ സോസ ബാസ്ക്കലിനയച്ച അനുശോചനസന്ദേശത്തില്‍ അനുസ്മരിക്കുകയും പരേതന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഹോളണ്ടിലെ ഡ്രൂട്ടെനില്‍ 1928 നവമ്പര്‍ 30ന് ജനിച്ച ഫാദര്‍ പീറ്റര്‍ ഹാന്‍സ്  കോള്‍വെന്‍ ബാക്കിന് ശനിയാഴ്ച (26/11/16) ലെബനന്‍റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

1983 മുതല്‍ 2008 വരെ ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരുന്ന അദ്ദേഹത്തിന് 88 വയസായിരുന്നു പ്രായം.