News >> ഇനിയൊരു യുദ്ധം ജലത്തിനുവേണ്ടിയോ? യുഎന്നില്‍ വത്തിക്കാന്‍റെ നിരീക്ഷണം


Source: Vatican Radio

പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധസിംഹാസനത്തിന്‍റെ യു.എന്നിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണര്‍ദീത്തോ ഔസായാണ് ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നവംബര്‍ 22-Ɔ൦ തിയതി ചൊവ്വാഴ്ച നടന്ന സുരക്ഷാകൗണ്‍സിലിന്‍റെ ചര്‍ച്ചാസംഗമത്തിലായിരുന്നു വത്തിക്കാന്‍ ഈ അഭിപ്രായം ഉന്നയിച്ചത്.

ജലദൗര്‍ലഭ്യം ലാഘവത്തോടെ കാണേണ്ട പ്രശ്നമല്ല. ജലം, പ്രത്യേകിച്ച് ശുദ്ധജലം ഇന്ന് സുലഭമല്ല. നല്ലജലം അത്ര എളുപ്പത്തില്‍ കിട്ടുന്നുമില്ല. ലോകത്ത് എവിടെയും ജലദൗര്‍ബല്യം അനുഭവപ്പെടുന്നുണ്ട്. ജലത്തിനായുള്ള യുദ്ധങ്ങള്‍ ചെറിയ തോതില്‍ അങ്ങുമിങ്ങും സമൂഹങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും നടക്കുന്നുമുണ്ട്. ആര്‍ച്ചുബിഷപ്പ് ഓസാ ചൂണ്ടിക്കാട്ടി.

ശുദ്ധജലവും കുടിവെള്ളവും മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി നില്കെ, അത് ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ പരിശോധിച്ച് പരിഹാരങ്ങള്‍ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ട്. ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. ഉപയോഗംകൊണ്ട് അത് ഒരിക്കലും തീര്‍ന്നുപോകുന്നില്ല, വറ്റിപ്പോകുന്നില്ല. അതുകൊണ്ട് ജലദൗര്‍ബല്യം എന്നു പറയുന്നത് വിരോധാഭാസമാണ്. വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്പെട്ടു.

മനുഷ്യര്‍ തന്നെയാണ് ജലമലിനീകരണത്തിന്‍റെയും, ജലസ്രോതസ്സുകളുടെ നശീകരണത്തിന്‍റെയും കാരണക്കാര്‍. ഖനനം, വ്യവസായം, അശ്രദ്ധമായ മാലിന്യനിക്ഷേപം, വന്‍കൃഷിയിടങ്ങളു‌ടെ നിര്‍മ്മിതി, അമിതമായ രാസവളങ്ങളുടെ പ്രയോഗം എന്നിവ ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ജല സ്രോതുസ്സുക്കള്‍ പ്രകൃതിദത്തമായി കുറവുള്ള ഭൂപ്രദേശങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍  വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, മരുവത്ക്കരണം, വനനശീകരണം, മലകളുടെ വെട്ടിനിരത്തല്‍ എന്നിവ അവിടങ്ങളിലെ ജലസ്രോതസ്സുക്കളെ നശിപ്പിക്കുകയും, ഭൂഗര്‍ഭത്തില്‍ ഉള്ള ജലശേഖരങ്ങളെപ്പോലും മലീമസമാക്കുപ്പെടുന്നുണ്ട്. ലോകത്ത് അധികമുള്ള പാവങ്ങളായ ജനങ്ങള്‍ മലിനജലം ഉപയോഗിക്കേണ്ടിവരുന്നതുകൊണ്ട്, അവര്‍ നിരന്തരമായി പകര്‍ച്ചവ്യാധികളുടെയും അത്യപൂര്‍വ്വരോഗങ്ങളുടെയും പെടുമരണത്തിന്‍റെയും പിടിയിലാണ്, വിശിഷ്യാ കുട്ടികള്‍!

അങ്ങനെ ജലസ്രോതുസ്സുക്കളുടെ 'മരണം' ആഗോളസുരക്ഷയെ വിവിധ തരത്തിലും തലത്തിലും ബാധിക്കുന്നുണ്ട്. "ലോകത്ത് ജലത്തിനുവേണ്ടിയുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത വിദൂരത്തല്ല!" പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ രാഷ്ട്രപ്രതിനിധികളുടെ സമ്മേളനത്തിന് ആര്‍ച്ചുബിഷപ്പ് ഔസാ താക്കീതുനല്കി.

ജലവും അതിന്‍റെ സ്രോതസ്സുക്കളും സ്വകാര്യവത്ക്കരിച്ച്, വിപണിയില്‍ വിലനിര്‍ണ്ണയിക്കുകയും ലാഭംകൊയ്യുകയുംചെയ്യുന്ന കമ്പോളവത്ക്കരണവും, സാമ്പത്തിക നേട്ടമുണ്ടാക്കുന്ന മറ്റു രീതികളും ലോകത്തു വളര്‍ന്നുവരുന്നുണ്ട്. ഇത് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധപതിക്കേണ്ട് ആഗോളസുരക്ഷയെ സംബന്ധിച്ച പ്രതിഭാസമാണ്. ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.