News >> പാപ്പായുടെ പ്രതിവാര പൊതൂകൂടിക്കാഴ്ചാ പരിപാടി(30 November)
Source: Vatican Radioറോമില്‍ ശൈത്യം പിടിമുറുക്കിയിരിക്ക യാണെങ്കിലും ഈ ബുധനാഴ്ചയും (30/11/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശന പരിപാടിയുടെ വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു ഈ ആഴ്ചയും. ശാലയില്‍ പ്രവേശിച്ച പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു
"സഹോദരരേ, കാണാത്തതിനെയാണ് നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സിഥിരതയോടെ കാത്തിരിക്കും. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്‍റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നത്". പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനം, അദ്ധ്യായം 8, 25 മുതല്‍ 27 വരെ വാക്യങ്ങള്‍.ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ കാരുണ്യപ്രവൃത്തികളെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍ അവസാനത്തെതായ പ്രഭാഷണം നടത്തി. പാപ്പാ എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ ആരംഭിച്ച പരിചിന്തനത്തിന്‍റെ സംഗ്രഹം താഴെ ചേര്‍ക്കുന്നു:കാരുണ്യത്തെ അധികരിച്ചുള്ള പ്രബോധന പരമ്പര ഇന്നു സമാപിക്കുകയാണ്. കരുണ തുടരണം, അല്ലേ, പ്രബോധനങ്ങളാണ് അവസാനിക്കുന്നത്. സകലത്തിനും നമുക്ക് കര്‍ത്താവിന് നന്ദി പ്രകാശിപ്പിക്കുകയും അവ സാന്ത്വനവും സന്തോഷവുമായി ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യാം.ജീവിച്ചിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആദ്ധ്യാത്മിക കാരുണ്യ പ്രവൃത്തികളില്‍ അവസാനത്തേത് നമ്മോടാവശ്യപ്പെടുന്നു. ശാരീരിക കാരുണ്യപ്രവൃത്തികളില്‍ അവസാനത്തേത് ഇതിനോട് ചേര്‍ന്നു പോകുന്നതാണ്. അതായത്, അത് മൃതരെ അടക്കംചെയ്യാന്‍ നമ്മോടാവശ്യപ്പെടുന്നു. ഇത് വിചിത്രമായ ഒരരാവശ്യമായി തോന്നാം. എന്നാല്‍ യുദ്ധത്തിന്‍റെ പ്രഹരമേല്ക്കുകയും രാപകല്‍ ഭീതിവിതയ്ക്കുന്നതും നിരപരാധികളുടെ ജീവനെടുക്കുന്നതുമായ ബോംബുസ്ഫോടനങ്ങള്‍ നടക്കുകയും ചെയ്യുന്ന ലോകത്തിലെ ചിലയിടങ്ങളില്‍ ഈ പ്രവൃത്തി, ഖേദകരമെന്നു പറയട്ടെ, ഇന്ന് ആവശ്യമായിരിക്കുന്നു. മരിച്ചവരെ അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം തോബിത്തിന്‍റെ പുസ്തകം ഒന്നാം അദ്ധ്യായത്തില്‍ ഉണ്ട്. രാജാവിന്‍റെ നിരോധനാജ്ഞയുണ്ടായിട്ടും വൃദ്ധനായ തോബിത് ജീവന്‍ പോലും അപകടപ്പെടുത്തി മൃതരെ സംസ്ക്കരിച്ചിരുന്നു. യുദ്ധങ്ങള്‍ക്കിരകളായ പാവപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് ജീവന്‍ അപകടപ്പെടുത്തേണ്ട അവസ്ഥ ഇന്നുമുണ്ട്. ആകയാല്‍ നമ്മുടെ അനുദിനജീവിതത്തില്‍ നിന്ന് അകന്നു നില്ക്കുന്നതല്ല ഈ ശാരീരിക കാരുണ്യ പ്രവൃത്തി. ദു:ഖവെള്ളിയാഴ്ച, യേശുവിന്‍റെ കുരിശിന്‍റെ ചാരെ യോഹന്നാനോടും ഏതാനും സ്ത്രീകളോടുമൊപ്പം കന്യാകാമറിയവും നല്ക്കവേ നടന്ന സംഭവം ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (മത്തായി,27,57-60). ന്യായധിപസംഘത്തിലെ അംഗമായിരുന്നവനും പിന്നീട് യേശുവിന്‍റെ ശിഷ്യനായിത്തീര്‍ന്നവനുമായ ധനികന്‍, അരിമത്തിയക്കാരന്‍ ജോസഫ് യേശുവിന്‍റെ മരണാനന്തരം, അവിടെ എത്തുകയും പാറയില്‍ വെട്ടിയുണ്ടാക്കിയ പുതിയ കല്ലറ അവിടത്തെ സംസ്ക്കരിക്കുന്നതിനായി നല്കുകയും ചെയ്യുന്നു. അരിമത്തിയക്കാരന്‍ ജോസഫ് പീലാത്തോസിന്‍റെയടുത്ത് നേരിട്ടു ചെല്ലുകയും യേശുവിന്‍റെ ശരീരം വിട്ടു തരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് വലിയ ധീരതയോടെ ചെയ്ത ഒരു കാരുണ്യപ്രവൃത്തിയാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ശവസംസ്ക്കാരം കരുണയുടെയും മഹാവിശ്വാസത്തിന്‍റെയും ഒരു പ്രവൃത്തിയാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ ശരീരങ്ങള്‍ നാം കല്ലറയില്‍ വയ്ക്കുന്നത് അവര്‍ പുനരുത്ഥാനം ചെയ്യും എന്ന വിശ്വാസത്തോടുകൂടിയാണ്. ഇത് വളരെ ആഴത്തില്‍ മനസ്സില്‍ പതിയുന്നതും വികാരനിര്‍ഭരവുമായ ഒരു കര്‍മ്മമാണ്. പരേതരെ ഓര്‍ക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നവമ്പര്‍ മാസത്തില്‍ ഇതിന് ഒരു പ്രത്യേക പ്രസക്തിയുണ്ട്.മരണമടഞ്ഞവര്‍ക്കായി പ്രാര്‍ത്ഥിക്കുകയെന്നത്, സര്‍വ്വോപരി, പരേതര്‍ നമുക്കേകിയ സാക്ഷ്യവും അവര്‍ പ്രവര്‍ത്തിച്ച നന്മയും നാം തിരിച്ചറിയുന്നതിന്‍റെ അടയാളമാണ്. അവരെ നമുക്കു സമ്മാനിച്ചതിനും അവരുടെ സ്നേഹത്തിനും സൗഹൃദത്തിനും കര്‍ത്താവിനുള്ള നന്ദിപ്രകടനവുമാണത്. മരണമടഞ്ഞവര്‍ക്കുവേണ്ടി സഭ ദിവ്യബലിയില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.പരേതസ്മരണ, ജീവിതത്തിലെ പരീക്ഷണങ്ങള്‍ അനുദിനം നമ്മോടൊപ്പം നേരിടുന്ന, ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് മറന്നുപോകാന്‍ ഇടയാക്കരുത്. പുണ്യവാന്മാരുടെ ഐക്യത്തില്‍ ഞാന്‍ വിശ്വാസിക്കുന്നു എന്ന വിശ്വാസ പ്രഖ്യാപന വാക്യത്തിന്‍റെ വെളിച്ചത്തില്‍ വീക്ഷിക്കമ്പോള്‍ ഈ പ്രാര്‍ത്ഥനയുടെ ആവശ്യകത പൂര്‍വ്വോപരി തെളിയുന്നു.... നാം ഏക കുടുംബത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു. ആകയാല്‍ നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം.അയല്‍ക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിഭിന്നങ്ങളായ എത്രോ മാര്‍ഗ്ഗങ്ങളുണ്ട്. ഹൃദയപൂര്‍വ്വം ചെയ്യുകയാണെങ്കില്‍ അവയെല്ലാം മൂല്യമുള്ളതും ദൈവത്തിന് സ്വീകാര്യങ്ങളുമാണ്.... എന്നാല്‍ പൗലോസപ്പസ്തോലന്‍ പറയുന്നതു പോലെ, ചിലപ്പോഴൊക്കെ "
വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു". പരിശുദ്ധാരൂപിയാണ് നമ്മുടെ ഉള്ളില്‍ പ്രാര്‍ത്ഥിക്കുന്നത്.പരിശുദ്ധാരൂപി നമ്മില്‍, നമ്മൊടൊത്ത്, നമുക്കായി പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി നമുക്ക് നമ്മുടെ ഹൃദയം ഈ ആത്മാവിനായി സദാ തുറന്നിടാം.ശാരീരികവും ആദ്ധ്യാത്മികവുമായ കാരുണ്യപ്രവൃത്തികള്‍ നമ്മുടെ ജീവിതശൈലിയായി മാറുന്നതിനുവേണ്ടി നമുക്കു പരസ്പരം പ്രാര്‍ത്ഥിക്കാന്‍ പരിശ്രമിക്കാം. കാരുണ്യത്തെക്കുറിച്ചുള്ള പ്രബോധന പരമ്പര, ഞാന്‍ തുടക്കത്തില്‍ പറഞ്ഞതു പോലെ ഇവിടെ അവസാനിക്കുന്നു. നമ്മള്‍ 14 കാരുണ്യപ്രവര്‍ത്തികളെക്കുറിച്ചു ധ്യാനിച്ചു. കാരുണ്യപ്രവൃത്തികള്‍ തുടരുന്നു. നാം അവ 14 രീതികളില്‍ ചെയ്യണം. നന്ദി.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ വിശുദ്ധ പത്രോസിന്‍റെ സഹോദരനായ അന്ത്രയോസിന്‍റെ തിരുന്നാള്‍ നവമ്പര്‍ 30 ന് അനുവര്‍ഷം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. വിശുദ്ധ അന്ത്രയോസ് കോണ്‍സ്റ്റന്‍റിനോപ്പിളിലെ സഭയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാകയാല്‍ ഫ്രാന്‍സീസ് പാപ്പാ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലോമെയൊ ഒന്നാമനും ആ സഭയ്ക്കും ആശംസകള്‍ നേരുകയും ചെയ്തു.പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.