News >> 600 മൈൽ നടത്തി പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരെക്കുറിച്ച്

Source: Sunday Shalom


വത്തിക്കാൻ സിറ്റി: ലോകപ്രസിദ്ധ ഹോളിവുഡ് സിനിമ സംവിധായകരിൽ ഒരാളായ മാർട്ടിൻ സ്‌കോർസീ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സ്‌കോർസീയുടെ പുതിയ സിനിമ സൈലൻസ് പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് റോമിൽ നടന്ന ഔദ്യോഗിക പ്രിവ്യൂവിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിലുണ്ടായ ക്രൈസ്തവ പീഢനത്തിന്റെ കഥ പറയുന്ന ചിത്രമാണ് സൈലൻസ്. ഡിസംബർ മാസത്തിൽ പുറത്തിറങ്ങുന്ന ചിത്രം ക്രൈസ്തവ, സഭാനേതൃത്വ മേഖലകളിൽ ഇതിനോടകം വലിയ ചർച്ചയായിരുന്നു. അക്കാലഘട്ടത്തിൽ തങ്ങളുടെ ആത്മീയപിതാവിനെ തേടി ജപ്പാനിലെത്തുന്ന രണ്ട് ഈശോസഭാ വൈദികരാണ് കഥയുടെ കേന്ദ്ര കഥാപാത്രങ്ങൾ. ലിയം നീസണാണ് ഈ ആത്മീയപിതാവിന്റെ റോളിൽ അഭിനയിക്കുക.

സ്‌കോർസീയും ഭാര്യയും രണ്ടുമക്കളും ഒരുമിച്ചാണ് പാപ്പയെ കണ്ടത്. സിനിമയുടെ നിർമ്മാതാവും ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മോൺസിഞ്ഞോർ എഡോവാർഡോ വിഗാനോ കൂടെയുണ്ടായിരുന്നു. 1966 ൽ പുറത്തിറങ്ങിയ ജാപ്പനീസ് നോവലായ സൈലൻസ് ആണ് സിനിമ അവലംബിച്ചിരിക്കുന്നത്. സംസാരത്തിൽ ആ നോവൽ വായിച്ച ഓർമ്മ പാപ്പ പങ്കുവയ്ക്കുകയും ചെയ്തു.

ഈശോ സഭാ വൈദികർ ജപ്പാനിൽ അതിക്രൂരമായ പീഢനങ്ങളിലൂടെ കടന്നുപോയതിനെയും പാപ്പ അനുസ്മരിച്ചു. 1597 ൽ 26 രക്തസാക്ഷികൾ എന്ന് ഇന്നും അറിയപ്പെടുന്ന ഒരു വലിയ മിഷനറീ സമൂഹം അവിടെ വധിക്കപ്പെട്ടിരുന്നു. നിഷിസാക്ക മലയുടെ മുകളിൽ അവരുടെ പേരിൽ വലിയൊരു മ്യൂസിയവും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ജാപ്പനീസ് കലാകാരൻ വരച്ച വ്യത്യസ്തതയുള്ള ഒരു ചിത്രം സ്‌കോർസീ പാപ്പയ്ക്ക് സമ്മാനമായി നൽകി. തിരികെ എല്ലാവർക്കും ഫ്രാൻസിസ് പാപ്പ ജപമാലകളും നൽകി. ഹോളിവുഡിൽനിന്ന് വന്ന് പാപ്പയെ സന്ദർശിച്ചവരിൽ ആഞ്ചലീന ജൂലിയും, ലെയോനാർഡോ ഡി കാപ്രിയോയും ഉൾപ്പെടുന്നുണ്ട്. ലൗദാത്തോ സീ അപ്പസ്‌തോലിക പ്രമാണരേഖയുടെ പ്രകാശനത്തോടനുബന്ധിച്ചായിരുന്നു അവർ സന്ദർശനം നടത്തിയത്.

സൈലൻസ് സിനിമയുടെ ഒരു റിവ്യൂ നവംബർ 29 ന് റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിലും, മറ്റൊന്ന് വത്തിക്കാനിലെ ഫിലിമോതെക്കയിലും നടത്തിയിരുന്നു.

നല്ലൊരു കത്തോലിക്കാ വിശ്വാസിയും പഴയ ഒരു സെമിനാരി വിദ്യാർത്ഥിയുമായിരുന്ന സ്‌കോർസീ മുൻപും ക്രൈസ്തവ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിലെ വളരെയധികം പരാതികളുയർന്ന ദ ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റും ഉൾപ്പെടുന്നു. മദർ അഞ്ചലീക്കയും ധാരാളം പിതാക്കന്മാരും വിശ്വാസികളും ഇതിനെതിരെ രംഗത്തുവന്നിരുന്നു. സിനിമാ നിർമ്മാണ രംഗത്തുതന്നെ വലിയ തിരിച്ചടികൾ നേരിട്ട ഒന്നായിരുന്നു ഇത്. ആ പ്രശ്‌നങ്ങളിൽനിന്ന് തിരികെ വരാനുള്ള ഒരു ശ്രമം കൂടിയാണ് സ്‌കോർസീ ഈ സിനിമയിൽ നടത്തുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ മാർക്കറ്റ് പാടേ കുറഞ്ഞുപോയ സാഹചര്യത്തെ അതിജീവിക്കാനുള്ള ശ്രമം കൂടിയായിരുന്നു വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ.

പതിനാറാം നൂറ്റാണ്ടിലാണ് ക്രൈസ്തവവിശ്വാസം ജപ്പാനിലെത്തുന്നത്. ഈശോസഭാ മിഷനറിയായിരുന്ന ഫ്രാൻസിസ് സേവ്യറുടെ പ്രവർത്തനഫലമായിട്ടായിരുന്നു ഇത്. 1587 ൽ ഔദ്യോഗിക രേഖകളനുസരിച്ച് രണ്ടുലക്ഷത്തിലധികം ക്രിസ്ത്യാനികൾ ജപ്പാനിലുണ്ടായിരുന്നു. പിന്നീട് വലിയ മതമർദ്ദനമുണ്ടായി. ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മിഷനറിമാർ ഒളിവിൽ പോകേണ്ടി വരികയും ചെയ്തു. എന്നാൽ ക്രൈസ്തവർ അധികമായി വർധിക്കുകയാണുണ്ടായത്.

1593 ൽ ഫ്രാൻസിസ്‌കൻ മിഷനറിമാർ അവിടെയെത്തി. സ്പാനീഷ് രാജാവ് ഫിലിപ് രണ്ടാമന്റെ പിന്തുണയോടെ ഫിലിപ്പിയൻസിൽ നിന്നാണ് അവർ എത്തിയത്. എന്നാൽ മിഷനറിമാരുടെ കപ്പലിൽ ആയുധങ്ങളെത്തിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചതോടെ മിഷനറിമാരുടെ ജീവിതം വലിയ ദുരിതമായി. ഇത്തരമൊരു കപ്പൽ കണ്ടെത്തിയപ്പോൾ, ഒന്നും അറിയാതിരുന്ന 26 മിഷനറിമാർ വധിക്കപ്പെട്ടു. രണ്ട് ഈശോസഭാവൈദികരും, ആറ് ഫ്രാൻസിസ്‌കൻ സന്യാസികളും കുട്ടികളടക്കം മറ്റുള്ളവരും ഉൾപ്പെടുന്നതായിരുന്നു ഗ്രൂപ്പ്. കുരിശിൽ തൂക്കി കൊല്ലപ്പെടാൻ വിധിക്കപ്പെട്ട അവരെ നാഗസാക്കി നഗരത്തിൽ വരെ 600 മൈൽ നടത്തിയത് അതിക്രൂരമായ പീഢനമായിരുന്നു. യാത്രയിൽ മറ്റ് മിഷനറിമാർക്ക് മാതൃക നൽകാനെന്നും പറഞ്ഞ് അതിക്രൂരമായ പീഢനങ്ങൾ തെരുവിൽ അരങ്ങേറി.

മരണമലയിലേക്ക് ആനയിക്കപ്പെടുമ്പോൾ ദൈവസ്തുതികൾ ആലപിച്ച് അവർ കരുത്തോടെ നിന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി. പോൾ മിക്കി, ജോൺ ഓഫ് ഗോത്തോ, ജെയിംസ് കിസൈ എന്നീ വിശുദ്ധർ അവരിൽ ഉൾപ്പെടുന്നു. മിക്കി ഒരു വൈദിക വിദ്യാർത്ഥിയായിരുന്നു. ചിലർ സന്യാസ സഭയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നവരായിരുന്നു.

ജാപ്പനീസ് മിഷൻ ദൗത്യത്തിന്റെ ഒരു ചിത്രം സൈലൻസിന് പ്രേക്ഷകരിലെത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു.