News >> മാര്‍പാപ്പ റോമില്‍ തിരിച്ചെത്തി

റോം: ക്യൂബയിലും അമേരിക്കയിലും വിജയകരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ (28/9/2015) റോമില്‍ തിരിച്ചെത്തി. ചിയാന്‍പിനോയില്‍ വിമാനമിറങ്ങിയശേഷം സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ഥിച്ചു. പരിശുദ്ധ മാതാവിന്റെ രൂപത്തിനുമുന്നില്‍ പൂക്കളര്‍പ്പിച്ചശേഷമാണ് പാപ്പ വിശ്രമസ്ഥലത്തേക്കു പോയത്. എല്ലാ യാത്രകള്‍ക്കുമുമ്പും അതിനുശേഷവും പാപ്പാ ഈ ബസിലിക്കയിലെത്തി പ്രാര്‍ഥിക്കുന്നത് പതിവാണ്. 

വിമാനയാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മാര്‍പാപ്പാ മറുപടി നല്‍കി. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള പതിനൊന്ന് മാധ്യമപ്രവര്‍ത്തകരാണു വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നത്. രാഷ്ട്രീയം മുതല്‍ വ്യക്തിപരമായ വിഷയങ്ങള്‍വരെ പത്രപ്രവര്‍ത്തകര്‍ പാപ്പായോടു ചോദിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അവിടെ ലഭിച്ച പടുകൂറ്റന്‍ സ്വീകരണങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ ഹൃദ്യം, ആവേശകരം - ഒറ്റവാക്കില്‍ അനിര്‍വചനീയം എന്നായിരുന്നു മറുപടി. അമേരിക്കയില്‍ ഒരു താരമായി മാറിയല്ലോ, ഇത് സഭയ്ക്ക് എത്രമാത്രം ഗുണകരമാകുമെന്നാണ് പാപ്പ കരുതുന്നതെന്നു മറ്റൊരു ചോദ്യം. ഉത്തരം ഉടനെത്തി. അത് മീഡിയ ചാര്‍ത്തിയ വിശേഷണമാണ്. മാര്‍പാപ്പയെന്നാല്‍ ദാസന്മാരുടെ ദാസനാണ്. നമ്മള്‍ എത്രയോ താരങ്ങളെ കാണുന്നു. തിളങ്ങി നില്‍ക്കുന്നതും അല്പംകഴിഞ്ഞ് താഴെ പതിക്കുന്നതും. എന്നാല്‍ ദാസന്മാരുടെ ദാസനാകുക എന്ന ദൌത്യം നിര്‍വഹിക്കുമ്പോള്‍ അതിന് അവസാനമില്ല, തുടര്‍ച്ചയേയുള്ളു-മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 

യുഎസില്‍ ആറുദിവസത്തെ സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള പ്രധാന വേദികളില്‍ പ്രസംഗിച്ചു. കുടുംബഭദ്രത, രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം, അഭയാര്‍ഥികളോടുള്ള കരുതല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പ വ്യക്തമായ അഭിപ്രായം പ്രകടമാക്കി. 



Source: Deepika