News >> വിദേശവിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോടു ധാര്‍മ്മിക ഉത്തരവാദിത്ത്വമുണ്ട്
Source: Vatican Radioപഠനത്തിനായി വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തോടൊരു ധാര്‍മ്മിക ഉത്തരവാദിത്ത്വമുണ്ട്. പാപ്പാ ഫ്രാന്‍സിസാണ് ഇക്കാര്യം എടുത്തുപറഞ്ഞത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളുടെ അജപാലന ശുശ്രൂഷയെ സംബന്ധിച്ച് റോമില്‍ നവംബര്‍ 30-ന് സംഗമിച്ച 4-Ɔമത് രാജ്യാന്തര സംഗമത്തെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ പാപ്പാ അഭിസംബോധനചെയ്തു. വിപ്രവാസികളായ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും, അവരുടെ ശുശ്രൂഷകരുടെ സംഘവുമായി 150-പേരാണ് പാപ്പായെ കാണാന്‍ എത്തിയത്.പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് കോണ്‍ഗ്രസ്സിന്‍റെ സംഘാടകര്‍. പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പാപ്പായ്ക്ക് സ്വാഗതം പറഞ്ഞു. പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:
- മൂല്യങ്ങള്‍ മാനിച്ചു ജീവിക്കുക:
പഠിക്കുന്നത് എവിടെയായിരുന്നാലും, ആയിരിക്കുന്ന സമൂഹത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളോട് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. സമൂഹത്തിന്‍റെ ധാര്‍മ്മിക നിലവാരം നിലനിര്‍ത്താന്‍ പരിശ്രമിച്ചുകൊണ്ടാണ് അവര്‍ ഭാവി കരുപ്പിടിപ്പിക്കേണ്ടത്. ഇന്നിന്‍റെ ധാര്‍മ്മിക വെല്ലുവിളികള്‍ നിരവധിയാണ്. ഉപരിപ്ലവവും, മാധ്യമ ബഹുലവുമായ ഇന്നിന്‍റെ ലോകത്ത് സത്യവും മൂല്യവും നിജപ്പെടുത്തക ഏറെ ക്ലേശകരമാണ്. അതിനാല്‍ ദൈവത്തിന്‍റെ സഹായത്തോടും വ്യക്തിഗത ബോധ്യത്തോടുംകൂടി മാത്രമേ മാനവികതയുടെ നന്മയ്ക്കായി വിദ്യാഭ്യാസത്തിന്‍റെ മേന്മയും അറിവും ഉപയോഗപ്പെടുത്താനാവൂ! വിദ്യാര്‍ത്ഥികളുടെ അന്യനാടുകളിലെ സാന്നിദ്ധ്യം പ്രത്യാശപൂര്‍ണ്ണമാണ്. കാരണം ഭീതിയില്ലാതെ വെല്ലുവിളികളെ നേരിടാനും, വിദ്യാഭ്യമേഖലയില്‍ മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കുവാനും, വളര്‍ച്ച പ്രാപിക്കുവാനും തയ്യാറായി ഇറങ്ങി തിരിച്ചവരാണ് യുവജനങ്ങള്‍. പ്രതിസന്ധികളില്‍ പതറരുത്. നിരാശരാകരുത്. നന്മയുടെ വിളിക്ക് കാതോര്‍ക്കുന്നവരെ ദൈവാരൂപി നയിക്കും!
- ചെന്നിടങ്ങളില്‍ ഇണങ്ങിച്ചേരുക:
മാത്സര്യത്തിന്‍റെ നവമായ വിദ്യാഭ്യാസരീതിയില്‍ ബൗദ്ധികകഴിവിന്‍റെ നേട്ടങ്ങളിലൂടെ വ്യക്തിമാഹാത്മ്യവും അംഗീകാരവും വാരിക്കൂട്ടുകയാണ് ഇന്നിന്‍റെ ശൈലി. അതിനാല്‍ അടുത്തുള്ളവരെയും കഴിവുള്ളവരെയും പരിഗണിക്കണമെന്നതും ഇന്നിന്‍റെ രീതയല്ലാതായി മാറിയിട്ടുണ്ട്. പൊതുനന്മയ്ക്കും സമാധാനത്തിനുമായുള്ള ബൗദ്ധിക രീതികളെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ഇന്ന് സമൂഹത്തിലുണ്ട്.ബൗദ്ധികമായ കഴിവ് ഉപയോഗിച്ച് വളരുന്നവര്‍ അത് സമൂഹത്തിന്‍റെ സമഗ്രപുരോഗതിക്കും നന്മയ്ക്കുമായും ഉപയോഗിക്കണം. സമഗ്രപുരോഗതിയുടെ മാര്‍ഗ്ഗം അറിവിന്‍റേതാണ്. അറിവു തേടിയും നേടിയും അന്യരാജ്യങ്ങളില്‍നിന്നും എത്തുന്നവര്‍, ആയിരിക്കുന്ന നാടിന്‍റെ സംസ്ക്കാരവും ഭാഷയും രീതികളും പാരമ്പര്യങ്ങളും അറിയേണ്ടിയിരിക്കുന്നു. ലോകത്തെ നവമായും ഭീതിയില്ലാതെയും കാണാനുള്ള തുറവ് ഇന്ന് ആവശ്യമാണ്. ഈ കാഴ്ചപ്പാടില്‍ മാത്രമേ, കുടിയേറുന്നവരെയും, മാറുന്ന ലോകത്തെയും ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കൂ!ജീവിതത്തിന്‍റെ വ്യത്യസ്ത ചുറ്റുപാടുകളില്‍ മറ്റുള്ളവരുമായി ഇഴുകിച്ചേരാനും അവരെ ഉള്‍ക്കൊള്ളാനും കഴിവുള്ളവര്‍ക്ക് - അന്വോന്യം ഉള്‍ക്കൊള്ളുന്നവരും ഉള്‍ച്ചേരുന്നവരുമായി ജീവിക്കുവാന്‍ സാധിക്കും. ഒരു സ്ഥാലത്തെ സമൂഹികരീതികള്‍ മനസ്സിലാക്കിയും അതില്‍ മെച്ചപ്പെട്ടും നമ്മില്‍ ആത്മവിശ്വാസം വളര്‍ത്തി, ജീവിത ചക്രാവളങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഇടയാകുകയും, ഭാവിയെക്കുറിച്ചുള്ള വീക്ഷണം വികസിപ്പിച്ചെടുക്കാനും, ഒരുമിച്ച് നവമായൊരു ഭാവി കെട്ടിപ്പടുക്കാനും സാധിക്കട്ടെ!
- ആഗോളനിസ്സംഗതയെ മറികടക്കണം:
പരസ്പരാശ്രിതത്വമുള്ള വികസനവും, വിവിധ ശാസ്ത്രങ്ങളുടെ സമഗ്രതയുള്ള പുരോഗതിയും യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും, അതില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മനഃസ്സാക്ഷിയുടെ രൂപീകരണം ഐക്യാദാര്‍ഢ്യത്തിന്‍റെ വഴികളില്‍ നയിക്കേണ്ടതാണ് (EG, 134). വ്യക്തിഗതവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് അടിസ്ഥാനം മൂല്യങ്ങളായിരിക്കണം. യുവജനങ്ങള്‍ തങ്ങളുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ മൂല്യങ്ങളും സുവിശേഷ സന്തോഷവും പ്രസരിക്കുന്നവരായിരിക്കാന്‍ പരിശ്രമിക്കണം.വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നവമായൊരു പ്രതിഭാസമല്ല. ആഗോളീകരണം വര്‍ദ്ധിച്ച് മനുഷ്യര്‍ സ്ഥലകാല സമീകള്‍ക്ക് അപ്പുറമെത്തുന്നത് ഇന്നു സാധാരണമാണ് . അത് സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും സംഗമത്തിന് വേദിയൊരുക്കുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റപ്രകൃയയില്‍ പരസ്പര ബന്ധങ്ങളുടെ ജീവിതപരിസരങ്ങളില്‍ 'ആഗോളികൃതമായ നിസ്സംഗത'യും (Gloabalization of Indifference) വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് അപരന്‍റെ കണ്ണീരോടും ആവശ്യങ്ങളോടുമുള്ള നിസ്സംഗതയാണ്. സ്വന്തം നാടും വീടും വിട്ട്, സ്വന്തമായവരെയും പിരിഞ്ഞ് അന്യനാടുകളില്‍ വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപരനോട്, വിശിഷ്യാ ക്ലേശിക്കുന്നവരോടും പാവങ്ങളോടും പ്രതിബദ്ധയുള്ളവരായിരിക്കണം. പൊതുഭവനമായ ഭൂമിയില്‍ നാം മറ്റുള്ളവരോടു കരുതലുള്ളവരായിരിക്കണം. അങ്ങനെ ഇന്നു നമുക്ക് ഭൂമിയെ കൂടുതല്‍ മനുഷ്യത്വവും സമാധാനമുള്ള "നമ്മുടെ പൊതുഭവാന"മാക്കാന്‍ പരിശ്രമിക്കാം.