News >> ബാലകരെ സൈനികജോലിക്കു നിയോഗിക്കുന്ന തിന്മയില്ലാതാകുന്നതിന് പ്രാര്ഥിക്കാം


Source: Vatican Radio

പൊതുനിയോഗം

ബാലസൈനികസേവനം എന്ന തിന്മ ലോകത്തില്നിന്നു തുടച്ചുനീക്കപ്പെടുന്നതിന്

പ്രേഷിതനിയോഗം

യൂറോപ്യന് ജനത, ജീവിതത്തിനു ആനന്ദവും പ്രത്യാശയും നല്കുന്ന സുവിശേഷത്തിന്റെ  നന്മയും സത്യവും സൌന്ദര്യവും വീണ്ടും കണ്ടെത്തുന്നതിന്

ഡിസംബര്‍ മാസത്തിലെ പൊതുനിയോഗമായി പാപ്പാ നല്കിയിരിക്കുന്നത് കുട്ടികളെ സൈനികജോലിക്കുപയോഗിക്കുന്നു എന്ന തിന്മയെ ലോകത്തില്നിന്നു തുടച്ചുനീക്കുന്നതിനുള്ള ദൈവാനുഗ്രഹം നമുക്കു ലഭിക്കുന്നതിനായിട്ടാണ്. 

 ബാലസൈനികര് ആരാണ്?

സൈനികരാകുന്നതിനു നിര്ബന്ധിക്കപ്പെട്ട് ആ ജോലി ചെയ്യുന്ന പതിനെട്ടുവയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാലസൈനികര് എന്നു വിളിക്കുന്നത്. ഇവര് ആണ്കുട്ടികളും പെണ്കുട്ടികളുമാകാം. 18 വയസ്സിനുതാഴെ നാലുവയസ്സുള്ള കുട്ടികള് പോലും ഇത്തരം ജോലികള്ക്കായി നിര്ബന്ധിക്കപ്പെടുകയും ക്യാമ്പുകളില് എത്തിപ്പെടുകയും ചെയ്യുന്നു.

ഇതു വലിയ തിന്മയാണ്.  കുട്ടികളെ യുദ്ധത്തിനായി നിയോഗിക്കുന്നത് അവരുടെ സമ്മതത്തോടെയല്ല.  സംഘട്ടനങ്ങളിലും യുദ്ധങ്ങളിലും പങ്കെടുക്കാന് അവര് നിര്ബന്ധിക്കപ്പെടുകയാണ്. മാത്രമല്ല, അനേകതിന്മകള് ചെയ്യാനും അവര് നിര്ബന്ധിക്കപ്പെടുന്നു.  മറ്റുള്ളവരെ വധിക്കാന്, പീഡിപ്പിക്കാന്, കഠിനമായ മറ്റു പല പ്രവൃത്തികളും ചെയ്യാന് അവരെ ഭീഷണിപ്പെടുത്തി പ്രേരിപ്പിക്കുകയാണ്.  മറ്റു ചില കുട്ടികള്, യുദ്ധരംഗത്തുള്ളവര്ക്ക് ഭക്ഷണം പാകം ചെയ്യുക, സാധനങ്ങള് വഹിച്ചുകൊണ്ടു പോകുക, അപായകരമായ ഈ സാഹചര്യങ്ങളില് സന്ദേശവാഹകരാകുക, ചാരപ്രവൃത്തിക്കു നിയോഗിക്കപ്പെടുക ഇങ്ങനെ എന്തൊക്കെയാണോ മുതിര്ന്ന സൈനികര് അവരോട് ആവശ്യപ്പെടുന്നത് അതൊക്കെ ചെയ്യുക എന്നതിന് അവര് തങ്ങളുടെ ജീവന് അപകടത്തിലാക്കിക്കൊണ്ട്, അറിവോ സമ്മതമോ കൂടാതെ ഇത്തരം പ്രവൃത്തികള് ചെയ്യുന്നതിന് നിയോഗിക്കപ്പെടുകയാണ്. കൂടാതെ ലൈംഗികമായും അവര് ദുരുപയോഗിക്കപ്പെടുന്നു. മനുഷ്യജീവനെയോ അന്തസ്സിനെയോ മാനിക്കാത്ത ഈ നിര്ബന്ധിത ബാലസൈനികസേവനം തീര്ച്ചയായും മനുഷ്യാവകാശലംഘനമാണ്. വലിയ തിന്മയാണ്.  ഈ ഒരു തിന്മയെ തുടച്ചുമാറ്റുന്നതിന് ദൈവത്തിന്റെ അളവറ്റ കരുണയിലാശ്രയിക്കാനും അവിടുത്തെ ശക്തിയിലാശ്രയിച്ചു പ്രവര്ത്തിക്കാനുമുള്ള ആഹ്വാനവും കൂടിയാണ് ഈ പൊതുനിയോഗത്തിലൂടെ പാപ്പാ നല്കുന്നത്.

എന്തുകൊണ്ടാണ് കുട്ടികളെ സൈനികസേവനത്തിനുപയോഗിക്കുന്നത്.  സൈനികരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം ഇവിടെ ആവശ്യമില്ല എന്നു വരുന്നതെങ്ങനെ?  പ്രായം, പക്വത, ശാരീരിക ആരോഗ്യവും മറ്റു യോഗ്യതകളും, മാനസികവും ബൌദ്ധി കവുമായ മാനദണ്ഡങ്ങള് എല്ലാം കണക്കിലെടുത്തുകൊണ്ടാണ് സൈന്യത്തിലേക്കു ചെറുപ്പക്കാരെ റിക്രൂട്ടു ചെയ്യുന്നതെന്നു നമുക്കറിയാം.  പിന്നെ സൈനികസേവനത്തില് കുട്ടികള്ക്കെന്തു കാര്യം?  കാരണങ്ങള് പലതാണ്.  കുട്ടികള് തങ്ങളുടെ ആജ്ഞയ്ക്കു മുതിര്ന്നവരെക്കാള് വേഗം വഴങ്ങുന്നവരും കൈകാര്യം ചെയ്യാന് എളുപ്പമുള്ളവരുമാണ്.  അവരെ നിര്ബന്ധിച്ചും പേടിപ്പിച്ചും സൈനികരംഗത്തെ വിവിധ ജോലികള്ക്കായി നിയോഗിക്കാന് കഴിയും. 

സംഘട്ടനങ്ങളോ യുദ്ധങ്ങളോ മൂലം മാതാപിതാക്കളില്നിന്നോ രക്ഷിതാക്കളില്നിന്നോ വേര്പിരിയുന്ന കുട്ടികള് ധാരാളമുണ്ട്.  അവരെ ഏതു തരത്തിലും ചൂഷണം ചെയ്യാമെന്നത് അവരെ സൈന്യത്തിലേക്കെടുക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ്.

  മറ്റൊരു തെരഞ്ഞെടു പ്പിനു സാധ്യതയില്ലാത്തവിധം നിസ്സഹായരാകുന്ന കുട്ടികള് സ്വമനസ്സാ വന്നുചേരുന്നുമുണ്ട്. അഭയാര്ഥി ക്യാമ്പുകളിലുള്ള കുട്ടികള് ഇത്തരത്തില് സൈനികസേവനത്തിനു മുതിരുന്നത് സാധാരണമാണ്.

ദാരിദ്യം മറ്റൊരു കാരണമാണ്. അതുമൂലം വിദ്യാഭ്യാസം നേടുന്നതിനോ കുടുംബത്തിനു തുണയാ കുന്നതിനോ സാധിക്കാതെ വരുമ്പോള് കുടുംബത്തെ സഹായിക്കാന് വേണ്ടി അവര് സൈനിക സേവനത്തിനു മുന്നിട്ടിറങ്ങാറുണ്ട്.  മാതാപിതാക്കള്തന്നെ അവരെ അതിനായി അയയ്ക്കുന്ന അവസരങ്ങളുമുണ്ട്. ഇങ്ങനെ ചേര്ക്കപ്പെടുന്നവര് സൈന്യവിഭാഗത്തിലെ കാലാള്പ്പട വിഭാഗത്തിലേക്കായിരിക്കും അയയ്ക്കപ്പെടുക. മുതിര്ന്നവര് ചേരാന് മടിക്കുന്ന, സാങ്കേതികപരിജ്ഞാനമേറെ ഇല്ലെങ്കിലും ചേര്ക്കാന് കഴിയുന്ന, മറ്റേതൊരു സൈന്യവിഭാഗത്തിലെന്നതിനെക്കാള് അപകട, മരണസാഹചര്യങ്ങള് ഉള്ള ഈ വിഭാഗത്തിലേക്കു കുട്ടികളെ നിയോഗിക്കാം എന്നതും ഒരു കാരണമാണ്.

മിക്കവാറും രാജ്യങ്ങള് 18 വയസ്സിനു മുകളിലുള്ളവരെ റിക്രൂട്ടു ചെയ്യുമ്പോള് ചില രാജ്യങ്ങള് 18 വയസ്സിനുമുമ്പുതന്നെ സൈന്യത്തിലേക്കു ചേര്ക്കുന്നുണ്ട്.  കൃത്യമായ വിവരം ഇതിനെക്കുറിച്ചില്ലെങ്കിലും 2016-ലെ ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലിന്റെ റിപ്പോര്ട്ടനുസരിച്ച് ഏഴു രാജ്യങ്ങളിലെ ഗവണ്മെന്റുകളും, 51 രാജ്യേതര സൈനികഗ്രൂപ്പുകളും പതിനെട്ടു വയസ്സില് താഴെയുള്ളവരെ സൈന്യത്തിലേക്കു തെരഞ്ഞെടുക്കുന്നുണ്ട്. ഇറാക്കിലും സിറിയയിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, കോങ്ഗോ റിപ്പബ്ലിക്, മ്യാന്മര്, അഫ്ഗനാനിസ്ഥാനിലെ താലിബാന് ഗ്രൂപ്പ്, സെന്ട്രല് ആഫിക്കന് റിപ്പബ്ലിക് തായ്ലണ്ട്, ബ്രിട്ടണ്, യെമന്, ഫിലിപ്പീന്സ് എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.  ഇന്ത്യയും ഈ രാജ്യങ്ങളുടെ നിരയില് അവസാനമായി വരുന്നുവെന്നാണ് ലിസ്റ്റ് സൂചിപ്പിക്കുന്നത്.

പെണ്കുട്ടികളെ ബാലസൈന്യത്തിലേക്കു റിക്രൂട്ടു ചെയ്യുന്ന രാജ്യങ്ങളും മറ്റു ഗ്രൂപ്പുകളും ലോകത്തിലുണ്ടെന്നതും ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.  ഇന്ത്യയിലും ഇത്തരത്തില് രാജ്യേതരഗ്രൂപ്പുകളില് പെട്ടുപോകുന്ന അനേകം ബാലജീവിതങ്ങളുണ്ട്. ഒരുദാഹരണമായി പറയാവുന്ന ഒന്നാണ്  മാവോയിസ്റ്റ് ഗ്രൂപ്പ്. ഗവണ്മെന്റിനെതിരേ സായുധകലാപമെന്ന ലക്ഷ്യമുള്ള ഈ ഗ്രൂപ്പ് കുട്ടികളെ ധാരാളമായി ചേര്ക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ബോംബുകളും മറ്റ് മാരകായുധങ്ങളും ഉപയോഗിക്കുന്നതിന് പരിശീലനം നല്കി പോരാളികളായും വിവിധതരത്തിലുള്ള ജോലിക്കാരായും ഉപയോഗിക്കുന്നതു കൂടാതെ അവരെ ലൈംഗികചൂഷണത്തിനിരകളാക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലുമൊക്കെ കുട്ടികളുടെ അവകാശങ്ങള്ക്കായി കൈകോര്‍ക്കുന്ന സംഘടനകള് ധാരാളമുണ്ട്.  കുട്ടികളുടെ മാനുഷികാവകാശങ്ങളെ സംരക്ഷിക്കാതിരുന്നാല്, അവരെ തിന്മയുടെ ഉപകരണങ്ങളാക്കിയാല് അതുവഴി നമ്മുടെ സമൂഹങ്ങളും രാജ്യങ്ങളും ലോകവും സമാധാനം അനുഭവിക്കുകയില്ല.  അതിലുമുപരി ഇവയ്ക്കൊന്നും ഭാവി ഉണ്ടാവുക യുമില്ല. അവരുടെ ദുരിതപൂര്ണമായ ഈ ലോകജീവിതം, അനേകരെ ദുരിതത്തിലാഴ്ത്തുകയും ആത്മരക്ഷ പോലും അപകടത്തിലാക്കുകയും ചെയ്യും.  അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില് നമുക്കും പങ്കുചേരാം, പ്രാര്ഥനവഴിയും മറ്റു തരത്തിലുള്ള സഹകരണങ്ങള് വഴിയും. മതിയായ സംരക്ഷണവും വിദ്യാഭ്യാസവും നല്കി, മൂല്യബോധവും ആത്മീയതയും ലഭിക്കേണ്ടതിനുള്ള പ്രവര്ത്തനങ്ങളും ഒപ്പം ആത്മാര്ഥമായ പ്രാര്ഥനയും നമുക്കുണ്ടാകണം.  പാപ്പായുടെ ഡിസംബര് മാസത്തിലെ ഈ പ്രാര്ഥനാനിയോഗത്തോട് നമുക്കും ആത്മാര്ഥമായി പങ്കുചേരാം. 

ഡിസംബര് മാസത്തിലെ പ്രേഷിതനിയോഗം യൂറോപ്യന് ജനങ്ങള് ജീവിതത്തിനു ആനന്ദവും പ്രത്യാശയും നല്കുന്ന സുവിശേഷത്തിന്റെ നന്മയും സത്യവും സൌന്ദര്യവും വീണ്ടും കണ്ടെത്തുന്നതിന് എന്നതാണ്. ക്രിസ്തീയപാരമ്പര്യത്തിന്റെ ഈറ്റില്ലമായ യൂറോപ്പ് സുവിശേഷത്തിന്റെ നന്മയും സത്യവും സൌന്ദര്യവുമെല്ലാം ലോകത്തിനു നല്കിയ ഭൂഖണ്ഡമാണ്.  എത്രയെത്ര രാജ്യങ്ങളില് ക്രിസ്തീയവിശ്വാസം പകര്ന്നുകൊടുത്തവരാണവര്!  എത്രയെത്ര ത്യാഗങ്ങള് അതിനുവേണ്ടി സഹിച്ചവരാണവര്!  എത്രയെത്ര വിശുദ്ധജീവിത മാതൃകകള് നല്കിയ പ്രദേശമാണത്!  ഇന്നു ക്രിസ്തീയതയുടെ തലസ്ഥാനം യൂറോപ്പില്, റോമിലാണെങ്കിലും ഒരുപക്ഷേ ക്രിസ്തീയചൈതന്യത്തിന്റെ പ്രഭ മങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഭൂഖണ്ഡമാണ് ഇതെന്നു സമ്മതിക്കേണ്ടിവരുന്നു.  ആരാധനാക്രമങ്ങളില് പങ്കെടുക്കാന് ആളുകളില്ലാതെ ഒഴിവായിക്കൊണ്ടിരിക്കുന്ന അനേകം ദേവാലയങ്ങള് ഉള്ള യൂറോപ്പ് കഴിഞ്ഞകാലത്തെ പുണ്യപൂര്ണമായ ക്രിസ്തീയജീവിതത്തിന്റെ തിരുശേഷിപ്പുകളാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

രക്ഷകന്റെ മിഷന് (Redemptoris Missio) എന്ന  വി. ജോണ്പോള് പാപ്പായുടെ രേഖയില് സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള സഭയുടെ പ്രതിജ്ഞാബദ്ധതയിലെ മൂന്നു കാര്യങ്ങള് എടുത്തുപറയുന്നുണ്ട്.  ആദ്യത്തേത് ഏറ്റവും അടിസ്ഥാനപരമായുള്ള സഭയുടെ മിഷനറിപ്രവര്ത്തനമാണ്.  അത് സുവിശേഷമെത്താത്ത ജനതകളോടുള്ള സുവിശേഷപ്രഘോഷണമാണ്. രണ്ട്, സുവിശേഷത്താല് പ്രോജ്ജ്വലിക്കുന്ന സഭകളെ ആ ചൈതന്യത്തില് നിലനിര്‍ത്തുക എന്ന സഭയുടെ ചുമതലയാണ്.  മൂന്നാമതായി, ഇങ്ങനെ സുവിശേഷചൈതന്യത്താല് പ്രോജ്വലിക്കുകയും ആ ജ്വാല അനേകദേശങ്ങളില് പകരുകയും ചെയ്തശേഷം ആദ്യചൈതന്യത്തില് നിന്ന് മാറിപ്പോയിരിക്കുന്ന സഭകളില് നടത്തേണ്ടുന്ന പുനഃസുവിശേഷവത്ക്കരണമാണ്.  സഭയുടെ പുനഃസുവിശേഷവത്ക്കരദൌത്യത്തെ പേര്ത്തും പേര്ത്തും ഉദ്ബോധിപ്പിക്കുന്നുണ്ട്, സഭയുടെ വിശുദ്ധനായ ഈ പരമാധ്യക്ഷന് (Ter  മൂന്നാം സഹസ്രാബ്ദത്തിലേക്ക്  (Tertio Millennio Adveniente) എന്ന രേഖയിലും, യൂറോപ്പിലെ സഭ (Ecclesia in Europa) എന്ന രേഖയിലും ഇക്കാര്യം സുപ്രധാനമായി വരുന്നതു കാണാം.

ഫ്രാന്സീസ് പാപ്പാ യൂറോപ്പിന്റെ പുനഃസുവിശേഷവത്ക്കരണത്തെക്കുറിച്ച് പലപ്പോഴും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് യൂറോപ്പ് തന്റെ ക്രൈസ്തവവിശ്വാസം വീണ്ടെ ടുക്കേണ്ട സമയമാണെന്ന് അടുത്തകാലത്ത് പോര്ച്ചുഗല് റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില് പറയുന്നുണ്ട്. ക്രിസ്തീയവേരുകളെ തിരിച്ചറിയുന്നതില് ഇക്കാലഘട്ടത്തില് യൂറോപ്പിനു തെറ്റുപറ്റിയെന്ന് അദ്ദേഹം എടുത്തുപറയുന്നു.  ക്രിസ്തീയതയില് ഒരു വല്ല്യമ്മയായി യൂറോപ്പ്, അതിന്റെ അമ്മത്വം അതു വീണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നു തമാശയായി പറയുന്നുണ്ട് പാപ്പാ.  സുവിശേഷദൌത്യത്തെ യൂറോപ്പിലെ ക്രമാതീതമായി കുറഞ്ഞുപോയെ ജനനനിരക്കിനോടും, അഭയാര്ഥിപ്രശ്നത്തോടും ബന്ധിപ്പിച്ചുകൊണ്ട്, സുവിശേഷത്തെ പ്രായോഗികതയിലേക്കു തിരിച്ചുകൊണ്ട് സുവിശേഷപ്രവര്ത്തനം ഉപവിപ്രവര്ത്തനമാണ്, ദൈവകല്പനകളുടെ അനുസരണമാണ് എന്നനുസ്മരിപ്പിക്കുകയാണ് പാപ്പ.  

സുവിശേഷമാണ് നമ്മുടെ ശക്തിയെന്നും അതാണ് നമ്മുടെ രക്ഷയെന്നും നമുക്ക് ഏറ്റുപറയാം.  പാപ്പായോടൊത്ത് ക്രിസ്തീയതയ്ക്ക് ഒരു അമ്മസ്ഥാനം ഏറ്റെടുത്തിരുന്ന യൂറോപ്പിലെ സഭ ഉയിര്ത്തെഴുന്നേല്ക്കുന്നതിന് ദൈവത്തിന്റെ കരുണയും കൃപയും സ്വീകരിക്കുന്നതിന് പാപ്പായോടൊത്തു നമുക്കു പ്രാര്ഥിക്കാം. സുവിശേഷമായ യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകയോട് മാധ്യസ്ഥം യാചിക്കാം. ബാലസൈനികസേവനം എന്ന തിന്മയ്ക്ക് പരിഹാരമായി, സുവിശേഷപ്രകാശത്തെ ഉപേക്ഷിച്ച് അന്ധകാരത്തെ തേടുന്ന ജനതകളുടെ തിന്മ ഇല്ലാതാകുന്നതിനുവേണ്ടി ദൈവ കരുണയും പാപമോചനവും നമുക്കു യാചിക്കാം.