News >> പ്രതിവാര പൊതുകൂടിക്കാഴ്ച-പ്രത്യാശ പ്രദാനം ചെയ്യുന്ന പുഞ്ചിരി
Source: Vatican Radioഈ ബുധനാഴ്ചയും (07/12/16) ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പൊതുദര്‍ശനപരിപാടിയുടെ വേദി, തണുപ്പുകാലമായതിനാലും ഈ കാലയളവില്‍ തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും പ്രവാഹം കുറഞ്ഞിരിക്കുന്നതിനാലും വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു ഈ ആഴ്ചയും. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം കരഘോഷത്താലും ആരവങ്ങളാലും ആവിഷ്കൃതമായി.പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും കുശലം പറഞ്ഞും ജനങ്ങള്‍ക്കിടയിലൂടെ നീങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ പാപ്പാ തലോടി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാര്‍പ്പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് ത്രിത്വൈകസ്തുതിയോടെ പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു
"നിങ്ങളുടെ ദൈവം അരുളിചെയ്യുന്നു: ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ സമാശ്വസിപ്പിക്കുവിന്‍! ജറുസലേമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍. അവളുടെ അടിമത്തം അവസാനിച്ചു തിന്മകള്‍ ക്ഷമിച്ചിരിക്കുന്നു... ഒരു സ്വരം ഉയര്‍ന്നു: മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍, വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍. താഴ്വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും.ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. അപ്പോള്‍ കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാം ഒരുമിച്ച് അത് ദര്‍ശിക്കും. എന്തെന്നാല്‍ കര്‍ത്താവാണ് ഇത് അരുളിചെയ്യുന്നത്".ഏശയ്യ പ്രവാചകന്‍റെ പുസ്തകം, അദ്ധ്യായം 40, 1 മുതല്‍ 5 വരെയുള്ള വാക്യങ്ങളില്‍ നിന്ന്.ഈ തിരുവചന ഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ സന്ദേശം നല്കി. കാരുണ്യവര്‍ഷത്തില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ കാരുണ്യപ്രവൃത്തികളെക്കുറിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധനപരമ്പരയ്ക്ക് കഴിഞ്ഞയാഴ്ച സമാപനം കുറിച്ച പാപ്പാ ഈ ആഴ്ച ക്രിസ്തീയ പ്രത്യാശയെക്കുറിച്ചുള്ള പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിച്ചു. പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം ഇപ്രകാരം സംഗ്രഹിക്കാം: ക്രിസ്തീയ പ്രത്യാശ പ്രമേയമാക്കി പുതിയ ഒരു പ്രബോധനപരമ്പര ഇന്നു നമ്മള്‍ ആരംഭിക്കയാണ്. ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം, പ്രത്യാശ നമ്മെ വ്യാമോഹിപ്പിക്കില്ല. ശുഭാപ്തിവിശ്വാസം കബളിപ്പിക്കും എന്നാല്‍ പ്രത്യാശ അങ്ങനെയല്ല. ഇരുളടഞ്ഞതെന്നു തോന്നുന്നതും നമ്മെ വലയം ചെയ്യുന്ന തിന്മയുടെയും അക്രമത്തിന്‍റെയും, നമ്മുടെ സഹോദരങ്ങളുടെ വേദനകളുടെയും മുന്നില്‍ സകലവും നഷ്ടപ്പെട്ടവരെപ്പോലെ നാം ചിലപ്പോഴൊക്കെ നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് പ്രത്യാശ ഏറെ ആവശ്യമായിരിക്കുന്നു. നഷ്ടാവബോധവും ഒപ്പം നിരാശയും നമ്മെ പിടികൂടുന്നു. നമ്മുടെ നിസ്സഹായവസ്ഥയും ഈ അന്ധകാരം ഒരിക്കലും അവസാനിക്കില്ല എന്ന തോന്നലുമാണ് ഇതിനു കാരണം.പ്രത്യാശ കൈവിട്ടുപോകാന്‍ നാം അനുവദിക്കരുത്. എന്തെന്നാല്‍ ദൈവം അവിടത്തെ സ്നേഹത്താല്‍ നമ്മോടൊപ്പം ചരിക്കുന്നു. ഞാന്‍ പ്രത്യാശിക്കുന്നു, എന്തെന്നാല്‍ ദൈവം എന്‍റെ ചാരെയുണ്ട്. ഇതു നമുക്കെല്ലാവരോടും പറയാന്‍ സാധിക്കും. നമുക്കോരോരുത്തര്‍ക്കും പറയാന്‍ കഴിയും : ഞാന്‍ പ്രത്യാശിക്കുന്നു, എനിക്കു പ്രത്യാശയുണ്ട്, എന്തെന്നാല്‍ ദൈവം എന്നോടു കൂടെ ചരിക്കുന്നു!. ദൈവം എന്നോടൊപ്പം ചരിക്കുകയും എന്നെ കൈപിടിച്ചു നടത്തുകയും ചെയ്യുന്നു. ദൈവം നമ്മെ ഒറ്റയ്ക്കാക്കില്ല. കര്‍ത്താവായ യേശു തിന്മയെ ജയിക്കുകയും ജീവന്‍റെ പാത തുറക്കുകയും ചെയ്തിരിക്കുന്നു.ആകയാല്‍ മനുഷ്യാവതാരത്തിന്‍റെ സാന്ത്വനദായക രഹസ്യവും തിരുപ്പിറവിയുടെ പ്രകാശവും ഒരിക്കല്‍ക്കൂടി സ്വീകരിക്കാന്‍ നാം ഒരുങ്ങുന്ന, കാത്തിരിപ്പിന്‍റെതായ ഈ ആഗമനകാലത്തില്‍ പ്രത്യേകിച്ച്, പ്രത്യാശയെക്കുറിച്ച് ധ്യാനിക്കുക സുപ്രധാനമാണ്.ദൈവപിതാവ് സാന്ത്വനദായകര്‍ക്ക് ജന്മമേകിക്കൊണ്ട് സാന്ത്വനം പകരുന്നു. കഷ്ടപ്പാടുകളും വേദനകളും അവസാനിച്ചു, പാപം മോചിക്കപ്പെട്ടിരിക്കുന്നു എന്നു പ്രഘോഷിച്ചുകൊണ്ട് തന്‍റെ മക്കള്‍ക്ക്, ജനത്തിന് പ്രചോദനം പകരാന്‍ ദൈവം ഈ സാന്ത്വനദായകരോട് ആവശ്യപ്പെടുന്നു. മുറിപ്പെട്ട ഹൃദയത്തെ, ഭീതിതഹൃദയത്തെ ഇത് സൗഖ്യമാക്കുന്നു. ആകയാല്‍ കര്‍ത്താവിന്‍റെ ദാനങ്ങള്‍ക്കും രക്ഷയ്ക്കും സ്വയം തുറന്നുകൊടുത്തുകൊണ്ട് അവിടത്തേക്ക് വഴിയൊരുക്കാന്‍ ഏശയ്യാ പ്രവാചകന്‍ ആവശ്യപ്പെടുന്നു.ചരിത്രത്തിലെ ഒരു നാടകീയ മഹൂര്‍ത്തമായിരുന്നു ഇസ്രായേല്‍ ജനത്തിന്‍റെ വിപ്രവാസം. കാരണം ആ ജനതയ്ക്ക് സകലവും നഷ്ടമായിരുന്നു. സ്വദേശവും സ്വാതന്ത്ര്യവും ഔന്നത്യവും ദൈവത്തിലുള്ള വിശ്വാസവുമെല്ലാം ആ ജനതയ്ക്ക് കൈമോശം വന്നു. പരിത്യക്തരായി, പ്രത്യാശ നഷ്ടപ്പെട്ടവരായി അവര്‍ക്കനുഭവപ്പെട്ടു. എന്നാല്‍ ഇതാ പ്രവാചകന്‍റെ അഭ്യര്‍ത്ഥന അവരുടെ ഹൃദയത്തെ വിശ്വാസത്തിലേക്ക് വീണ്ടും തുറക്കുന്നു. മരുഭൂമി ജീവിക്കാന്‍ പ്രയാസമേറിയ ഇടമാണ്, എന്നാല്‍ ഇപ്പോള്‍ അതിലൂടെയാണ് സ്വദേശത്തേക്കു മാത്രമല്ല ദൈവത്തിലേക്കുമുള്ള മടക്കയാത്ര നടത്താന്‍ കഴിയുന്നത്, ആ ജനത്തിന് അവിടെ വീണ്ടും പ്രത്യാശിക്കാനും പുഞ്ചിരിക്കാനും കഴിയുന്നു. അന്ധകാരത്തിലാകുമ്പോള്‍, പ്രയാസങ്ങളനുഭവിക്കുമ്പോള്‍ നമുക്കു പുഞ്ചിരിക്കാനാകില്ല. വാസ്തവത്തില്‍ പ്രത്യാശയാണ് ദൈവത്തെ കണ്ടെത്താനുള്ള ആ സരണിയില്‍ നമ്മെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കുന്നത്. ദൈവത്തില്‍ നിന്നു വിട്ടുപോകുന്നവര്‍ക്ക് ആദ്യം സംഭവിക്കുന്നത് അവരുടെ പുഞ്ചിരി മായുന്നു എന്നതാണ്. ഒരു പക്ഷെ അവര്‍ക്ക് ഒന്നിനു പിറകെ ഒന്നായി അട്ടഹസിക്കാനാകും എന്നാല്‍ പുഞ്ചിരിയുണ്ടാകില്ല. പ്രത്യാശയ്ക്കു മാത്രമെ അതു നല്കാനാകൂ. ഇതു നിങ്ങള്‍ക്കു മനസ്സിലായോ? അത് ദൈവത്തെ കാണാമെന്ന പ്രത്യാശയുടെ പുഞ്ചിരിയാണ്.പലപ്പോഴും മരുഭൂമിയാണ് ജീവിതം. അതിനകത്തു നടക്കുക ദുഷ്ക്കരവും. എന്നാല്‍ നാം ദൈവത്തില്‍ ആശ്രയിച്ചാല്‍ അത് മനോഹരവും വിശാലവുമായ വീഥിയായി പരിണമിക്കും. പ്രത്യാശ നഷ്ടപ്പെടാതിരുന്നാല്‍ മാത്രം മതി, എന്തൊക്കെ സംഭവിച്ചാലും വിശ്വാസം നിലനിറുത്തിയാല്‍ മാത്രം മതി. ഒരു ശിശുവിനെ കാണുമ്പോള്‍, നമുക്കെന്തൊക്കെ പ്രയാസങ്ങളുണ്ടെങ്കിലും നമ്മുടെയുള്ളില്‍ നിന്ന് പുഞ്ചിരി വിരിയുന്നു. കാരണം നാം പ്രത്യാശയുടെ മുന്നിലാണ് നില്ക്കുന്നത്. അതേ, പൈതല്‍ പ്രത്യാശയാണ്. നമുക്കായി ശിശുവായിത്തീര്‍ന്ന ദൈവം നമ്മെ പുഞ്ചിരിക്കാന്‍ പ്രാപ്തരാക്കും, നമുക്ക് സകലവും നല്കും.ഇന്നത്തെ ലോകം വിശ്വാസ പ്രതിസന്ധിയിലാണെന്ന യാഥാര്‍ത്ഥ്യം നമുക്കു നിഷേധിക്കാനാകില്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, ഞാന്‍ ക്രൈസ്തവനാണ് എന്നൊക്കെ പറയാന്‍ സാധിക്കും. എന്നാല്‍ നിന്‍റെ ജീവിതം ക്രൈസ്തവനായിരിക്കുക എന്നതില്‍ നിന്ന് ഏറെ അകലെയാണ്, ദൈവത്തില്‍ നിന്നകലെയാണ്. ഹൃദയം ദൈവത്തിലേക്കു തിരിക്കുക... ദൈവത്തെ കാണുന്നതിനായി മാനസ്സാന്തരത്തിന്‍റെ പാതയില്‍ ചരിക്കുക.പ്രത്യാശ ചെറിയവരുടെ ഒരു പുണ്യമാണ്. സംതൃപ്തരായ വലിയവര്‍ പ്രത്യാശ എന്തെന്നറിയുന്നില്ല. അതെന്താണ് എന്നുപോലും അവര്‍ക്കറിയില്ല.ദൈവത്തോട്, യേശുവിനോട് ഒപ്പമുള്ള എളിയവരാണ് പ്രവാസത്തിന്‍റെ, ഏകാന്തതയുടെ, സഹനത്തിന്‍റെ മരുഭൂമിയെ കര്‍ത്താവിന്‍റെ മഹത്വം ദര്‍ശിക്കുന്നതിന് സഞ്ചാരയോഗ്യമായ സമതല പാതയായി പരിവര്‍ത്തനം ചെയ്യുക. ആകയാല്‍ നമുക്ക് കര്‍ത്താവിന്‍റെ ആഗമനം വിശ്വാസത്തോടെ കാത്തിരിക്കാം. നമ്മുടെ ജീവിതത്തിന്‍റെ മരുഭൂമി ഏതുമായിക്കൊള്ളട്ടെ, അവനവനറിയാം അവന്‍ നടക്കുന്ന മുരഭൂമി ഏതാണെന്ന്, അത് ഒരു പൂന്തോട്ടമായി പരിണമിക്കും. പ്രത്യാശ വ്യാമോഹിപ്പിക്കില്ല. അത് ഒത്തൊരുമിച്ച് നമുക്കാവര്‍ത്തിക്കാം... പ്രത്യാശ കബളിപ്പിക്കില്ല..... നന്ദി.പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ എട്ടാം തിയതി വ്യാഴാഴ്ച അമലോത്ഭവനാഥയുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.പിതാവിന്‍റെ കാരുണ്യത്തിന്‍റെ വദനമായ ദൈവസൂനുവിനെ അവിടത്തെ വചനശ്രവണത്താലും, സാഹോദര്യഭാവേനയുള്ള ഉപവിപ്രവര്‍ത്തനത്താലും പ്രാര്‍ത്ഥനയാലും സ്വീകരിക്കുന്ന ഒരു തൊട്ടിലായി നമ്മുടെ ഹൃദയം മാറുന്നതിനായി തിരുപ്പിറവിയുടെ ആന്തരിക ഒരുക്കത്തിന് കന്യകാമറിയം മാതൃകയാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കി.