News >> ക്രൈസ്തവ വിളിയുടെ പ്രേഷിത മാനം : പാപ്പാ ഫ്രാന്‍സിസ് നല്കുന്ന 2017-Ɔമാണ്ടിലെ ദൈവവിളിദിന സന്ദേശം
Source: Vatican Radio"പ്രേഷിത ജോലിക്കായി പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരാകാം..."ഇങ്ങനെ ശീര്‍കംചെയ്തിരിക്കുന്ന സന്ദേശം 2017-Ɔമാണ്ടിലെ ദൈവവിളിദിനത്തില്‍ ആഗോളസഭയില്‍ ഉപയോഗിക്കുവാനുള്ളതാണ്. 54-Ɔമത് ലോകദൈവവിളി ദിനമാണ് പുതുവര്‍ഷത്തില്‍ ആചരിക്കപ്പെടുന്നത്.
സുവിശേഷസന്തോഷം പങ്കുവയ്ക്കുന്ന ദൈവവിളി:ദൈവവിളി യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളവര്‍ ക്രിസ്ത്വാനുകരണത്തിലൂടെ സഹോദരങ്ങളോട് സുവിശേഷം പ്രഘോഷിക്കാനും, വിശിഷ്യാ, അവരില്‍ പാവങ്ങളായവര്‍ക്ക് നന്മചെയ്യുവാനും വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷം പങ്കുവയ്ക്കാന്‍ സകലക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുശിഷ്യര്‍ ദൈവസ്നേഹം സ്വീകരിച്ചവരാണ്. അതിനാല്‍ വ്യക്തിഗത സമാശ്വാസത്തിനും, സ്വന്തംകാര്യങ്ങള്‍ക്കും മാത്രമുള്ളതല്ല ദൈവസ്നേഹത്തിന്‍റെ പരിണിതഫലമായ ദൈവവിളി.ദൈവസ്നേഹത്തിന്‍റെ സന്തോഷത്താല്‍ പ്രചോദിതരാകുന്നവര്‍ അതിനാല്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും, സഹോദരങ്ങള്‍ക്ക് നന്മചെയ്തു ജീവിക്കുകയും വേണം. ക്രിസ്തുശിഷ്യരുടെ കൂട്ടായ്മയെ ഉത്തേജിപ്പിക്കുന്ന സുവിശേഷസന്തോഷമാണ് പ്രേഷിത ജീവിതത്തിലെ ആനന്ദം, അല്ലെങ്കില്‍ സുവിശേഷപ്രഘോഷണ സന്തോഷം എന്നു പറയുന്നത്. (സുവിശേഷ സന്തോഷം, 21).
വിളികേട്ടവര്‍ ഭീരുക്കളാകരുത്:നമ്മുടെ ബലഹീനതകളെക്കുറിച്ച് അവബോധമുള്ളതിനാല്‍ പലപ്പോഴും വിളിയെ ധിക്കരിച്ച് വിളിക്കപ്പെട്ടവര്‍ നിരാശരായി പിന്മാറാറുണ്ട്. ദൈവത്തില്‍ പ്രത്യാശവയ്ക്കുന്നവര്‍ക്ക് മുന്നേറാനുള്ള കരുത്തു ലഭിക്കും. വിളിക്കപ്പെട്ടവരും, വിളിസ്വീകരിച്ചിട്ടുള്ളവരും മാനുഷികമായ പോരായ്മകളെക്കുറിച്ചുള്ള അമിതമായ അവബോധവും, അപഹര്‍താബോധവും മാറ്റിയെടുക്കേണ്ടതാണ്. ദൈവവിളിയെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലും ഭയത്തിന് സ്ഥാനമില്ല. കാരണം ശക്തനായവനാണ് ബലഹീനരെ വിളിച്ചിരിക്കുന്നത്. ദൈവം തന്നെയാണ് ഓരോരുത്തരെയും വിളിക്കുന്നത്. വിളിച്ചന്‍ നമ്മെ നയിക്കുമെന്ന ബോധ്യം ഉണ്ടായിരിക്കണം, ആ ബോധ്യം വളര്‍ത്തിയെടുക്കയും വേണം!
ക്രൈസ്തവര്‍ക്കെല്ലാം പ്രേഷിതദൗത്യമുണ്ട്:"ലോകംമെങ്ങും പോയി നിങ്ങള്‍ സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക!" ഇതാണ് പ്രേഷിതവിളി (മാര്‍ക്ക് 16, 15). നന്മചെയ്യാനും സകലരെയും സൗഖ്യപ്പെടുത്താനുമുള്ള വിളിയാണത്. "നസ്രായനായ യേശുവിനെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ദൈവം എങ്ങനെ അഭിഷേകംചെയ്തുവെന്നും, അവിടുന്ന് എപ്രകാരം നന്മചെയ്തുകൊണ്ടു, പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതിനാല്‍ ദൈവം അവിടുത്തോടുകൂടെയുണ്ടായിരുന്നു" (നടപടി 10, 38). ഓരോ ക്രൈസ്തവനും ജ്ഞാനസ്നാനത്താല്‍ ക്രിസ്തുവാഹകരാണ് (Christopher - 'ക്രിസ്റ്റഫര്‍'മാരാണ്). തീക്ഷ്ണതയുള്ള പ്രേഷിതര്‍ എന്നും സഭയുടെ മുതല്‍ക്കൂട്ടാണ്. അവരിലൂടെ ദൈവത്തിന്‍റെ ലോലമായ സ്നേഹം മാനവരാശിയിലേയ്ക്ക് വഴിഞ്ഞൊഴുകുന്നു. പ്രശാന്തതയും ആത്മവിശ്വാസവുമുള്ള പ്രേഷിതര്‍ ദൈവവിളിയാകുന്ന നിധിയുടെ മൂല്യം മനസ്സിലാക്കിയിട്ടുള്ളവരുമാണ്.
ക്രിസ്തു പഠിപ്പിക്കുന്ന വിളിയുടെ മൂല്യം 3 ഭാഗങ്ങളായി സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിക്കുന്നത് താഴെ ചുരുക്കിഎഴുതുന്നു:ആദ്യമായി..., അരൂപിയാല്‍ അഭിഷിക്തനായി, ക്രിസ്തു ദൈവരാജ്യ പ്രഘോഷണത്തിനായി ഇറങ്ങി പുറപ്പെട്ടു (ലൂക്ക 4, 16-30). ക്രിസ്ത്വാനുകരണത്തില്‍, സഹോദരങ്ങള്‍ക്കു രക്ഷയുടെ അടയാളമാകാനും നന്മചെയ്യാനും നാം പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരാകണം.
രണ്ടാമതായി..., വിളിക്കപ്പെട്ടവര്‍ക്കൊപ്പം ക്രിസ്തുവും ഉണ്ട്. നാം അയോഗ്യരും ഭീരുക്കളും നഷ്ടധൈര്യരും ആകുമ്പോഴും ക്രിസ്തു കൂടെയുണ്ടെന്ന്, ഓര്‍ക്കുക! ഇതാണ് എമാവൂസ് അനുഭവം നമ്മെ പഠിപ്പിക്കുന്നത് (ലൂക്ക 24, 13-15). ജീവിതത്തില്‍ നഷ്ടധൈര്യരായരുടെ ചാരത്ത് ക്രിസ്തു എത്തുന്നു. അവരുടെ ഹൃദയങ്ങളെ അവിടുന്നു പ്രോജ്ജ്വലിപ്പിക്കുന്നു. അവരെ ധൈര്യമുള്ളവരാക്കുന്നു.
മൂന്നാമതായി..., ദൈവവിളിയുടെ വിത്തുപാകുന്ന വിതയ്ക്കാരനും, അതിനെ മുളപ്പിക്കുന്ന കൃഷിക്കാരനും ക്രിസ്തുതന്നെ! ദൈവരാജ്യത്തിന്‍റെ വിത്ത് നിശ്ശബ്ദതയില്‍ മെല്ലെമെല്ലെ മുളപൊട്ടി വളരുന്നു. അതു നമ്മുടെ നഗ്നനേത്രങ്ങള്‍ കാണണമെന്നില്ല. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം സമൃദ്ധമായ വിള തരുന്നവന്‍ ദൈവമാണ്. മാനുഷികമായ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുപ്പതും, അറുപതും നൂറുംമേനി വളവ് നല്‍കുന്നത് അവിടുന്നാണ്. സുവിശേഷത്തിലെ ഉപമ അതു പഠിപ്പിക്കുന്നുമുണ്ട് (മാര്‍ക്ക് 6, 26-27).ദൈവാരൂപിയാണ് ദൈവവിളിയെ നിശ്ശബ്ദതയില്‍ പരിപോഷിപ്പിക്കുന്നതും വളര്‍ത്തുന്നതും. അതിനാല്‍ ധ്യാനാത്മകമായ പ്രാര്‍ത്ഥന പ്രേഷിതവിളിയുടെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ദൈവത്തിന്‍റെ നിശ്ശബ്ദമായ വിളിക്കായി കാതോര്‍ത്തും, ആ വിളി ശ്രവിച്ചും സ്വീകരിച്ചും അതിനോടു ക്രിയാത്മകമായി പ്രതികരിച്ചും, കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ പങ്കുചേര്‍ന്നും നാം അനുദിനം ദൈവാനുഭവത്തില്‍ വളരണം. ക്രിസ്തുവുമായുള്ള ആഴമായ ബന്ധം ദൈവവിളിക്ക് അത്യന്താപേക്ഷിതമാണ്. അതിനാല്‍ ദൈവവവിളിക്കായുള്ള പ്രാര്‍ത്ഥന മുടക്കരുതെന്ന് സന്ദേശത്തില്‍ പാപ്പാ പ്രത്യേകം അനുസ്മരിപ്പിക്കുന്നുണ്ട്. കാരണം, ദൈവികകാര്യങ്ങളില്‍ വ്യാപൃതരായി ജീവിക്കുന്ന പ്രോഷിതര്‍ സുവിശേഷചൈതന്യത്താല്‍ പ്രചോദിതരായി ദൈവസ്നേഹത്തിന്‍റെ സാക്ഷ്യവും അടയാളവുമായി എന്നും ജീവിക്കേണ്ടവരാണ്... പാപ്പാ ഉപസംഹരിച്ചു.