News >> മോൺ. ഡോ. ജോർജ് കുരുക്കൂരിനു സ്ഥാനചിഹ്നങ്ങൾ നല്കി
Source: Sunday Shalom
കൊച്ചി: സഭാപണ്ഡിതനും കോതമംഗലം രൂപതാംഗവുമായ റവ. ഡോ. ജോർജ് കുരുക്കൂരിനു കത്തോലിക്കാസഭയുടെ ചാപ്ലയിൻ ഓഫ് ഹോളി ഫാദർ (മോൺസിഞ്ഞോർ) പദവിയുടെ സ്ഥാനചിഹ്നങ്ങൾ നല്കി. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണു സ്ഥാനചിഹ്നമായ അരപ്പട്ട അണിയിച്ചത്.
കെസിബിസി സമ്മേളനത്തോടുബന്ധിച്ചു പിഒസി ചാപ്പലിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷയ്ക്കിടയിലാണു സ്ഥാനവസ്ത്രം അണിയിച്ചത്. തായ്ത്തണ്ടിനോടു ചേർന്നു വളരുന്ന ശാഖയെപ്പോലെ, സഭയോടു ചേർന്നു ചിന്തകളെയും പഠനങ്ങളെയും പൗരോഹിത്യജീവിതത്തെയും സംശുദ്ധമായി ക്രമപ്പെടുത്തിയ ശ്രേഷ്ഠവൈദികനാണു മോൺ.ജോർജ് കുരുക്കൂരെന്നു കർദിനാൾ അഭിപ്രായപ്പെട്ടു.
കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. ജോസഫ് കരിയിൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
വത്തിക്കാൻ രേഖകളുടെ വിവർത്തനങ്ങളിലൂടെയും ഭാഷാപാണ്ഡിത്യത്തിലുടെയും കേരളസഭയ്ക്ക് മോൺ. കുരുക്കൂർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസാസന്ദേശത്തിൽ പറഞ്ഞു.
ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്ട് എന്നിവരും ആശംസാസമ്മേളനത്തിൽ പ്രസംഗിച്ചു. കെസിബിസി പ്രസിഡന്റ് മോൺ.കുരുക്കൂരിനു ഉപഹാരം സമർപ്പിച്ചു. പിഒസിയിലെ വൈദികരും സന്ന്യസ്തരും ചേർന്നു ആശംസാഗാനം ആലപിച്ചു. കേരളസഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികളും മോൺ.കുരുക്കൂരിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ മാനിച്ചാണു മോൺ. ജോർജ് കുരുക്കൂരിനു ബഹുമതി നൽകിയത്. മാർപാപ്പാമാരുടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്‌തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുനൂറോളം ഡോക്യുമെന്റുകൾ വിവർത്തനം ചെയ്തിട്ടുണ്ട്. പിഒസി ബൈബിളിന്റെ തർജമയിലും അദ്ദേഹം സഹകാരിയായിരുന്നു.