News >> യുവതീയുവാക്കള്‍ സപ്തമാസ കാരുണ്യപ്രവര്‍ത്തികള്‍ക്കൊരുങ്ങുക- പാപ്പാ


 2016 -ലെ ആദ്യ ഏഴുമാസങ്ങളില്‍ ഓരോ മാസവും ചെയ്യുന്നതിന് ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തികള്‍ തിരഞ്ഞെടുക്കാന്‍ മാര്‍പ്പാപ്പാ യുവതീ യുവാക്കളെ ആഹ്വാനം ചെയ്യുന്നു.

     അടുത്ത ജൂലൈ മാസത്തില്‍ പോളണ്ടിലെ ക്രാക്കോവ് പട്ടണത്തില്‍ ആഗോള സഭാതലത്തില്‍ ആചരിക്കപ്പെടുന്ന മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തി നായി തിങ്കളാഴ്ച(28/09/15) നല്കിയ തന്‍റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ  ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

     "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണലഭിക്കും",  മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിന്‍റെ ഗിരിപ്രഭാഷണത്തില്‍ നിന്നടര്‍ത്തിയെടുത്ത സുവിശേഷഭാഗ്യങ്ങളില്‍ ഒന്നായ ഈ വാക്യം അടുത്ത ലോകയുവജനദിന സംഗമത്തിന്‍റെ വിചിന്തനപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്ന പാപ്പാ പ്രസ്തുത പ്രമേയത്തെ അവംബമാക്കിയാണ് ഈ സന്ദേശം നല്കിയിരിക്കുന്നത്.

യുവതീയുവാക്കളുടെ കര്‍മ്മോത്സുകതയെക്കുറിച്ച് അനുസ്മരിക്കുന്ന പാപ്പാ ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രവര്‍ത്തനമാവശ്യമായുള്ള ഏറെ സമൂര്‍ത്തമായ ജീവിതപരിപാടിയാണെന്ന് ഉദ്ബോധിപ്പിക്കുന്നു.

ദൈവത്തിന്‍റെ കാരുണ്യം അത്യധികം സമൂര്‍ത്തമാണെന്നും നമെല്ലാവരും അതു നേരിട്ടനുഭവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ ഉപകരണങ്ങളായിത്തീരുക അസാധാരണാനന്ദഹേതുവാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

2016 ലെ യുവജനദിനാചരണം കരുണയുടെ ജൂബിലിവത്സരത്തിലാകുന്നതിനെ ക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ ജൂബിലിവത്സരത്തില്‍ യുവജനദിനാചരണം ഇതാദ്യമല്ലെന്നും 1983/84 വര്‍ഷങ്ങളിലായചരിക്കപ്പെട്ട "രക്ഷാകരവിശുദ്ധ വത്സര"ത്തിലും രണ്ടായിരാ മാണ്ടിലെ "മഹാജൂബിലി വത്സര"ത്തിലും ഇപ്രകാരം നടന്നത് അനുസ്മരിക്കുന്നു.

സഭ ക്രിസ്തുനാമത്തില്‍ ജൂബിലി പ്രഖ്യാപിക്കുമ്പോള്‍ നമെല്ലാവരും കൃപയുടെ സവിശേഷമായോരു സമയം ജീവിക്കാന്‍ വിളിക്കപ്പെടുകയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

Source: Vatican Radio