News >> ദൈവം നല്കിയ പ്രചോദനമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി


Source: Vatican Radio

ഡിസംബര്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച ബെല്‍ജിയത്തെ കത്തോലിക്കാ വാരിക 'തേര്‍സിയോ'യ്ക്കു (Tertio) കാരുണ്യത്തിന്‍റെ ജൂബിലിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് അഭിമുഖം നല്കി.

റോമിലും വത്തിക്കാനിലും ഒതുക്കി നിറുത്താതെ ലോകത്തിന്‍റെ എല്ലാമുക്കിലും മൂലയിലേയ്ക്കും തുറന്നു നല്കിയ കാരുണ്യത്തിന്‍റെ കവാടം ഈ ജൂബിലിയുടെ ദൈവം തന്ന പ്രചോദനവും പ്രത്യേക അനുഗ്രഹവുമായിരുന്നു. ദൈവവുമായി മനുഷ്യര്‍ എവിടെയും രമ്യതപ്പെടുന്ന അനുഭവം പലരും പങ്കുവച്ചു. അങ്ങനെ സഭയുടെ ജൂബിലി ആചരണം സകലരുടെയും ജീവിതത്തിലേയ്ക്ക് കടന്നുചെല്ലാന്‍ ഇടയാക്കിയതായി മാനസ്സിലാക്കുന്നു. പാപ്പാ പങ്കുവച്ചു. ദൈവത്തിന്‍റെ കാരുണ്യം അമൂല്യമാണ്. എന്നാല്‍ അത് സകലര്‍ക്കും ലഭ്യാമാക്കേണ്ടതാണ്. സൗജന്യമായി ലഭ്യമാക്കേണ്ടിയിരുന്നു. പാപവിമോചനവും ദൈവികകാരുണ്യവും വിറ്റുകാശാക്കേണ്ടതല്ല, അത് അമൂല്യമെങ്കിലും ഉദാരമായി നല്കപ്പെടേണ്ടതാണ്, കാരണം ദൈവം കാരുണ്യവാനാണ്. ദൈവത്തിനൊരു പേരുണ്ടെങ്കില്‍ അതു 'കാരുണ്യ'മാണ്. പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.

തന്‍റെ മനസ്സില്‍ നിരന്തരമായി ഉദിച്ചുയര്‍ന്ന ദൈവികകാരുണ്യത്തിന്‍റെ ചിന്തകളും, അത് ജനങ്ങളുമായി കൂടുതല്‍ അടുത്ത് പങ്കുവായ്ക്കുവാനുമുള്ള ദൈവികമായ പ്രചോദനവുമാണ് ജൂബിലിയായി വളര്‍ന്നുവന്നത്. നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസികേലയുമായി തനിക്കു ലഭിച്ച പ്രചോദനം പങ്കുവച്ചപ്പോഴാണ് അത് ജൂബിലിയുടെ വിവിധ ഘട്ടങ്ങളായും പരിപാടികളായും യാഥാര്‍ത്ഥ്യവത്ക്കരിക്കപ്പെട്ടതും, ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

ലാളിത്യത്തിന്‍റെയും എളിമയുടെയും വിപ്ലവമാണ് ലോകത്ത് ഇന്ന് ആവശ്യം. ഹൃദയകാഠിന്യം കാരണമാക്കുന്ന നിസ്സംഗത, സഹോദരങ്ങളോടും അവരുടെ ആവശ്യങ്ങളോടുമുള്ള നിസ്സംഗതയാണ് ഇന്ന് ലോകം അനുഭവിക്കുന്ന വലിയ പോരായ്മയും പ്രതിസന്ധിയുമാണ്. നിസ്സംഗത വളര്‍ത്തുന്നത് അസമാധാനമാണ്.

മനുഷ്യന്‍റെ അടിസ്ഥാന ഭാവവും അസ്ത്വിത്തിന്‍റെ പരമായ സ്വഭാവവുമാണ് ദൈവോന്മുഖമായ ജീവിതം. അതിനാല്‍ സമൂഹജീവിതത്തില്‍നിന്നു ദൈവത്തെയും മതാത്മകജീവിതത്തെയും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നത്, അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത് പ്രസക്തമല്ലാത്തതും നിഷേധാത്മകവുമായ ചിന്താഗതിയാണ്. ദൈവത്തിന്‍റെ പേരില്‍ എന്നല്ല, ഒരു മതത്തിന്‍റെ പേരില്‍പ്പോലും യുദ്ധം ചെയ്യാനാവില്ല. മതമൗലികവാദത്തെയും യുദ്ധത്തെയും കുറിച്ചുള്ള ചോദ്യത്തിലാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്.

അടിസ്ഥാനപരമായി ഒരു മതത്തിനും യുദ്ധംചെയ്യാനാവില്ല, യുദ്ധത്തിന്‍റെ ശക്തിയാകാനാവില്ല, കാരണം, അങ്ങനെയായാല്‍ ആ മതം വിനാശത്തിന്‍റെ ദൈവത്തെയായിരിക്കും പ്രഘോഷിക്കുന്നത്. അതു സാദ്ധ്യമല്ല. ഭീകരപ്രവര്‍ത്തനം ഇസ്ലാമുമായി ബന്ധപ്പെട്ടതായി കരുതുന്നില്ല. മറിച്ച് യുദ്ധത്തെയും കലാപത്തെയും ന്യായീകരിക്കാനും, വ്യാഖ്യാനിക്കാനും ചിലര്‍ മതനിയമങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്നു മാത്രം. എല്ലാ മതങ്ങളിലും മൗലികവാദികളുണ്ട്, അവര്‍ മതത്തെ മലീമസമാക്കുന്നു. പാപ്പാ അഭിമുഖത്തില്‍ വ്യക്തമാക്കി.