News >> അമലോത്ഭവനാഥയ്ക്ക് പുഷ്പ്പാര്‍ച്ചന: പാപ്പാ സ്പാനിഷ് ചത്വരത്തില്‍


Source: Vatican Radio

കുടുംബങ്ങളെയും, തൊഴിലാളികളെയും പരിത്യക്തരും ചൂഷിതരും കബളിപ്പിക്കപ്പെട്ടവരുമായ കുട്ടികളെയും മാര്‍പ്പാപ്പാ അമലോത്ഭവ നാഥയുടെ സംരക്ഷണത്തിന് ഭരമേല്‍പിക്കുന്നു.

അമലോത്ഭവനാഥയുടെ തിരുന്നാള്‍ദിനമായിരുന്ന ഡിസമ്പര്‍ 8 ന്, പതിവുപോലെ ഇക്കൊല്ലവും, ഫ്രാന്‍സീസ് പാപ്പാ, റോമിലെ സ്പാനിഷ് ചത്വരത്തില്‍ 40 അടിയോളം, കൃത്യമായി പറ‍ഞ്ഞാല്‍, 11 ദശാംശം 81 മീററര്‍, ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ നാഥയുടെ തിരുസ്വരൂപത്തിനുമുന്നിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു.

ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങള്‍ അലട്ടുന്ന കുടുംബങ്ങളെയും തൊഴില്‍രഹിതരെയും മനുഷ്യോചിതമല്ലാത്ത തൊഴിലിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായവരെയും പാപ്പാ അമലോത്ഭവനാഥയുടെ സംരക്ഷണത്തിന് പ്രത്യേകം ഭരമേല്‍പിച്ചു.

മുഖംമൂടിയും കൗശലങ്ങളും വെടിഞ്ഞ് സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ ലാളിത്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പരനന്മയ്ക്കായി സൗജന്യ സ്നേഹത്തോടെ പ്രവര്‍ത്തിക്കുന്നതിന് അമലോത്ഭവനാഥയുടെ വിമല ഹൃദയവും  വ്യക്തികളെയും വസ്തുക്കളെയും നിസ്വാര്‍ത്ഥമായും കാപട്യംകൂടാതെയും വീക്ഷിക്കാന്‍ സാധിക്കുന്നതിന് അവളുടെ നിര്‍മ്മലമായ കടാക്ഷവും നമുക്കെല്ലാവര്‍ക്കും  ലഭിക്കുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഈ സമര്‍പ്പണ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ റോം നഗരാധിപ 38 വയസ്സുകാരിയായ ശ്രീമതി വിര്‍ജീനയ റാജിയുള്‍പ്പടെ പൗരാധികാരികളും സഭാ പ്രതിനിധികളും രോഗികളുള്‍പ്പടെയുള്ള പൗരാവലിയും പങ്കുകൊണ്ടു. പ്രാര്‍ത്ഥനാശുശ്രൂഷാനന്തരം പാപ്പാ ചക്രക്കസേരകളില്‍ ഇരുന്നിരുന്ന രോഗികളുടെ ചാരെയെത്തി അവര്‍ക്ക്   സാന്ത്വനസ്പര്‍ശമേകി.  

തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ "റോമന്‍ ജനതയുടെ രക്ഷ", അഥവാ, "സാളൂസ് പോപുളി റൊമാനി" (SALUS POPULI ROMANI) എന്ന അഭിധാനത്തില്‍ വണങ്ങപ്പെടുന്ന പരിശുദ്ധകന്യയുടെ പവിത്രസന്നിധാനത്തില്‍ എത്തി പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് വത്തിക്കാനിലേക്കു മടങ്ങിയത്.