News >> പ്രത്യാശയുടെ സന്ദേശം പകരുന്ന പുല്‍ക്കൂടും ക്രിസ്തുമസ് മരവും
Source: Vatican Radioവത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സജ്ജമാക്കിയിരിക്കുന്ന പുല്‍ക്കൂടും ക്രിസ്തുമസ് മരവും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുകയും രക്ഷകന്‍റെ തിരുപ്പിറവിയുടെ രഹസ്യം വിശ്വാസത്തോടുകൂടി ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.തിരുപ്പിറവിയുടെ രംഗം ആവിഷ്ക്കരിക്കുന്ന പുല്‍ക്കൂട് ഇക്കൊല്ലം സമ്മാനിച്ച മാള്‍ട്ടയുടെ സര്‍ക്കാരിന്‍റെയും അന്നാട്ടിലെ കത്തോലിക്കമെത്രാന്മാരുടെയും പ്രതിനിധികളും 25 മീറ്റര്‍, 80 തിലേറെ അടി ഉയരമുള്ള ക്രിസ്തുമസ് മരം സമ്മാനിച്ച, ഇറ്റലിയിലെ ത്രെന്തൊ പ്രവിശ്യയിലെ പൗരാധികാരികളുടെയും സഭാധികാരികളുടെയും പൗരജനങ്ങളുടെയും പ്രതിനിധികളുമടങ്ങിയ 1500 ഓളം പേരുടെ സംഘത്തെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ വെള്ളിയാഴ്ച (09/12/16) സ്വീകരിച്ച് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.മാള്‍ട്ടയിലെ ഒരു ഗ്രാമപ്രദേശം പശ്ചാത്തലമാക്കി അന്നാടിന്‍റെ പാരമ്പര്യ കുരിശും അന്നാടിന്‍റെ തനതായ "ലുത്സു" (LUZZU) കടത്തുവള്ളവും സമ്യക്കായി സമന്വയിപ്പിച്ച് മാള്‍ട്ട സ്വദേശിയായ കലാകാരന്‍ ഗൊസ്തൊ മാന്‍വെല്‍ ഗ്രെക്ക് സംവിധാനം ചെയ്തിരിക്കുന്ന തിരുപ്പിറവിയുടെ രംഗാവിഷ്ക്കാരം ഇറ്റലിയിലേക്ക് കടല്‍മാര്‍ഗ്ഗം എത്തിച്ചേരാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ കദനഭരിതവും ദുരന്തപൂര്‍ണ്ണവുമായ യാഥര്‍ത്ഥ്യം നമ്മെ അനുസ്മരിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.ഒരു ഇടം ലഭിക്കാതെ ബത്ലഹേമിലെ ഗുഹയില്‍ പിറക്കുകയും പിന്നീട് ഹേറൊദേസ് രാജാവിന്‍റെ വധഭീഷണിയെ തുടര്‍ന്ന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്ത ഉണ്ണിയേശുവിന്‍റെ അനുഭവം ഈ സഹോദരങ്ങളുടെ വേദനയാര്‍ന്ന അനുഭവത്തില്‍ നമുക്ക് കാണാനാകുമെന്ന് പ്രസ്താവിച്ച പാപ്പാ ഈ പുല്‍ക്കൂടു സന്ദര്‍ശിക്കുന്നവര്‍ സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സ്വാഗതംചെയ്യലിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പ്രതീകാത്മക മൂല്യം കണ്ടെത്താന്‍ ക്ഷണിക്കപ്പെടുമെന്ന് പറഞ്ഞു.അതുപോലെതന്നെ ദേവാലയങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും നിര്‍മ്മിക്കുന്ന പുല്‍ക്കുടുകളും ദുരിതമനുഭവിക്കുന്ന, ദാരിദ്ര്യത്തില്‍ കഴിയുന്ന, അരിഷ്ടതകള്‍ അനുഭവിക്കുന്ന നിരവധിയായ ആളുകളുടെ വദനങ്ങളില്‍ മറഞ്ഞിരിക്കുന്ന ദൈവത്തിന് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ഇടം നല്കാനുള്ള ക്ഷണമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.വത്തിക്കാനില്‍ പുല്‍ക്കൂടിനടുത്തു നാട്ടിയിരിക്കുന്ന ക്രിസ്തുമസ് മരം ഇറ്റലിയിലെ ത്രെന്തൊ പ്രവിശ്യയിലെ ലഗൊറായ് മലനിരകളുടെ താഴ്വാരത്തുനിന്നു കൊണ്ടുവന്നതാണെന്നനുസ്മരിച്ച പാപ്പാ ആ പ്രദേശത്തിന്‍റെ പ്രകൃതിസൗന്ദര്യം സ്രഷ്ടാവിനെ ധ്യാനിക്കാനും അവിടത്തെ കരവേലയായ പ്രകൃതിയെ ആദരിക്കാനും ഉള്ള ക്ഷണമാണെന്നും നാം സൃഷ്ടിയെ ധ്യാനാത്മകവിസ്മയത്തോടെ സമീപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുല്‍ക്കൂടും ദീപാലങ്കൃത ക്രിസ്തുമസ് മരവും 2017 ജനുവരി 8 വരെ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.