News >> ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു- പാപ്പാ


ചൈന സന്ദര്‍ശിക്കാനുള്ള തന്‍റെ അഭിലാഷം മാര്‍പ്പാപ്പാ ആവര്‍ത്തിക്കുന്നു.

     തന്‍റെ പത്താം വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാമത്തെ വേദിയായിരുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍നിന്ന് റോമിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമേകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     താന്‍ കൊറിയ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴും ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ ലോകത്തിന് മഹത്തായ സംസ്ക്കാരവും ഏറെ നല്ല കാര്യങ്ങളും സമ്മാനിക്കുന്ന ഒരു മഹാരാജ്യമാണ് ചൈനയെന്നു പറഞ്ഞു. അന്നാടുമായി നല്ല ബന്ധങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍ തുറക്കപ്പെടുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.

     സിറിയയില്‍ ഇസ്ലാം തീവ്രവാദികളുടെ ISISന്‍റെ താവളങ്ങള്‍ക്കെതിരെ ഫ്രാന്‍സ് ആരംഭിച്ചിരിക്കുന്ന ബോബാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, മരണത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകുന്ന ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണുത്തമമെന്ന തന്‍റെ ബോധ്യം ആവര്‍ത്തിച്ചു വ്യക്തമാക്കി.

Source: Vatican Radio