News >> ആത്മാരാധനയെന്ന അപകടത്തില്‍ വീഴാതെ സൂക്ഷിക്കുക
Source: Vatican Radioതങ്ങള്‍ കര്‍ത്താവിന്‍റെയും സഭയുടെയും ദൈവരാജ്യത്തിന്‍റെയുമാണെന്ന അവബോധം വൈദികാര്‍ത്ഥികള്‍ പുലര്‍ത്തണമെന്ന് മാര്‍പ്പാപ്പാ.തെക്കുകിഴക്കെ ഇറ്റലിയിലെ പൂല്യ പ്രദേശത്തെ പതിനൊന്നാം പീയൂസ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നെത്തിയിരുന്ന വൈദികാര്‍ത്ഥികളും വൈദികപരിശീലകരുമുള്‍പ്പടെയുള്ള 300 ലേറെപ്പേരുടെ ഒരു സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. സെമിനാരിക്കാര്‍ക്ക് ഈ അവബോധമുണ്ടെങ്കില്‍ അവര്‍ക്ക് സെമിനാരിജീവിതത്തില്‍ നല്ലവണ്ണം മുന്നേറാന്‍ കഴിയുമെന്നു പറഞ്ഞ പാപ്പാ ആത്മാരാധനയെന്ന ഏറ്റം വലിയ അപകടത്തില്‍ വീഴാതെ അവര്‍ സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.അവനവനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുവന് ക്രിസ്തുവിനെ നോക്കാന്‍ കഴിയില്ലെന്നും സ്വയരക്ഷയ്ക്കായി അവന്‍ ശ്രമിക്കുമ്പോള്‍ സഭയുടെ സൗന്ദര്യം ആസ്വദിക്കാനാകില്ലെന്നും സ്വന്തമായതൊക്കെ നഷ്ടപ്പെടുമെന്ന ഭീതിയുള്ളവന് ദൈവരാജ്യം പടുത്തുയര്‍ത്തുന്നതിനായി യത്നിക്കാനാകില്ലയെന്നും പാപ്പാ ആത്മാരാധനയെന്ന അപകടത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു വിശദീകരിച്ചു.എന്തിലെങ്കിലും അംഗമായിരിക്കുക, എന്തിന്‍റെയെങ്കിലും ഭാഗമായിരിക്കുകയെന്നാല്‍ അതുമായുള്ള ബന്ധത്തിലാകുക എന്നാണര്‍ത്ഥമെന്നും ആകയാല്‍ വൈദികാര്‍ത്ഥികള്‍ ക്രിസ്തുവുമായും പൗരോഹിത്യ ശുശ്രൂഷയും വിശ്വാസവും ആരുമായി പങ്കുവയ്ക്കുന്നുവോ ആ സഹോദരങ്ങളുമായും ജീവിതത്തില്‍ ആരൊക്കയുമായി കണ്ടുമുട്ടുന്നുവോ അവരുമായുമുള്ള ബന്ധത്തിന്‍റെ മനുഷ്യരാകണമെന്നും സെമിനാരിയിലാണ് ഈ ബന്ധം ഉചിതമാംവിധം ജീവിക്കാനാരംഭിക്കുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.എന്തിന്‍റയെങ്കിലും ഭാഗമായിരിക്കുയെന്നത് പുറന്തള്ളലിനും വലിച്ചെറിയലിനും വിപരീതമായി നിലകൊള്ളുന്നുവെന്നും വിശദീകരിച്ച പാപ്പാ ക്രിസ്തുവിന്‍റെതായിരിക്കുന്നതില്‍ വളരുന്ന ഒരുവന് അവിടത്തെ നോട്ടം സകലരെയും ആശ്ലേഷിക്കുന്നുവെന്നറിയാമെന്നും ആകയാല്‍ പുറന്തള്ളുന്ന മനുഷ്യനായിരിക്കാന്‍ അവനാകില്ലയെന്നും പറഞ്ഞു.