News >> മാനവവികസനത്തിന്‍റെ ശരിയായ ദിശ സമാധാനത്തിന്‍റേത്, പാപ്പാ


Source: Vatican Radio

2017 ജനുവരി ഒന്നാം തീയതി, അമ്പതാമത് ലോകസമാധാനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പായുടെ ലോകസമാധാനദിനസന്ദേശം പ്രസിദ്ധീകരിച്ചു. അക്രമരാഹിത്യം: സമാധാനത്തിനുള്ള രാഷ്ടീയനീതിശാസ്ത്രരീതി എന്ന ശീര്‍ഷകത്തിലുള്ള ഈ സന്ദേശം 2016 ഡിസംബര്‍ പന്ത്രണ്ടാംതീയതി, തിങ്കളാഴ്ച പ്രസീദ്ധീകരിച്ചു.  പോള്‍ ആറാമന്‍ പാപ്പായുടെ ആദ്യ ലോകസമാധാനദിന സന്ദേശത്തിലെ വാക്കുകളുദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദേശം ആരംഭിക്കുന്നത്:

മാനവവികസനത്തിന്‍റെ ശരിയായിട്ടുള്ള ദിശ സമാധാനത്തിന്‍റേതു മാത്രമാണ്. അല്ലാതെ, ദേശീയതയുടെ അതിമോഹങ്ങള്‍ ഉളവാക്കുന്ന സമ്മര്‍ദ്ദങ്ങളുടേതോ, അക്രമത്തിലൂടെയുള്ള അധിനിവേശങ്ങളുടേതോ, തെറ്റായ പൗരാവകാശക്രമങ്ങള്‍ക്കുവേണ്ടിയുള്ള അടിച്ചമര്‍ത്തലുകളുടേതോ അല്ല (ജനുവരി 1, 1968).   

 അന്താരാഷ്ട്രതര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് യുക്തിയുടെയും നിയമം, നീതി, സമത്വങ്ങളുടെയും അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള ശ്രമങ്ങള്‍ മതിയാവില്ല, മറിച്ച് ഭീതിദവും നാശകാരണവുമായ ശക്തികളാവശ്യമാണ് എന്നു വിശ്വസിക്കുന്നതിലെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനും പാപ്പാ ശ്രമിക്കുന്നുണ്ട്. ഓരോ സ്ത്രീപുരുഷന്മാരിലും കുഞ്ഞുങ്ങളിലും ഉള്ള ദൈവികഛായയുടെയും സാദൃശ്യത്തിന്‍റെയുമായ അതിമഹനീയമായ മാനവാന്തസ് അംഗീകരി ക്കുന്നതിനും, പ്രത്യേകിച്ചും സംഘട്ടനങ്ങളുടെ സാഹചര്യത്തില്‍ ഈ അഗാധമായ മാനവാന്തസ്സിനെ ആദരിക്കുന്നതിനും നമ്മുടെ ജീവിതവഴികളില്‍ അക്രമരാഹിത്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇടയാകട്ടെ എന്ന് ആഹ്വാനം ചെയ്തുകൊണ്ട്  പാപ്പാ ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ദേശങ്ങള്‍ക്കും രാഷ്ടത്തലവന്മാര്‍ക്കും മത, സാമുദായികനേതാക്കള്‍ക്കും ഹൃദയപൂര്‍വകമായ ആശംസകള്‍ നേര്‍ന്നു.