News >> ത്രികാലപ്രാര്‍ത്ഥനാ സന്ദേശം-"കര്‍ത്താവില്‍ ആനന്ദിക്കുവിന്‍
Source: Vatican Radioവത്തിക്കാനില്‍, പതിവുപോലെ, ഞായറാഴ്ച (11/12/16) മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. റോമില്‍ പരിസ്ഥിതി സൗഹൃദ ഞായര്‍ ആചരിക്കപ്പെട്ടതിനാല്‍ വാതകം, വൈദ്യുതി എന്നിവ ഉപയോഗിക്കുന്നവയും മലിനീകരണത്തോത് കുറവായ യൂറൊ 6 വിഭാഗത്തില്‍പ്പെടുന്നവയുമൊഴികെയുള്ള സ്വകാര്യവാഹനങ്ങള്‍ രാവിലെയും ഉച്ചയ്ക്കു ശേഷവും അല്പസമയത്തേക്കൊഴികെ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടിരുന്നെങ്കിലും വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. ഭവനങ്ങളില്‍ നിര്‍മ്മിച്ച തങ്ങളുടെ പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ രൂപം, അനുവര്‍ഷം പതിവുള്ളതുപോലെ, പാപ്പായെക്കൊണ്ടാശീര്‍വ്വദിപ്പിക്കുന്നതിനായി എത്തിയിരുന്ന കുട്ടികളും അനവധിയായിരുന്നു.മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആരവങ്ങളും ഉയര്‍ന്നു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ലോകരക്ഷകന്‍റെ തിരുപ്പിറവിക്കൊരുങ്ങുന്ന ഘട്ടമായ ആഗമനകാലത്തിലെ മൂന്നാമത്തെതായ ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ അവലംബമാക്കി ഒരു സന്ദേശം നല്കി. മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കൊരുക്കമായി, ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നടത്തിയ പ്രഭാഷണത്തിന്‍റെ മലയാള പരിഭാഷ താഴെ ചേര്‍ക്കുന്നു: പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. ഇന്ന് നാം ആഗമനകാലത്തിലെ മൂന്നാമത്തെ ഞായര്‍ ആഘോഷിക്കുകയാണ്. "നിങ്ങള്‍ എപ്പോഴും കര്‍ത്താവില്‍ ആനന്ദിക്കുവിന്‍" എന്ന പൗലോസ് അപ്പസ്തോലന്‍റെ ആഹ്വാനത്താല്‍ സവിശേഷതായര്‍ന്നതാണ് ഈ ഞായര്‍. ഞാന്‍ നിങ്ങളോട് ആവര്‍ത്തിക്കുന്നു: നിങ്ങള്‍ ആനന്ദിക്കുവിന്‍, കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു. ( പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 4, 4 ഉം 5ഉം വാക്യങ്ങളില്‍ നിന്ന്) ഉപരിപ്ലവമോ വൈകാരികമൊ അല്ല പൗലോസപ്പസ്തോലന്‍ ആഹ്വാനം ചെയ്യുന്ന ഈ ആനന്ദം. അത് ലൗകികവുമല്ല ഉപഭോഗപ്രവണതയുടേതും അല്ല. അത്തരം ആനന്ദമല്ല, പ്രത്യുത, അധികൃതമായ ആനന്ദമാണ്. അതിന്‍റെ സ്വാദ്, സന്തോഷത്തിന്‍റെ യഥാര്‍ത്ഥ സ്വാദ് വീണ്ടും കണ്ടെത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന് രക്ഷകൊണ്ടുവന്നവനും, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായും, ബത്ലഹേമില്‍ കന്യകാമറിയത്തില്‍ നിന്ന് പിറന്നവനുമായ യേശുവിനെ നാം പാര്‍ത്തിരിക്കുമ്പോള്‍ നമ്മുടെ അസ്തിത്വത്തിന്‍റെ അന്തരംഗത്തെ സ്പര്‍ശിക്കുന്ന ഒരാനന്ദമാണ് അത്. ഈ സന്തോഷം ഗ്രഹിക്കാനും ജീവിക്കാനും അനുയോച്യമായ ഒരു പശ്ചാത്താലം ആരാധനക്രമത്തില്‍ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ ഒരുക്കുന്നു. ഏശയ്യ മരുഭൂമിയെക്കുറിച്ച്, വരണ്ടുണങ്ങിയ മണ്ണിനെക്കുറിച്ച്, വിശാലമായ പുല്‍പ്രദേശത്തെക്കുറിച്ച് പറയുന്നു. പ്രവാചകന്‍റെ മുന്നിലുള്ളത് ദുര്‍ബലകരങ്ങളും ബലഹീനമായ കാല്‍മുട്ടുകളും ചകിതഹൃദയങ്ങളും അന്ധരും ബധിതരും മൂകരും ആണ്. ശൂന്യതയുടെയും ദൈവത്തെ കൂടാതെയുള്ള അനിയന്ത്രിതമായ ഒരു ഭാഗധേയത്തിന്‍റെയുമായ ഒരവസ്ഥയുടെ ചിത്രമാണിത്.എന്നാല്‍ അവസാനം രക്ഷ വിളംബരംചെയ്യപ്പെടുന്നു: പ്രവാചകന്‍ പറയുന്നു. "ഭയപ്പെടേണ്ട, ധൈര്യമവലംബിക്കുവിന്‍... ഇതാ നിങ്ങളുടെ ദൈവം... അവിടന്ന് നിങ്ങളെ രക്ഷിക്കാന്‍ വരുന്നു". (ഏശയ്യ, 35,4). ഉടനെ സകലവും രൂപാന്തരപ്പെടുന്നു: മരുഭൂമി പുഷ്പ്പിക്കുന്നു, ഹൃദയങ്ങളില്‍ സാന്ത്വനവും സന്തോഷവും വ്യാപിക്കുന്നു. യേശുവില്‍ സാക്ഷാത്കൃതമാകുന്നതും ഇപ്പോള്‍ത്തന്നെയുള്ളതുമായ രക്ഷയെ വെളിപ്പെടുത്തുന്നവയാണ് ഏശയ്യ പ്രഘോഷിച്ച ഈ അടയാളങ്ങള്‍. സ്നാപകയോഹന്നാന്‍ അയച്ച ദൂതരോട് മറുപടി പറയവെ യേശുതന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. " അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു". മത്തായി 11,5. വെറും വാക്കുകളല്ല, യേശു കൊണ്ടുവന്ന രക്ഷ എന്താണെന്ന് കാണിക്കുന്ന വസ്തുതകളാണ് അവ. മാനവാസ്തിത്വത്തെ മുഴുവന്‍ ഗ്രഹിക്കുകയും വീണ്ടും ജനിപ്പിക്കുകയും ചെയ്യുന്നു. നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് ദൈവം ചരിത്രത്തില്‍ പ്രവേശിക്കുന്നു; നമ്മുടെ അസ്തിത്വത്തില്‍ പങ്കുചേരുന്നതിനും നമ്മുടെ വ്യാധികളെ സുഖപ്പെടുത്തുന്നതിനും, മുറിവുകള്‍ വച്ചുകെട്ടുന്നതിനും നമുക്കു പുതുജീവന്‍ പ്രദാനം ചെയ്യുന്നതിനും അവിടന്ന് നമ്മുടെ ഇടയില്‍ വാസമുറപ്പിച്ചു. പരിത്രാണത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും ഈ ഇടപെടലിന്‍റെ ഫലമാണ് സന്തോഷം.ആഹ്ലാദത്തിന്‍റെ വികാരത്താല്‍ ആമഗ്നരാകാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിന് നാം വിളിക്കപ്പെട്ടിരിക്കുന്നു. സന്തോഷമില്ലാത്തവനായ ഒരു ക്രൈസ്തവന്‍ എന്തൊ ഒരു കുറവുള്ളവനാണ്, സന്തോഷരഹിതന്‍ ക്രൈസ്തവനല്ല. ഹൃദയാനന്ദം, അകമെയുള്ള ആനന്ദം നമ്മെ മുന്നോട്ടു നയിക്കുകയും നമുക്കു പ്രചോദനം പകരുകയും ചെയ്യും. കര്‍ത്താവ് ആഗതനാകുന്നു, അവിടന്ന് നമ്മുടെ ജീവിതത്തിലേക്കു ഒരു വിമോചകനായി കടന്നു വരുന്നു, ആന്തരികവും ബാഹ്യവുമായ എല്ലാ അടിമത്തങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കാന്‍ കര്‍ത്താവ് ആഗതനാകുന്നു. വിശ്വസ്തതയുടെയും ക്ഷമയുടെയും സ്ഥൈര്യത്തിന്‍റയും വഴി അവിടന്ന് നമുക്കു കാണിച്ചു തരുന്നു. അത് അവിടത്തെ പുനരാഗമനത്തില്‍ നമ്മുടെ സന്തോഷം പൂര്‍ണ്ണമായിരിക്കുന്നതിനു വേണ്ടിയാണ്. തിരുപ്പിറവി ആസന്നമായിരിക്കുന്നു, അവിടന്ന് നമ്മോടടുത്തുകൊണ്ടിരിക്കുന്നതിന്‍റെ അടയാളങ്ങള്‍ പാതകളിലും നമ്മുടെ വീടുകളിലും ദൃശ്യമാണ്. ഇവിടെ ഈ ചത്വരത്തിലും ക്രിസ്തുമസ്സ് മരത്തിനരികെ പുല്‍ക്കൂട് കെട്ടിയിരിക്കുന്നു. എന്നും ആഗതാനാകുകയും നമ്മുടെ വാതിലില്‍മുട്ടുകയും, നമ്മുടെ അടുത്തേക്കു വരുന്നതിന് നമ്മുടെ ഹൃയങ്ങളില്‍ മുട്ടുകയും ചെയ്യുന്ന കര്‍ത്താവിനെ സ്വീകരിക്കാന്‍ ബാഹ്യമായ ഈ അടയാളങ്ങള്‍ നമ്മെ ക്ഷണിക്കുന്നു, നമ്മുടെ അരികിലൂടെ കടന്നുപോകുന്ന സഹോദരങ്ങള്‍ക്കിടയില്‍, വിശിഷ്യ, ഏറ്റം ബലഹീനരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ ഇടയില്‍ അവിടത്തെ കാലടികള്‍ തിരിച്ചറിയാന്‍ നമ്മെ ക്ഷണിക്കുന്നു.നമ്മുടെ രക്ഷകന്‍റെ ആഗമനം ആസന്നമായിരിക്കുന്നതില്‍ ആനന്ദിക്കാന്‍ ഇന്നു നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും, ഏകാന്തത അനുഭവിക്കുന്നവര്‍ക്കും, സന്തോഷരഹിതര്‍ക്കും സാന്ത്വനവും പ്രത്യാശയും പ്രദാനം ചെയ്തുകൊണ്ട് ഈ ആനന്ദം പങ്കുവയ്ക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൈവസ്വനം പ്രാര്‍ത്ഥനയില്‍ ശ്രവിക്കാന്‍ കഴിയുന്നതിനും കര്‍ത്താവിനെ സഹോദരങ്ങളില്‍ സേവിക്കാന്‍ സാധിക്കുന്നതിനും യേശുവിനെ സ്വീകരിക്കാന്‍ നമ്മുടെ ഹൃദയത്തെ സജ്ജമാക്കിക്കൊണ്ട് ഒരുക്കമുള്ളവരായി തിരുപ്പിറവി ദിനത്തിലെത്താന്‍ കഴിയുന്നതിനും "കര്‍ത്താവിന്‍റെ ദാസി" ആയ കന്യാകാമറിയം നമ്മെ സഹായിക്കട്ടെ.ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ യുദ്ധഭൂമിയായ സിറിയയിലെ ആലെപ്പൊനഗരത്തിലെ നിവാസികളെ, കുടുംബങ്ങളെ, കുട്ടികളും വൃദ്ധജനങ്ങളും രോഗികളും ഉള്‍പ്പെട്ട ജനങ്ങളെ അനുസ്മരിച്ചു. ദൗര്‍ഭാഗ്യവശാല്‍ യുദ്ധവും നാശവുമെല്ലാം സാധാരണസംഭവങ്ങളായി കാണുന്ന ഒരവസ്ഥയിലാണ് നാമെന്നും ചരിത്രസാസ്കാരികവിശ്വാസ സമ്പന്നമായ ഒരു നാടാണ് സിറിയ എന്നത് നാം മറക്കരുതെന്നും പാപ്പാ പറഞ്ഞു. സംഹാരത്തോട് "അരുതു" പറയുകയും സമാധാനത്തോട് "അതെ" എന്നു പറയുകയും ചെയ്യുന്ന ഒരു നാഗരികത തിരഞ്ഞെടുക്കുന്നതിനു വേണ്ടി യത്നിക്കാന്‍ പാപ്പാ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.ഞായറാഴ്ച (11/12/116) വിവിധ നാടുകളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ ഖേദം രേഖപ്പെടുത്തിയ പാപ്പാ ഇടങ്ങള്‍ പലതാണെങ്കിലും മരണത്തിനും നാശത്തിനും ഹേതുവായ അക്രമം ഒന്നുതന്നെയാണെന്നും അതിനുള്ള ഉത്തരവും ഒന്നുമാത്രമാണെന്നും പറഞ്ഞു. ദൈവത്തിലുള്ള വിശ്വാസവും മാനവപൗരമൂല്യങ്ങളുടെ ഐക്യവും ആണ് ഈ ഉത്തരമെന്ന് പാപ്പാ വ്യക്തമാക്കി. ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തൊഡോക്സ് പാത്രിയാര്‍ക്കീസ് തവോദ്രോസ് രണ്ടാമന്‍റെ ആസ്ഥാന ദേവാലയമായ സെന്‍റ് മാര്‍ക്സ് കത്തീദ്രലിനോടു ചേര്‍ന്നുള്ള സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ ഞായറാഴ്ച 25 ലേറെപ്പേരുടെ മരണത്തിനടയാക്കിയ ബോംബുസ്ഫോടനത്തില്‍ അനുശോചിച്ച പാപ്പാ പാത്രിയാര്‍ക്കീസിനോടുള്ള തന്‍റെ സാമീപ്യം അറിയിക്കുകയും മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.ലാവോസിലെ വെയെന്‍ന്തിയാനെയില്‍ വൈദികന്‍ മാരിയൊ ബൊര്‍ഗൊത്സ, അല്മായവിശ്വാസി പോള്‍ തൊജ് ക്സിയൂജ് എന്നിവരുള്‍പ്പെടെ 16 നിണസാക്ഷികള്‍ ഈ ഞായറാഴ്ച(11/12/16) വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും ക്രിസ്തുവിനോടുള്ള അവരുടെ വിരോചിതമായ വിശ്വാസം പ്രേഷിതര്‍ക്കും മതബോധകര്‍ക്കും പ്രചോദനവും മാതൃകയും ആയി ഭവിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു,വിവിധരാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരെ സംബോധന ചെയ്ത പാപ്പാ റോം രൂപതയിലെ ഇടവകകളുടെയും കത്തോലിക്കാ വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ പതിവു പോലെ ഇക്കൊല്ലവും പുല്‍ക്കൂടുകളില്‍ വയ്ക്കുന്നതിനുള്ള ഉണ്ണിയേശുവിന്‍റെ ചിറിയ രൂപങ്ങളുമായി എത്തിയിട്ടുള്ള കുട്ടികളെ പ്രത്യേകം അഭിവാദ്യം ചെയ്തു. ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കാന്‍ കഴിയുന്നതിനുള്ള സഹായം പുല്‍ക്കൂടുകള്‍ക്കുമുന്നില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യാചിക്കാന്‍ പാപ്പാ കുട്ടികളെ ഉപദേശിച്ചു.എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന തന്‍റെ പതിവഭ്യര്‍ത്ഥന നവീകരിക്കുകയും കുഞ്ഞുങ്ങളുടെ ഒരു ഗാനം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നറിയിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് പാട്ടു പാടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.