News >> കോപ്റ്റിക് പാത്രിയര്‍ക്കീസിനു പാപ്പായുടെ ടെലഫോണിലൂടെയുള്ള അനുശോചനസന്ദേശം


Source: Vatican Radio

ഡിസംബര്‍ പതിനൊന്നാം തീയതി ഞായറാഴ്ച ഈജിപ്തിലെ കോപ്റ്റിക് പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ 25 പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ദാരുണസംഭവത്തില്‍ തന്‍റെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് ഡിസംബര്‍ പന്ത്രണ്ടാം തീയതി രാവിലെ ഫ്രാന്‍സീസ് പാപ്പാ കോപ്റ്റിക് സഭാതലവന്‍ തവാദ്രോസ് രണ്ടാമനെ ടെലഫോണില്‍ വിളിച്ചു സംസാരിച്ചു. 

നമ്മുടെ രക്തസാക്ഷികളുടെ നിണത്താല്‍ നാമൊരു കൂട്ടായ്മയാണ് എന്നു പറഞ്ഞ പാപ്പാ, ഇന്നു  ഗ്വാദെലൂപ്പെ മാതാവിന്‍റെ തിരുനാളിലര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പ്രത്യേകമായി ഈജിപ്തിലെ ക്രൈസ്തവസമൂഹത്തെ അനുസ്മരിച്ചു പ്രാര്‍ഥിക്കുന്നതാണെന്നു വാഗ്ദാനം ചെയ്തു.  ഈജി പ്തിന്‍റെ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും ഈ സങ്കടകരമായ അവസ്ഥയില്‍ പാപ്പാ നല്കുന്ന ആശ്വാസവും ആത്മീയസാന്നിധ്യവും വളരെ വലുതാണെന്നും പറഞ്ഞുകൊണ്ട്  തവാദ്രോസ് രണ്ടാമന്‍ ബാവ ഫ്രാന്‍സീസ് പാപ്പായെ തന്‍റെ കൃതജ്ഞത അറിയിച്ചു.

ഈജിപ്തിലെ കോപ്റ്റിക് സഭാതലവന്‍ തവാദ്രോസ് രണ്ടാമന്‍ ബാവായുടെ ആസ്ഥാനദേവാലയമായ കെയ്റോയിലെ വി. മര്‍ക്കോസിന്‍റെ നാമത്തിലുള്ള കത്തീഡ്രലിനോടു ചേര്‍ന്നുള്ള  വി. പത്രോസി ന്‍റെ ദേവാലയത്തിലാണ് ബോംബുസ്ഫോടനമുണ്ടായത്.  സ്ത്രീകളും കുട്ടികളും ആരാധന നടത്തി യിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത് എന്നതിനാല്‍ മരിച്ചവരിലേറെയും അവരില്‍പ്പെടുന്ന വരാണ്.  ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരാധനാകര്‍മങ്ങള്‍ നടക്കുന്ന സമയത്തുണ്ടായ ഈ ദാരുണസംഭവം അറിഞ്ഞ ഉടനെതന്നെ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ചയിലെ ത്രികാലജപശേഷമുള്ള തന്‍റെ സന്ദേശത്തില്‍ അഗാധമായ ദുഃഖവും ദുരിതത്തില്‍ പെട്ടവരോടുള്ള സഹാനുഭൂതിയും ആത്മീയസാന്നിധ്യവും അറിയിച്ചിരുന്നു. തൊണ്ണൂറുശതമാനവും മുസ്ലീമുകളായ ഈജിപ്തിലെ ജനതയില്‍ പത്തുശതമാനം മാത്രമാണ് ക്രൈസ്തവര്‍.