News >> കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കു രൂപംനൽകി

Source: Deepikaചരൽക്കുന്ന്: രാഷ്ട്രീയ പാർട്ടികൾ കത്തോലിക്കാ സമുദായത്തോടു സ്വീകരിക്കുന്ന സമീപനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ നിലപാടു കൈക്കൊള്ളാൻ ചരൽക്കുന്നിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് നേതൃസമ്മേളനത്തിൽ തീരുമാനം. രാഷ്ട്രീയ പാർട്ടികളുടെ നയസമീപനം വിലയിരുത്താനും സമുദായത്തിനു രാഷ്ട്രീയദിശാബോധം നൽകാനും കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിക്കും സമ്മേളനം രൂപം നൽകി.

കാർഷിക മേഖലയോടു സർക്കാർ കാട്ടുന്ന അവഗണന തുടരുന്നതു സമുദായത്തിന്റെ ഗൗരവപൂർണമായ രാഷ്ട്രീയ നിലപാടുകളുടെ അഭാവം മൂലമാണെന്നു നേതൃസംഗമം വിലയിരുത്തി. സമുദായത്തെ ഒരു രാഷ്ട്രീയ പ്രസ്‌ഥാനത്തിനും തീറെഴുതി നൽകിയിട്ടില്ല. കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നയങ്ങൾക്കനുസരിച്ച് ഉചിതമായ നിലപാടു സ്വീകരിക്കാനും അതു സമുദായാംഗങ്ങൾക്കിടയിൽ ഗൗരവമായി പ്രചരിപ്പിക്കാനും നേതൃസമ്മേളനം രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി. കാർഷികമേഖല കടുത്ത വെല്ലുവിളികളെ നേരിടുമ്പോൾ ഉചിതമായ ആശ്വാസപദ്ധതി പ്രഖ്യാപിക്കാത്തതിലും ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കത്തോലിക്കാ സമുദായത്തോടു വിവേചനം പുലർത്തുന്നതിലും യോഗം അതൃപ്തി രേഖപ്പെടുത്തി. കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിലാക്കണം. മലയോര മേഖലയിലെ പട്ടയപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് ഉയർത്തുന്ന ഭയാശങ്കകൾക്കു പൂർണ പരിഹാരം ഉണ്ടാക്കണമെന്നും സാമ്പത്തിക സംവരണം ഏർപ്പെടുത്തി ദുർബല ജനവിഭാഗങ്ങളുടെ മോചനത്തിനു നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.