News >> പശ്ചിമേഷ്യയിലെ സഭാപീഡനത്തിനെതിരേ ലോക മനഃസാക്ഷി ഉണരണം: മാർ ആലഞ്ചേരി
Source: Deepikaകൊച്ചി: പശ്ചിമേഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സഭാപീഡനങ്ങളെ ഗൗരവമായി കാണണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാമക്കൾക്കും ദേവാലയങ്ങൾക്കും നേരേയുണ്ടാകുന്ന ശക്‌തമായ അതിക്രമങ്ങൾക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സീറോ മലബാർ സഭയിലെ രജത, സുവർണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭയുടെ സഹോദരീസഭയായ കൽദായ സഭ പശ്ചിമേഷ്യയിൽ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നതിന്റെ വാർത്തകളാണു മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അന്ത്യോഖ്യൻ പാരമ്പര്യത്തിലുള്ള സിറിയൻ സഭ അനുഭവിക്കുന്ന പീഡനങ്ങളും നിരവധിയാണ്.
ഈജിപ്തിലെ കോപ്റ്റിക് സഭയുടെ ആസ്‌ഥാന ദേവാലയത്തോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിൽ കഴിഞ്ഞ ദിവസം ദിവ്യബലിയർപ്പണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ട സംഭവം ലോകത്തെ മുഴുവൻ ഞെട്ടിക്കുന്നതാണ്. പീഡനങ്ങൾക്കിരയാകുന്ന സഭകൾക്കുവേണ്ടി പ്രാർഥിക്കാൻ നമുക്കു കടമയുണ്ട്.
യെമനിൽ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നയതന്ത്ര കാര്യാലയങ്ങളുടെ ശ്രമങ്ങൾ തുടരുന്നതിനൊപ്പം, അദ്ദേഹത്തിനായി തീക്ഷ്ണമായി പ്രാർഥിക്കണമെന്നും മാർ ജോർജ് ആലഞ്ചേരി ഓർമിപ്പിച്ചു.
സീറോ മലബാർ ക്ലർജി കമ്മീഷൻ സംഘടിപ്പിച്ച ജൂബിലേറിയൻ സംഗമത്തിൽ, ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗം ബിഷപ് മാർ ജോൺ വടക്കേൽ, കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ കമ്മീഷൻ സെക്രട്ടറി ഫാ. ജിമ്മി കർത്താനം എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷിക്കുന്ന വൈദികർ ഒരുമിച്ചു ചേർന്നു ദിവ്യബലിയർപ്പണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.