News >> വിശ്വശാന്തിദിന സന്ദേശത്തില്‍ മഹാത്മഗാന്ധിയെ അനുസ്മരിച്ചു
Source: Vatican Radioസമാധാനത്തിന്‍റെ രാഷ്ട്രീയശൈലിയാണ് അഹിംസ : 2017-Ɔമാണ്ടിലെ വിശ്വശാന്തിദിന സന്ദേശത്തിലാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രത്യേക അനുസ്മരണം പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്വശാന്തിദിന സന്ദേശം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. അംഗീകൃത മാധ്യമ ഏജന്‍സികള്‍ക്കായി ഡിസംബര്‍ 12-Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 2017-Ɔമാണ്ടിലെ ലോകസാധാനദിന സന്ദേശം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.2017 ജനുവരി ഒന്നിന്, പുതുവത്സരനാളില്‍ പാപ്പാ ഫ്രാന്‍സിസ് തന്നെ സമാധാനസന്ദേശം ലോകത്തോട് വിളംബരംചെയ്യും.നിശ്ചയദാര്‍ഢ്യമുള്ളതും നിരന്തരവുമായ അംഹിസാമാര്‍ഗ്ഗങ്ങള്‍ ലോകത്ത് നന്മയുടെ മായാത്ത പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും, ഇനിയും ഉയര്‍ത്തുമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ഭാരതത്തിന്‍റെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയും സമകാലീന സ്വാതന്ത്ര്യ സമരസേനാനി, ഖാന്‍ അബ്ദുള്‍ ജാഫര്‍ ഖാനെയും സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യലബ്ധിക്ക് വഴിതെളിച്ചത് അവരുടെ അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ച രാഷ്ട്രീയ സമരമുറകളും ത്യാഗപൂര്‍ണ്ണമായ നീക്കങ്ങളുമായിരുന്നു. അടിമത്വത്തിന്‍റെ നുകത്തില്‍നിന്നും വലിയൊരു ജനതയെ മോചിക്കാന്‍ ഇടയാക്കിയത്, സമാധാനത്തിന്‍റെ രാഷ്ട്രീയശൈലിയായി മഹാത്മഗാന്ധി അംഹിസ കൈക്കൊണ്ടതിനാലാണെന്ന് സന്ദേശത്തില്‍ പാപ്പാ സര്‍ത്ഥിക്കുന്നു. 'നോബല്‍' സമ്മാന സ്വീകരണവേദിയില്‍ മദര്‍ തെരേസ പങ്കുവച്ച ചിന്തയും പാപ്പാ സന്ദേശത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കുടുംബങ്ങളിലെ സമാധാനം പുനര്‍സ്ഥാപിക്കാന്‍ വിനാശകാരണമാകുന്ന തോക്കോ ബോംബോ ആവശ്യമില്ല. കുടുംബത്തില്‍ നമുക്ക് ഒത്തുചേരാം, പരസ്പരം ക്ഷമിക്കാം, സ്നേഹിക്കാം. അങ്ങനെ സംവാദത്തിലൂടെയും അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെയും കൂട്ടായ്മയും സമാധാനവും സ്ഥാപിക്കാം. ലോകത്തുള്ള തിന്മയെ മറികടക്കാന്‍ അഹിംസയുടെ വഴികള്‍ക്ക് കരുത്തുണ്ട്. ആയുധവിപണനം നടത്തി ചിലര്‍ ലാഭം കൊയ്യുമ്പോള്‍ സമാധാനത്തിനായി അഹിംസയുടെ രാഷ്ട്രീയ ക്രമത്തിലൂടെയും ശൈലിയിലൂടെയും ജീവന്‍ സമര്‍പ്പിക്കുന്നരും ലോകത്തുണ്ട്, എന്ന മദര്‍ തെരേസയുടെ പ്രസ്താവം പാപ്പാ സന്ദേശത്തില്‍ ഉദ്ധരിക്കുന്നു.അഹിംസാമാര്‍ഗ്ഗം നീചമായ കീഴടങ്ങലല്ല. അത് അലസതയോ നിസ്സംഗതയോ അല്ല. അതിക്രമത്തെക്കാള്‍ ശക്തമാണ് അഹിംസയെന്ന്, സമാധാനത്തിനായി ജീവന്‍ സമര്‍പ്പിച്ച നേതാക്കളുടെ ജീവിതമാതൃകയില്‍നിന്നും പാപ്പാ സ്ഥാപിക്കുന്നുണ്ട്. വര്‍ണ്ണവിവേചനത്തിനെതിരെ അഹിസാമാര്‍ഗ്ഗം സ്വീകരിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിങ് (ജൂനിയര്‍), സമാധാനത്തിനായി അക്രമരാഹിത്യത്തിന്‍റെ വഴി സ്വീകരിച്ച ലൈബീരിയയിലെ ലെയ്മാ ജീബോവെയും കൂട്ടുകാരികളായ സ്ത്രീകളെയും ലോകത്തെ സമാധാനദൂതരായി പാപ്പാ ചൂണ്ടിക്കാട്ടുന്നു.* നീണ്ട എട്ടു ഖണ്ഡികകളുള്ള സന്ദേശം പൂര്‍ണ്ണരൂപത്തില്‍ ഉടനെ പ്രസിദ്ധപ്പെടുത്തും.