News >> കുടുംബങ്ങളില്ലാതെ സഭയില്ല: പാപ്പാ
ഫിലാഡെല്‍ഫിയയിലെ, സന്‍ കാര്‍ലോ ബൊറോമെയൊ സെമിനാരിയിലെത്തിയ പാപ്പായ്ക്ക് സ്നേഹോഷ്മളമായ സ്വാഗതമേകി. വൈദികവിദ്യാര്‍ത്ഥികളും ലോക കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടവരായിരുന്ന 300-ാളം മെത്രാന്മാരും ചേര്‍ന്നാണ് പാപ്പായെ വരവേറ്റത്.സൃഷ്ടിയുടെ ഏറ്റവും ഉല്‍കൃഷ്ടമായ കര്‍മ്മത്തില്‍ ദൈവാനുഗ്രഹത്തിന്‍റെ സന്തോഷദായകമായ തെളിവാണ് കുടുംബം എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ കുടുംബമില്ലെങ്കില്‍ സഭയില്ല എന്ന് പ്രസ്താവിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്‍റെ സാഹചര്യങ്ങളും, അവ ഉയര്‍ത്തുന്ന വെല്ലുവിളികളും നാം സ്വീകരിച്ചു അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്നും വിവിധ സാദ്ധ്യതകളും പ്രശ്നങ്ങളുമുള്ള ഈ ലോകത്തിലാണ് നാം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും പ്രഘോഷിക്കുകയും ചെയ്യേണ്ടതെന്നും പാപ്പാ പറഞ്ഞു.ഉപഭോഗസംസ്കാരത്തിന്‍റെ കുത്തൊഴുക്കില്‍ ബന്ധങ്ങള്‍ പോലും ഇന്ന് ഉപഭോഗവല്ക്കരിക്കപ്പെടുകയാണെന്നും സ്വാര്‍ത്ഥ സുഖത്തിന്‍റെയും താല്‍പര്യങ്ങളുടെയും മാത്രമായ ഒരു കൊച്ചു ലോകത്തില്‍ സ്നേഹവും പങ്കുവയ്പ്പും ഇല്ലാത്ത ഏകാന്തതയുടെ വേദനകളില്‍ പല ജീവിതങ്ങളും ഒറ്റപ്പെടുന്നു എന്നും പാപ്പാ ചൂണ്ടിക്കാട്ടി. യേശുവാകുന്ന നല്ല ഇടയന്‍റെ കാല്‍പ്പാടുകള്‍ പിന്‍ചെല്ലുന്ന അജപാലകരായ മെത്രാന്മാര്‍, ഈ വിശ്വാസികളെ അന്വേഷിച്ചു കണ്ടെത്തി, കൈപിടിച്ചെഴുന്നേല്ല്പ്പിച്ചു മുറിവുകള്‍ വച്ചുകെട്ടി പരിപാലിക്കാന്‍ വിളിക്കപ്പെട്ടവരാണ് എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.തങ്ങള്‍ കുടുംബജീവിതം ഉപേക്ഷിച്ചത് സ്നേഹിക്കാതിരിക്കാനല്ല, അനേകായിരങ്ങള്‍ക്ക് ദൈവത്തിന്‍റെ സ്നേഹസ്വാന്ത്വനം പകരാനാണ്. പ്രത്യാശ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങള്‍ക്ക്, പ്രത്യേകിച്ചു യുവജനങ്ങള്‍ക്ക് പ്രത്യാശയുടെയും ദൈവാനുഗ്രഹത്തിന്‍റെയും നിറവേകി അവരുടെ കുടുംബങ്ങളെ സവിശേഷമായി വിവാഹത്തിലൂടെ കെട്ടിപ്പടുക്കുവാന്‍ അജപാലകര്‍ എന്ന നിലയില്‍ ജനങ്ങളെ സഹായിക്കേണ്ട ചുമതലയുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. സഭയും കുടുംബവും തമ്മില്‍ ഒരു നവസാമീപ്യം ഉണ്ടാകട്ടെ, ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്‍റെ പ്രബോധനം അവസാനിപ്പിച്ചത്.Source: Vatican Radio