News >> പാപത്തെ വെള്ളപൂശരുത്

Source: Sunday Shalom


വത്തിക്കാൻ സിറ്റി: പാപത്തെ ഗൗരവമായി കണ്ട് അവ കുമ്പസാരത്തിൽ ഏറ്റ് പറഞ്ഞുകൊണ്ട് ഹൃദയം ദൈവത്തിനായി തുറന്നുകൊടുക്കുവാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. കുറച്ച് പാപങ്ങൾ ചെയ്തിട്ടുണ്ട്.. കുമ്പസാരിച്ചേക്കാം എന്ന് ഭാവത്തിൽ കുമ്പസാരിക്കുകയും അതിന് ശേഷം പഴയ ജീവിതം തുടരുകയും ചെയതാൽ ദൈവത്തിന് ജീവിതത്തെ പുനർനിർമ്മിക്കുവാൻ സാധിക്കുകയില്ലെന്ന് കാസാ സാന്ത മാർത്തയിലർപ്പിച്ച ദിവ്യബലിയിൽ പാപ്പ വ്യക്തമാക്കി. ഹൃദയത്തിന് മുകളിലൂടെ രണ്ട് കോട്ട് പെയിന്റ് അടിക്കുന്നതിന് തുല്യമാണത്. അതുകൊണ്ട് ഒരോ പാപവും കൃത്യമായി കുമ്പസാരത്തിൽ ഏറ്റുപറയുക. ഹൃദയത്തിൽ ഞാൻ ലജ്ജിക്കുന്നുവെന്ന് പറയുക. പുനർനിർമ്മിക്കുന്നതിനായി ഹൃദയം ദൈവത്തിനായി തുറന്നുകൊടുക്കുക. യഥാർത്ഥ വിശ്വാസത്തോടെ ക്രിസ്മസ്സിനായി ഒരുങ്ങുവാൻ ഇത് സഹായിക്കും. പലപ്പോഴും പാപങ്ങളുടെ കാഠിന്യം മറച്ചുപിടിക്കാൻ നാം ശ്രമിക്കും. എന്നാൽ അവയുടെ ഗൗരവും കുറച്ച് കാണുമ്പോൾ അത് കൂടുതൽ വഷളായ അവസ്ഥ സൃഷ്ടിക്കുന്നു. പാമ്പിന്റെ വിഷം പോലെ അത് മറ്റുള്ളവരെക്കൂടി ദുഷിപ്പിക്കുന്നു; പാപ്പ വിശദീകരിച്ചു.

എല്ലാ മനുഷ്യരും പാപികളാണെന്ന് പാപ്പ തുടർന്നു. മറിയം മഗ്ദലനയ്ക്ക് ശാരീരികമായ മുറിവല്ല ഉണ്ടായിരുന്നത്. അവളുടെ ഹൃദയത്തിൽ പാപത്തിന്റെ മുറിവാണുണ്ടായിരുന്നത്. അതുപോലെ നാമെല്ലാവരും പാപികളാണ്. പക്ഷെ നമ്മുടെ പാപങ്ങളുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടേക്ക് ദൈവത്തെ ക്ഷണിച്ചാൽ നമ്മെ പുതിയ മനുഷ്യനാക്കാൻ അവിടുത്തേക്ക് സാധിക്കും. നിന്റെ പാപങ്ങൾ ദൈവത്തിന്റെ പക്കൽ ഏൽപ്പിച്ച് ഒരു പുതിയ സൃഷ്ടിയാകുവാനുള്ള ധൈര്യം നീ കാണിക്കണമെന്നാണ് ദൈവം ഇന്നാവശ്യപ്പെടുന്നത് ; പാപ്പ വ്യക്തമാക്കി.