News >> മത്സ്യതൊഴിലാളികളുടെ ചൂഷണത്തിനെതിരെ വത്തിക്കാൻ
Source; Sunday Shalom
വത്തിക്കാൻ സിറ്റി: മത്സ്യബന്ധനമേഖലയിലെ നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും അവസാനിപ്പിക്കാൻ ഊർജ്ജിതശ്രമങ്ങൾ ആവശ്യമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ. വത്തിക്കാനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷണകാർഷികസംഘടനയും ലോകം മത്സ്യവ്യവസായദിനത്തിൽ സംഘടിപ്പിച്ച സംയുക്ത സമ്മേളനത്തിലാണ് കർദിനാൾ പരോളിൻ ഈ ആവശ്യം ഉന്നയിച്ചത്. ചൂഷണത്തിന്റെ വളയത്തിൽ അകപ്പെട്ടുപോയ ദുർബലരെ അതിൽനിന്ന് മോചിപ്പിക്കണമെന്നും കർദിനാൾ പരോളിൻ ആഹ്വാനം ചെയ്തു.
ട്രാൻസ് അറ്റ്‌ലാന്റിക്ക് അടിമ കച്ചവടം നിരോധിച്ച് രണ്ട് നൂറ്റാണ്ടുകൾക്കു ശേഷവും രണ്ട് കോടിയിലധികം ജനങ്ങൾ നിർബന്ധിത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കർദിനാൾ പങ്കുവച്ചു. അനൗദ്യോഗികവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വ്യവസായങ്ങളിലാണ് ഇവരിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത്. കഠിനാധ്വാനം ആവശ്യമായ മത്സ്യബന്ധനം പോലുള്ള മേഖലകളിലും നിരവധിയാളുകൾ നിർബന്ധിത ജോലി ചെയ്യുന്നുണ്ട്. മനുഷ്യക്കടത്തിനിരയായവരും അഭയാർത്ഥികളും ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. പലപ്പോഴും മത്സ്യബന്ധത്തിന് പോകുന്ന ബോട്ടുകൾ ദീർഘകാലത്തേക്ക് ഒറ്റപ്പെട്ട അവസ്ഥയിലാണ്. തൊഴിലാളികളുമായി ഉണ്ടാക്കിയിട്ടുള്ള കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടുക മാത്രമല്ല അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. തടവിന് തുല്യമായ സാഹചര്യത്തിൽ വൃത്തിഹീനവും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ കഴിയുവാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു. ചൂഷണത്തിനിരയാകുന്ന തൊഴിലാളികളുടെ മോചനം, മത്സ്യബന്ധത്തിനുള്ള അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെ പാലനം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനം എന്നീ മേഖലകളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കർദിനാൾ പരോളിൻ ആവശ്യപ്പെട്ടു.
ലോകത്തിലെ പത്തിലൊരാളുടെ ജീവിതമാർഗം മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷികസംഘടനയായ എഫ്എഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത്രയധികം ജോലികൾ പ്രദാനം ചെയ്യുന്ന ഈ മേഖലയിൽ തന്നെയാണ് ഏറ്റവും ദുർബലരായവർ ചൂഷണത്തിനിരയാകുന്നതെന്ന് എഫ്എഒ ഡയറക്ടർ ജനറൽ ജോസ് ഗ്രാസിയാനോ ഡി സിൽവ പറഞ്ഞു. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായുള്ള പൊന്തിഫിക്കൽ കൗൺസിലിലെ അപ്പസ്‌തോൽഷിപ്പ് ഓഫ് സീയിലെ പ്രതിനിധി ഫാ. ബ്രൂണോ സിസേറിയുടെ വാക്കുകൾ ഈ മേഖലയിലെ ചൂഷണത്തിന്റെ ആധിക്യം വ്യക്തമാക്കുന്നു- ക്രിമിനൽ സംഘങ്ങളുടെ വലയിലകപ്പെട്ട നിരവധിയാളുകൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നുണ്ട്. മത്സ്യബന്ധനബോട്ടുകളിൽ നിർബന്ധിത ജോലികൾ അവർക്ക് ചെയ്യേണ്ടതായി വരുന്നു. അവരിൽ വലിയോരുശതമാനത്തിനും ശമ്പളം ലഭിക്കുന്നില്ല. പലരും ബോട്ടുകളിൽ വച്ച് കൊല്ലപ്പെടുകയും കടലിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. മനുഷ്യത്വത്തിനെതിരായ തി്ന്മഎന്ന് ഫ്രാൻസിസ് മാർപാപ്പ വിളിക്കുന്ന തിന്മയാണിത്.
സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഇത്തരത്തിൽ അടിമജോലി ചെയ്തുകൊണ്ടിരുന്ന 2000 വ്യക്തികളെ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ മോചിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസിന് കഴിഞ്ഞ വർഷത്തെ പൊതുപ്രവർത്തനത്തിനുള്ള പുലിസ്റ്റർ സമ്മാനം ലഭിച്ചിരുന്നു. 2014-ൽ മാധ്യമസ്ഥാപനമായ ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ അടിമ ജോലിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന ചെമ്മീനുകൾ അമേരിക്കയിലെയും ബ്രിട്ടനിലെയും സൂപ്പർമാർക്കറ്റിലാണ് എത്തിച്ചേരുന്നതെന്നും കണ്ടെത്തുകയുണ്ടായി.