News >> പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം-ഞായര്‍ 18 ഡിസമ്പര്‍ 2016
Source: Vatican radioശൈത്യം അതിശക്തിയാര്‍ജ്ജിച്ച ഒരു ദിനമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (18/12/16) എങ്കിലും വത്തിക്കാനില്‍, പതിവുപോലെ, മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ സംബന്ധിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കുടെ അങ്കണത്തില്‍ മദ്ധ്യത്തിലായി ഒരുക്കിയിരിക്കുന്ന മനോഹരമായ പുല്‍ക്കൂടും ദീപാലംങ്കൃത ക്രിസ്തുമസ് മരവും കാണാനെത്തിയിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാന്‍സീസ് പപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ തങ്ങളുടെ ആനന്ദം അറിയിച്ചു.വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍.ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ആഗമനകാലത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 1, 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍, അതായത്, ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭംധരിക്കപ്പെടുകയും തന്‍റെ പ്രതിശ്രുത വധു ഗര്‍ഭിണിയാണെന്നറിഞ്ഞ ജോസഫ് രഹസ്യത്തില്‍ അവളെ ഉപേക്ഷിക്കാന്‍ നിശ്ചയിക്കുകയും, എന്നാല്‍ അവളെ ശങ്കകൂടാതെ സ്വീകരിക്കാന്‍ ഒരു സ്വപ്നത്തില്‍ ദൈവദൂതന്‍ ജോസഫിനോട് ആവശ്യപ്പെടുന്നതും കന്യകയില്‍ നിന്നു പിറക്കുന്നവന്‍ ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും എന്നറിയിക്കുന്നതുമായ സംഭവം അവലംബമാക്കി മദ്ധ്യാഹ്നപ്രാര്‍ത്ഥനാസന്ദേശം നല്കി.ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി, ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പാപ്പായുടെ പ്രഭാഷണം ഇപ്രകാരം വിവവര്‍ത്തനം ചെയ്യാം:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.ആഗമനകാലത്തിലെ നാലാമത്തെതും അവസാനത്തെതുമായ ഞായറാഴ്ചയായ ഇന്നത്തെ ആരാധാനക്രമം സാമീപ്യം എന്ന പ്രമേയത്താല്‍, നരകുലത്തോടുള്ള ദൈവത്തിന്‍റെ സാമീപ്യത്താല്‍ സവിശേഷതയാര്‍ന്നിരിക്കുന്നു. സുവിശേഷഭാഗം, മത്തായിയുടെ സുവിശേഷം അദ്ധ്യായം 1, 18 മുതല്‍ 24 വരെയുള്ള വാക്യങ്ങള്‍ രണ്ടു വ്യക്തികളെ, അതായത്, സ്നേഹത്തിന്‍റെ ഈ രഹസ്യത്തില്‍ മറ്റാരേയുംക്കാള്‍ ഉള്‍പ്പെട്ട രണ്ടു വ്യക്തികളെ, കന്യകയായ മറിയത്തെയും അവളുടെ കാന്തന്‍ യൗസേപ്പിനെയും കാണിച്ചുതരുന്നു. സ്നേഹത്തിന്‍റെ രഹസ്യം, നരകുലത്തോടുള്ള ദൈവത്തിന്‍റെ സാമീപ്യത്തിന്‍റെ രഹസ്യം ആണിത്. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന പ്രവചനത്തിന്‍റെ വെളിച്ചത്തിലാണ് മറിയം അവതരിപ്പിക്കപ്പെടുന്നത്. ഈ പ്രവചനം പരിശുദ്ധാത്മാവിനാല്‍ യേശുവിനെ ഗര്‍ഭം ധരിച്ച മറിയത്തില്‍ നിറവേറിയതായി മത്തായി സുവിശേഷകന്‍ തിരിച്ചറിയുന്നു. മനുഷ്യനാകുന്നതിന് ദൈവസൂനു അവളുടെ ഉദരത്തില്‍ പ്രവേശിക്കുകയും അവള്‍ അവിടത്തെ സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സ്ത്രീയില്‍ നിന്ന് ശരീരം ധരിച്ച് ദൈവം അദ്വീതീയമായ രീതിയില്‍ മനുഷ്യനോട് അടുക്കുന്നു. ദൈവം നമ്മുടെ അടുത്തെത്തി, ഒരു സ്ത്രീയില്‍ നിന്ന് മാംസം ധരിച്ചു. ദൈവം നമ്മുടെ ചാരെയാകുന്നതും വിഭിന്നമായ ഒരു രീതിയിലാണ്. നമ്മുടെ ജീവിതത്തിലേക്കു കടക്കുന്നിനും തന്‍റെ പുത്രനെ നമുക്കു ദാനമായി നല്കുന്നതിനും തന്‍റെ കൃപയാലാണ് ദൈവം നമുക്കു സമീപസ്ഥനാകുന്നത്. അപ്പോള്‍ നമ്മള്‍ ചെയ്യുന്നത് എന്താണ്? നമ്മള്‍ അവിടത്തെ സ്വീകരിക്കുകയും നമ്മോടടുക്കാന്‍ അവിടത്തെ അനുവദിക്കയുമാണോ, അതോ, അവിടത്തെ തിരസ്ക്കരിക്കുകയും ആട്ടിപ്പായിക്കുകയുമാണോ ചെയ്യുന്നത്?. ചരിത്രത്തിന്‍റെ നാഥന് സ്വതന്ത്രമായി സ്വയം സമര്‍പ്പിക്കുകയും നരകുലത്തിന്‍റെ ഭാഗധേയം മാറ്റുന്നതിന് അവിടത്തെ അനുവദിക്കുകയും ചെയ്ത മറിയത്തെപ്പോലെ യേശുവിനെ സ്വീകരിക്കുകയും അനുദിനം അവിടത്തെ അനുഗമിക്കുകയും ചെയ്തുകൊണ്ട് നമ്മെയും ലോകത്തെയും സംബന്ധിച്ച അവിടത്തെ പരിത്രാണപദ്ധതിയോടു സഹകരിക്കാന്‍ നമുക്കും സാധിക്കും. ആകയാല്‍ നാം മാതൃകയായി കാണേണ്ടവളും, നമ്മുടെ ദൈവാന്വേഷണത്തിലും ദൈവത്തോടു അടുക്കുന്നതിലും നമ്മോടടുക്കാന്‍ ദൈവത്തെ അനുവദിക്കുന്നതിലും സ്നേഹനാഗരികത കെട്ടിപ്പടുക്കാനുള്ള നമ്മുടെ യത്നത്തിലും നമ്മുടെ സഹായവും ആയി മറിയം പ്രത്യക്ഷപ്പെടുന്നു. ഇന്നത്തെ സുവിശേഷത്തിലെ മറ്റൊരു മുഖ്യകഥാപാത്രം വിശുദ്ധ യൗസേപ്പ് ആണ്. തന്‍റെ കണ്‍മുന്നിലുള്ള യാഥാര്‍ത്ഥ്യത്തിന്, അതായത്, മറിയത്തിന്‍റെ ഗര്‍ഭാവസ്ഥയ്ക്ക് ഒരു വിശദീകരണം സ്വയം കണ്ടെത്താന്‍ കഴിയാതിരിക്കുന്ന ജോസഫിനെയാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ആ സമയത്ത്, അതായത്, സംശയത്തിന്‍റെയും ഉല്‍ക്കണ്ഠയുടെയും ആ വേളയില്‍ ദൈവം അദ്ദേഹത്തിന് സമീപസ്ഥനാകുന്നു, മറിയത്തിന്‍റെ മാതൃത്വത്തിന്‍റെ സ്വഭാവം എന്താണെന്ന് ഒരു ദൂതന്‍ വഴി അവിടന്ന് വ്യക്തമാക്കുന്നു. മറിയം ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് എന്ന് വെളിപ്പെടുത്തുന്നു. ഈ അസ്വാഭാവിക സംഭവത്തിനു മുന്നില്‍ തീര്‍ച്ചയായും നിരവധിയായ ചോദ്യങ്ങള്‍ യൗസേപ്പിന്‍റെ ഹൃദയത്തില്‍ ഉയരുന്നു. എന്നാല്‍ യൗസേപ്പ് തന്‍റെ അടുത്തേക്കു വരുന്ന ദൈവത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുകയും അവിടത്തെ ആഹ്വാനം അനുസരിച്ചുകൊണ്ട്, പ്രതിശ്രുത വധുവായ മറിയത്തെ ഉപേക്ഷിക്കാതെ അവളെ സ്വീകരിക്കുകയും ചെയ്യുന്നു. മറിയത്തെ സ്വീകരിക്കുകവഴി യൗസേപ്പ്, ഒന്നും അസാധ്യമല്ലാത്ത ദൈവത്തിന്‍റെ വിസ്മയനീയമായ പ്രവൃത്തിയാല്‍ അവളില്‍ ഉരുവായവനെ പൂര്‍ണ്ണ ബോധ്യത്തോടും സ്നേഹത്തോടും കൂടി സ്വീകരിക്കുയാണ്. നമ്മോടടുത്തുവരുന്ന ദൈവത്തില്‍ സദാ ആശ്രയിക്കാന്‍ എളിമയുള്ളവനും നീതിമാനുമായ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു. ദൈവം നമ്മെ സമീപിക്കുമ്പോള്‍ നാം നമ്മെ അവിടത്തേക്ക് ഭരമേല്‍പ്പിക്കണം. ദൈവത്താല്‍ നയിക്കപ്പെടാന്‍ നമ്മള്‍ സ്വമനസ്സാലുള്ള വിധേയത്വത്താല്‍ നമ്മെ വിട്ടുകൊടുക്കണം. യേശുവിനെ വിശ്വാസത്തില്‍ ആദ്യം സ്വീകരിച്ച രണ്ടു വ്യക്തിത്വങ്ങള്‍ ആയ മറിയവും യൗസേപ്പും നമ്മെ തിരുപ്പിറവിയുടെ രഹസ്യത്തിലേക്കു നയിക്കുന്നു. നമ്മുടെ യഥാര്‍ത്ഥ ജീവിതത്തില്‍, നമ്മുടെ ശരീരത്തില്‍ ദൈവപുത്രനെ സ്വീകരിക്കാനുള്ള സന്നദ്ധതയുള്ളവരാകാന്‍ മറിയം നമ്മെ സഹായിക്കുന്നു. ദൈവഹിതം എന്നും അന്വേഷിക്കാനും പൂര്‍ണ്ണ വിശ്വാസത്തോടെ അതനുസരിക്കാനും യൗസേപ്പ് നമുക്കു പ്രചോദനം പകരുന്നു. ദൈവം തങ്ങളോടടുക്കാന്‍ അവരിരുവരും അനുവദിച്ചു. "ഇതാ കന്യക ഗര്‍ഭം ധരിക്കുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്യും: ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുകയും ചെയ്യും". ദൈവദൂതന്‍ പറയുന്നു: "ആ ശിശു ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നും വിളിക്കപ്പെടും", അതായത്, ദൈവം നമ്മുടെ സമീപത്തുണ്ട്. നമ്മോടടുക്കുന്ന ദൈവത്തിനായി, കര്‍ത്താവിനായി ഞാന്‍, ഉള്‍പ്രേരണയുണ്ടാകുമ്പോള്‍, മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ വിളിക്കപ്പെടുമ്പോള്‍, പ്രാര്‍ത്ഥനയ്ക്കായി ക്ഷണിക്കപ്പെടുമ്പോള്‍ വാതില്‍ തുറക്കുന്നുണ്ടോ? ദൈവം നമ്മോടു കൂടെ, ദൈവം നമ്മോടടുക്കുന്നു. തിരുപ്പിറവിയില്‍ നറവേറുന്ന പ്രത്യാശയുടെ ഈ വിളംബരം, നമോരോരുത്തരിലും, സഭയിലും ലോകം അവഗണിക്കുകയും എന്നാല്‍ ദൈവം സ്നേഹിക്കുകയും അവിടന്ന് അടുത്തായിരിക്കുകയും ചെയ്യുന്ന നിരവധിയായ ചെറിയവരിലും ദൈവത്തിനായുള്ള കാത്തിരിപ്പിന് പൂര്‍ത്തീകരണമേകട്ടെ.ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ സകലരെയും കുടുംബങ്ങളെയും, വിവിധ സംഘടനകളെയും ഇടവക സമൂഹങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.ആഫ്രിക്കന്‍ നാടായ കോംഗൊ റിപ്പബ്ലിക്കില്‍ സകലവിധ അക്രമങ്ങള്‍ അവസാനിക്കുന്നതിനും രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കും വേണ്ടിയുള്ള സംഭാഷണം ശാന്തമായി അരങ്ങേറുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളെ ക്ഷണിച്ചു.വികലാംഗരെയും ഉള്‍പ്പെടുത്തി ജീവചൈതന്യം തുടിക്കുന്ന ഒരു പുല്‍ക്കൂട് ഒരുക്കിയ ഇറ്റലിയിലെ ഉണിത്താല്‍സി (UNITALSI) എന്നറിയപ്പെടുന്ന സംഘടനയെയും ( രോഗികളെ ലൂര്‍ദ്ദിലേക്കും ഇതര അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്ന സംഘടന) പാപ്പാ അഭിവാദ്യം ചെയ്തു. തനിക്ക് ശനിയാഴ്ച (17/12/16) പിറന്നാള്‍ ആശംസകളേകിയ എല്ലാവര്‍ പാപ്പാ നന്ദി പ്രകാശിപ്പിച്ചു. എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ച പാപ്പാ ദൈവം നമ്മോടുകൂടെ ആയിരിക്കുന്ന, ദൈവം നമ്മുടെ അടുത്തേക്കു വരുന്ന തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷത്തിന്‍റെ വേളകളിലും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അറിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.