News >> ബധിരര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്സ് സന്ദേശമയച്ചു


Source: Vatican Radio

ആംഗ്യഭാഷയില്‍ ലോകത്തെ ബധിരര്‍ക്കായി പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുമസ്സ് സന്ദേശം അയച്ചു.

"നിങ്ങള്‍ക്കെന്‍റെ ക്രിസ്തുമസ് ആശംസകള്‍!

നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ!

ഞാനും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു." ഇത്രയും ആംഗ്യഭാഷയില്‍ മന്ദസ്മിതത്തോടെ ആശംസിച്ച  പാപ്പാ ഫ്രാന്‍സിസ് അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.

പേപ്പല്‍ വസതിയില്‍ ബധിരര്‍ക്കായി ഒരുക്കിയ വീഡിയോ സന്ദേശത്തിന്‍റെ സംവിധായകന്‍ പാപ്പായുടെ സെക്രട്ടറിമാരില്‍ ഒരാളായ ലബനോണ്‍കാരന്‍  മോണ്‍സീഞ്ഞോര്‍ അബുനാ യൊവാന്നിസാണ്. അദ്ദേഹത്തിന്‍റെ ട്വിറ്ററിലാണ് വീഡിയോ ലിങ്ക് (Video link)  പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് :

https://twitter.com/AbunaYoannis

ലോകത്ത് 7 കോടിയോളം കേള്‍വിയില്ലാത്തവരുണ്ട്. അവര്‍ക്ക് ആംഗ്യഭാഷ മാതൃഭാഷയും പ്രഥമ ഭാഷയുമാണ്. ഓരോ രാജ്യത്തും അവരരവര്‍ വികസിപ്പിച്ച ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. ഇതുവരെ ആംഗ്യഭാഷ അന്തര്‍ദേശീയമായി ഏകോപിപ്പിക്കപ്പെട്ടിട്ടില്ല. പാപ്പാ ഫ്രാന്‍സിസ് ഉപയോഗിച്ചത് ഇറ്റലിയില്‍ പൊതുവെ ഉപയോഗിക്കുന്ന അടയാളങ്ങളാണ്. ആഗോളതലത്തില്‍ നിരീക്ഷിക്കുമ്പോള്‍ ഭാഷകള്‍ തമ്മിള്‍ സാമ്യമുള്ളതുപോലെ, വിവിധ രാജ്യങ്ങളിലെ ആംഗ്യഭാഷകള്‍ തമ്മിലും അടുപ്പവും ചേര്‍ച്ചയുമുണ്ട്. എന്നാല്‍ 1960-മുതല്‍ കേള്‍വിയില്ലാത്തവര്‍ക്കായുള്ള ആംഗ്യഭാഷയുടെ വികസനപദ്ധതികള്‍ അമേരിക്കയിലും ഹോളണ്ടിലും വിപുലമായി ആരംഭിച്ചിട്ടുണ്ട്.

ആംഗ്യഭാഷ മൂകാഭിനയമല്ല. മറിച്ച് ഭാഷകളും സംസ്ക്കാരങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അടയാളങ്ങളുടെ ഉപയോഗമാണ്. അതിനാല്‍ കേള്‍വിയില്ലാത്ത വ്യക്തിക്ക് മാതൃഭാഷയും മറ്റുഭാഷകളും പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും, പിന്നെ കാണുന്ന ആംഗ്യങ്ങള്‍ അറിയാവുന്ന ഭാഷകളുമായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനും, ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാനും ആശയവിനിമയം ചെയ്യാനും സാധിക്കുന്നു. ആംഗ്യഭാഷയുടെ വികസനപദ്ധതികള്‍ ഇന്ന് രാജ്യാന്തരതലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ ഏറ്റെടുത്തിട്ടുണ്ട്.