News >> സ്മരണ മുന്നേറ്റത്തിനാവാശ്യം - പാപ്പാ
Source: Vatican Radioതിരഞ്ഞെടുപ്പ്, വാഗ്ദാനം, ഉടമ്പടി എന്നിവ ക്രൈസ്തവ സ്മരണയുടെ തൂണുകളാണെന്ന് മാര്‍പ്പാപ്പാ.തന്‍റെ എണ്‍പതാം പിറന്നാള്‍ ദിനമായിരുന്ന പതിനേഴാം തിയതി ശനിയാഴ്ച (17/12/16) വത്തിക്കാനില്‍ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ളതും, എന്നാല്‍, പൗളിന്‍ കപ്പേള എന്നറിയപ്പെടുന്നതുമായ ദേവാലയത്തില്‍ അറുപതോളം കര്‍ദ്ദിനാളന്മാരുമൊത്തര്‍പ്പിച്ച സമൂഹദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ഓര്‍മ്മ, അതായത്, പിന്നോട്ടു നോക്കല്‍ മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമാണെന്നും സ്മരണയെന്ന അനുഗ്രഹത്തിനായി നാം യാചിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.നമ്മുടെ യാത്ര മനോഹരമായിരുന്നുവെന്നും കര്‍ത്താവ് നമ്മെ നിരാശപ്പെടുത്തിയിട്ടില്ലയെന്നും, കാരണം അവിടന്ന് വിശ്വസ്തനാണെന്നും ആഗമനകാലത്തിലെ ഈ യാത്രയില്‍ ഒരു നിമിഷം നിന്ന് പിന്നോട്ടു നോക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുമെന്നു പറഞ്ഞ പാപ്പാ നമ്മുടെ ജീവിതയാത്രയില്‍ വിശ്വസ്തതയുടെ സുന്ദര നിമിഷങ്ങളും പാപത്തിന്‍റെ പങ്കില നിമിഷങ്ങളും നാം കാണുമെന്നും എന്നാല്‍ കര്‍ത്താവ് കരം നീട്ടി നമ്മെ എഴുന്നേല്പിച്ച് മുന്നോട്ടു നടത്താന്‍ അവിടെ ഉണ്ടെന്നും ഉദ്ബോധിപ്പിച്ചു.നിയതമായ കൂടിക്കാഴ്ചയ്ക്കായുള്ള ഈ മുന്നോട്ടുള്ള ഗമനമാണ് ക്രിസ്തീയ ജീവിതമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.ദിവ്യപൂജയുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ തന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നോടൊപ്പം ദിവ്യബലിയര്‍പ്പിച്ചവര്‍ക്കും തനിക്ക് ഇപ്രകാരം സഹായമേകുന്നവര്‍ക്കും നന്ദി പറഞ്ഞു.വാര്‍ദ്ധക്യം എന്ന വാക്ക് ഒരു പക്ഷേ നമ്മെ ഭയപ്പെടുത്തുമെന്ന് പറഞ്ഞ പാപ്പാ വാര്‍ദ്ധക്യം ജ്ഞാനത്തിന്‍റെ ഇരിപ്പിടമാണ് എന്ന തന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു.ആനന്ദവും അറിവും പ്രത്യാശയും പകര്‍ന്നു നല്കാനുള്ള ഒരു ജീവിതദശയായി വാര്‍ദ്ധക്യത്തെ ഒരുവന്‍ കാണുമ്പോള്‍ അവന്‍ ജീവിക്കാന്‍ വീണ്ടും ആരംഭിക്കയാണെന്ന തന്‍റെ ബോധ്യം പാപ്പാ ചില കവിതാശകലങ്ങള്‍ അനുസ്മരിച്ചുകൊണ്ട് വെളിപ്പെടുത്തുകയും ചെയ്തു. "വാര്‍ദ്ധക്യം പ്രശാന്തവും ധര്‍മ്മനിഷ്ഠവു"മാണ് എന്നര്‍ത്ഥമുള്ള ഒരു ജര്‍മ്മന്‍ കവിതാശകലവും അനുസ്മരിച്ച പാപ്പാ തന്‍റെ വാര്‍ദ്ധക്യവും, പ്രശാന്തവും ധര്‍മ്മനിഷ്ഠവും ഫലദായകവുമാകുന്നതിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.