News >> ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹിതനായി
Source: Vatican Radioഡിസംബര്‍ 18-Ɔ൦ തിയതി ഞായറാഴ്ച, ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊച്ചിയിലെ വല്ലാര്‍പാടത്തമ്മയുടെ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ നടയിലുള്ള വേദിയിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്. ആദ്യം സ്ഥാനാരോഹണ കര്‍മ്മമായിരുന്നു. വരാപ്പുഴയുടെ മുന്‍മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിന്‍റെ കാര്‍മ്മികത്വത്തിലുള്ള ഹ്രസ്വമായ ശുശ്രൂഷയില്‍ ആയിരങ്ങളെ സാക്ഷിനിറുത്തിക്കൊണ്ട് ബിഷപ്പ് ജോസഫ് കളത്തിലപ്പറമ്പിലിനെ കേരളത്തിലെ ചരിത്ര പുരാതനമായ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തി.തുടര്‍ന്നുള്ള സമൂഹബലിയര്‍പ്പണം ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു. കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള സഭാദ്ധ്യക്ഷന്മാരും സന്ന്യസ്തരും, വൈദികരും, ആയിരക്കണക്കിന് വിശ്വാസികളും ഭക്തിയോടെ പങ്കെടുത്തു.സീറോ മലബാര്‍ സഭാദ്ധ്യക്ഷനും ഏറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷവിചിന്തനം നടത്തി. പ്രാദേശിക സഭയ്ക്കു പാപ്പാ ഫ്രാന്‍സിസ് നല്കിയ ക്രിസ്തുമസ്സ് സമ്മാനമായി ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്‍റെ നിയമനത്തെ കര്‍ദ്ദിനാള്‍ ആലഞ്ചേരി വിശേഷിപ്പിച്ചു. നല്ല കുടുംബള്‍ സഭയ്ക്ക് ശ്രേഷ്ഠരായ പ്രേഷിതരെ നല്‍കുമെന്ന് വേദിയില്‍ സന്നിഹതയായിരുന്ന മെത്രാപ്പോലീത്തയുടെ മാതാവിനെയും മറ്റു കുടുംബാംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. സഭാശുശ്രൂഷയ്ക്കുള്ള കാനോനിക പ്രായപരിധി എത്തിയപ്പോള്‍ വിരമിച്ച ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലിനെയും അദ്ദേഹത്തിന്‍റെ സനേഹസമര്‍പ്പണത്തെയും കര്‍ദ്ദിനാള്‍ ആലഞ്ചേരി അനുസ്മരിച്ചു. ദൈവഹിതം ഏറ്റെടുക്കുന്ന പുതിയ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന് വരാപ്പുഴ അതിരൂപതയെയും കേരളത്തിലെ വിശ്വാസസമൂഹത്തെയും ആത്മീയ ഉന്നതിയിലേയ്ക്കും വിവിധ തലങ്ങളിലുള്ള വികസനത്തിലേയ്ക്കും നയിക്കാന്‍ സാധിക്കട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി വചനവിചിന്തനം ഉപസംഹരിച്ചത്.ദേശീയ മെത്രാന്‍ സമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ്, മലങ്കര സഭയുടെ അദ്ധ്യക്ഷനും, തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസും, കേരളത്തിലെ ലത്തീന്‍ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യവും ദിവ്യബലിക്കുശഷം അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. പ്രസിഡന്‍റ്, പ്രണാബ് മുഖര്‍ജിയുടെ അനുമോദന സന്ദേശം വേദിയില്‍ വായിക്കപ്പെട്ടു. അവസാനമായി ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു. പാപ്പാ ഫ്രാന്‍സിസിനെ അദ്ദേഹം പ്രത്യേകമായി അനുസ്മരിച്ചു. ദൈവഹിതം നിറവേറ്റിക്കൊണ്ട് അതിരൂപതയെയും സമൂഹത്തെയും നയിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു. വേദിയിലെ നടവഴികളിലൂടെ ആനീതനായ ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ സന്നിഹിതരായിരുന്ന സാമൂഹിക പ്രമുഖരെയും വിശ്വാസസമൂഹത്തെയും അഭിവാദ്യംചെയ്തു, ആശീര്‍വ്വദിച്ചു!തൃശൂര്‍ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശ്ശേരിയുടെ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, തലശ്ശേരിയുടെ മുന്‍മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ്ജ് വലിയമറ്റം എന്നിവരുടെ അനുഗ്രഹ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. സീറോ മലങ്കര, മലബാര്‍ റീത്തുകളിലെ മറ്റു രൂപതാദ്ധ്യക്ഷന്മാരും, കേരളത്തിലെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. അതിരൂപതയുടെ (സി.എ.സി.) ഗായകസംഘം തിരുക്കര്‍മ്മഗീതികള്‍ക്ക് നേതൃത്വംനല്കി. ലത്തീന്‍ഗീതങ്ങളും മലയാളഗാനങ്ങളും ഇടകലര്‍ത്തി ആലപിച്ചുകൊണ്ട് സ്ഥാനരോഹണകര്‍മ്മത്തെയും, തുടര്‍ന്നുള്ള സമൂഹബലിയര്‍പ്പണത്തെയും അവര്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാക്കി.വത്തിക്കാനില്‍ പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയായി സേവനംചെയ്യുമ്പോഴാണ് 2016 ഒക്ടോബര്‍ 31-Ɔ൦ തിയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.ആര്‍ച്ചുബിഷപ്പ് ജോസഫ് വരാപ്പുഴ അതിരൂപതാംഗവും, വടുതല സെന്‍റ് ആന്‍റെണിസ് ഇടവകയില്‍ കളത്തിപ്പറമ്പില്‍ അവരാ-ത്രേസ്യ ദമ്പതികളുടെ മൂത്തപുത്രനുമാണ്. മേരി, ട്രീസ, ജോര്‍ജ്ജ്, ആന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.