News >> തലമുറകള്‍ പ്രായമായവരെ ഉള്‍ക്കൊള്ളണം!: പാപ്പായുടെ ക്രിസ്തുമസ് അഭ്യര്‍ത്ഥന


Source: Vatican Radio

വത്തിക്കാനില്‍ എത്തിയ കുട്ടികളും പ്രായമായവരും അടങ്ങിയ 'നൊമാഡെല്‍ഫിയ' സമൂഹത്തെ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. ഡിസംബര്‍ 17-Ɔ൦ തിയതിയായിരുന്നു കൂടിക്കാഴ്ച. തന്നെ കാണാന്‍ വന്ന ഈ പ്രത്യേക കൂട്ടായ്മയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവിതാനുഭവങ്ങള്‍ ശ്രവിച്ചശേഷമാണ് പാപ്പാ അവരെ അഭിസംബോധനചെയ്തത്:

പ്രായമായവരുടെ ജീവിതാനുഭവവും അറിവും തള്ളിക്കളയാനാവില്ല! അതു കണ്ടും കേട്ടും മനസ്സിലാക്കിയുമാണ് നാം വരുംതലമുറയെ രൂപപ്പെടുത്തേണ്ടത്. അതിനാല്‍ ഭാവിയുടെ പ്രതീക്ഷയായ കുട്ടികളെ നാം കാത്തുവളര്‍ത്തുന്നതുപോലെ, മുതിര്‍ന്നവരെയും മാനിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. 

ദൈവം താഴ്മയില്‍ ഒരു എളിയ പൈതലായി നമ്മുടെമദ്ധ്യേ ജനിച്ചതിന്‍റെയും, നമ്മില്‍ ഒരുവനായി തീര്‍ന്നതിന്‍റെയും ചരിത്ര സ്മരണയാണല്ലോ ക്രിസ്തുമസ്! ദൈവപുത്രനായ ക്രിസ്തു മനുഷ്യാവതരം ചെയ്തതിന്‍റെ ഓര്‍മ്മ! നാം അത് ആഘോഷിക്കാന്‍ ഒരുങ്ങുകയാണല്ലോ! അധികാരത്തിന്‍റെ വലിമ കാട്ടാതെ, പാവങ്ങളില്‍ ഒരുവനായി ക്രിസ്തു ലോകത്ത് ജനിച്ചു, അവതരിച്ചു. പാപമൊഴികെ എല്ലാറ്റിലും അവിടുന്ന് നമ്മോടു സമനായും എളിമയിലും ജീവിച്ചു. എന്നിട്ട് അവിടുന്നു പഠിപ്പിച്ചു, "എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്..." (മത്തായി 25, 40).  

'നൊമാഡെല്‍ഫിയ' സമൂഹത്തിന്‍റെ സ്ഥാപകന്‍ ഫാദര്‍ സീനോ സള്‍ത്തീനി എന്ന ഇറ്റലിക്കാരനായ വൈദികനാണ്. എളിയവരോടു എന്നും പ്രതിബദ്ധതയുള്ള ക്രിസ്തുവിന്‍റെ ഈ ആത്മീയബലതന്ത്രം അദ്ദേഹത്തിന് വളരെ നന്നായി മനസ്സിലായിരുന്നു. തെറ്റിദ്ധാരണകളും പീഡനങ്ങളും തടസ്സങ്ങളും ഉണ്ടായപ്പോഴും, അദ്ദേഹം എളിയവരോടുള്ള സ്നേഹവും, തന്‍റെ ജീവിതത്തിന്‍റെ ചെറുമയും കൈവെടിഞ്ഞില്ല. സുവിശേഷത്തിന്‍റെ ചെറിയ വിത്ത് പ്രതികൂല സാഹചര്യങ്ങളില്‍ മുളയ്ക്കാന്‍ ദൈവം അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പായി വിശ്വസിച്ചു. അതിനായി കാത്തിരുന്നു. തന്‍റെ എളിയ പരിശ്രമങ്ങള്‍ വിശ്വാസത്തോടെ അദ്ദേഹം അതിനായി എപ്പോഴും സമര്‍പ്പിച്ചു.  അദ്ദേഹത്തിന്‍റെ ആത്മധൈര്യം, നിശ്ചയദാര്‍ഢ്യം, സ്ഥിരോത്സാഹം എന്നിവയാണ് 'നൊമാഡേല്‍ഫിയ' സമൂഹത്തിന്‍റെ പിറവിക്കും, നിലനില്പിനും, അവസാനം വിജയത്തിനും കാരണമായത്.

നന്മയുടെ വിത്ത് ഫലമണിയിക്കാന്‍ അദ്ദേഹം പ്രകടമാക്കിയ സുവിശേഷ തീക്ഷ്ണത അപാരമാണ്. അതുപോലെ സഭയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും കലവറയില്ലാത്തതായിരുന്നു. എളിയവരെ മറക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും, ദൈവത്തെയാണ് തള്ളിക്കളയുന്നതെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതുകൊണ്ട് വിശുദ്ധ യോഹന്നാന്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്, "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതെ, എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാകും?" (1 യോഹ.4, 20). 

'നൊമാഡെല്‍ഫിയ' സമൂഹത്തിന്‍റെ ആത്മീയപൈതൃകം സാഹോദര്യത്തില്‍ അധിഷ്ഠിതമാണ്. അത് കുട്ടികളോടും, അതുപോലെതന്നെ പ്രായമായവരോടും തുല്യപരിഗണനയോടു കൂടിയ സാഹോദര്യക്കൂട്ടായ്മയാണ്. എളിയവരോടും ബലഹീനരോടുമുള്ള സഹാനുഭാവത്തിന്‍റെ ഈ മാതൃക തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കുട്ടികള്‍ ഭാവിയുടെ പ്രത്യാശയാകുന്നതുപോലെ, വളരുന്ന തലമുറയ്ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളും അറിവും പകര്‍ന്നുനല്കി കരുപ്പിടിപ്പിക്കാന്‍ കരുത്തുള്ളവരാണ് പ്രായമായവര്‍. തലമുറകള്‍ തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ജീവിതരീതികളില്‍ പതറാതെ മുന്നേറുക. വിശ്വാസവും ദൈവവചനും മാര്‍ഗ്ഗദീപമാക്കി ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുക! അങ്ങനെ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ദൈവികസാമീപ്യം അനുഭവവേദ്യമാക്കാനും, നിരാലംബരും വ്രണിതാക്കളുമായ സഹോദരങ്ങളില്‍ ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിക്കുവാനും ഈ ക്രിസ്തുമസ്സില്‍ നിങ്ങള്‍ക്കേവര്‍ക്കും സാധിക്കട്ടെ!