News >> വാറ്റിലീക്ക് - കേസിലെ ആദ്യപ്രതിയോട് പാപ്പാ ഫ്രാന്‍സിസ് കാരുണ്യംകാട്ടി


Source: Vatican Radio

വത്തിക്കാന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ സെക്രട്ടറിയും സ്പെയിന്‍കാരനുമായ മോണ്‍സീഞ്ഞോര്‍ ലൂസിയോ വലെയോ ബാള്‍ദയെയാണ് (Msgr. Lucio Vellejo Balda) പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം  ഡിസംബര്‍ 20-‍Ɔ൦ തിയതി ചൊവ്വാഴ്ച കാരുണ്യം പ്രകടിപ്പിച്ച്, ജെയിലില്‍നിന്നും വ്യവസ്ഥകളോടെ വിട്ടയക്കാന്‍ (Conditional Release) വത്തിക്കാന്‍റെ കോടതി അനുമതിനല്കിയത്.

വത്തിക്കാന്‍റെ സാമ്പത്തികകാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നതിനിടെയാണ്, കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പാപ്പാ തന്നെ നിയോഗിച്ച മോണ്‍സീഞ്ഞോര്‍ വലെയോ ബാള്‍ദ, മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള ചില സാമ്പത്തിക ക്രമക്കേടുകളുടെ രഹസ്യരേഖകള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. ഇതാണ് വത്തിക്കാനില്‍ ഇപ്പോള്‍ നിലവിലുള്ള കേസ് - വാറ്റിലീക്ക് (Vatileak)! വത്തിക്കാന്‍റെ മറ്റൊരു വിഭാഗത്തിലെ ഉപദേശക സമിതി അംഗമായ ഫ്രാന്‍ചേസ്ക്കാ ചൊക്കി എന്ന വനിതയുമായുള്ള കൂട്ടുകെട്ടിലാണ് മോണ്‍സീഞ്ഞോര്‍ ബാള്‍ദ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്.

രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയെല്ലാം വത്തിക്കാന്‍റെ കോടതി പലവട്ടം വിചാരണചെയ്യുകയും വിസ്തരിക്കുകയും ചെ്യതു. തുടര്‍ന്ന് ബാള്‍ദ കുറ്റവാളിയാണെന്ന് കോടതി വിധി കല്പിച്ചിട്ടുള്ളതും, 'വാറ്റിലീക്ക്'    കേസിലെ ആദ്യപ്രതിയായി ശിക്ഷിച്ചിട്ടുള്ളതുമാണ്. മോണ്‍സീഞ്ഞോര്‍ ബാള്‍ദ ആദ്യം ഹൗസ് അറസ്റ്റിലായിരുന്നു. എന്നാല്‍ അവിടെ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ രഹസ്യമായി ഉപയോഗിച്ചു എന്ന കുറ്റത്തിന്, പിന്നീട് വത്തിക്കാന്‍റെ ജയിലിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. കുറ്റസമ്മതം നടത്തിയിട്ടുള്ളതിനാലാണ് പകുതിയോളം ശിക്ഷാകാലം തീര്‍ന്ന ബാള്‍ദയെ വ്യവസ്ഥകളോടെ വിട്ടയക്കാനുള്ള കാരുണ്യം കാട്ടണമെന്ന് കോടതിയോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചത്.

മോണ്‍സീഞ്ഞോര്‍ ബാള്‍ദയുടെ വത്തിക്കാനിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ജോലിയും അവസാനിപ്പിച്ച്, ജന്മനാട്ടിലേയ്ക്കും,  സ്പെയിനിലെ അസ്തോര്‍ഗാ രൂപതാദ്ധ്യക്ഷന്‍റെ കീഴിലേയ്ക്കും മടങ്ങിപ്പോകാനാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 'മാപ്പാക്കല്‍ രേഖയില്‍' ആവശ്യപ്പെട്ടിരിക്കുന്നത്.  ശിക്ഷയുടെ കാലാവധി തീര്‍ന്നിട്ടില്ലാതിരിക്കെ, പാപ്പായുടെ അഭ്യര്‍ത്ഥന മാനിച്ച് ബാള്‍ദയെ പരോളിലാണ് നാട്ടിലേയ്ക്കു വിടുന്നത്. വൈദികനായ ബാള്‍ദയ്ക്ക് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം പുനരാര്‍ജ്ജിക്കാനുള്ള അവസരമാണ് പാപ്പാ പ്രകടമാക്കുന്ന ഈ കാരുണ്യവും ഔദാര്യവുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

ചിത്രം : വലത്തുനിന്നും ഇടത്തേയ്ക്ക്... ആദ്യപ്രതി മോണ്‍സീഞ്ഞോര്‍ ബാള്‍ദ, രണ്ടാംപ്രതി ഫ്രാന്‍ചേസ്ക്കാ ചൊക്വിയും, പ്രതികളായ രണ്ടു മാദ്ധ്യമപ്രവര്‍ത്തകരും.