News >> നഗരത്തോടും ലോകത്തോടും ക്രിസ്തുമസ്നാളിലെ സമാധാനാഹ്വാനം
Source: Vatican Radioക്രിസ്തുമസ്ദിനത്തില്‍ , ഡിസംബര്‍ 25-Ɔ൦ തിയതി ശനിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് നല്കിയ 'ഊര്‍ബി എത് ഓര്‍ബി' (Urbi et Orbi) നഗരത്തിനും ലോകത്തിനും എന്ന സന്ദേശം.വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പ്രബോധിപ്പിച്ചത്. ആഗോളതലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്ദേശം ശ്രവിച്ചവരെക്കൂടാതെ, വത്തിക്കാനില്‍ നാല്പത്തിയ്യായിരത്തില്‍ അധികംപേര്‍ (45,000+) സന്നിഹിതരായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം പരിഭാഷ താഴെ ചേര്‍ക്കുന്നു :പ്രിയ സഹോദരങ്ങളേ, ക്രിസ്തുമസ് ആശംസകള്‍! പുല്‍ക്കൂട്ടില്‍ ജാതനായ രക്ഷകനായ ഉണ്ണീശോയെക്കുറിച്ച് കന്യകാനാഥയും വിശുദ്ധ യൗസേപ്പിതാവും, ബെതലഹേമിലെ ആട്ടിടയന്മാരും ധ്യാനിച്ച വിസ്മയം സഭ ഇന്നാളില്‍ പുനര്‍ജീവിക്കുന്നു. പ്രഭയാര്‍ന്ന ഇന്നാളില്‍ പ്രതിധ്വനിക്കുന്ന പ്രവാചക ശബ്ദമിതാണ്: "നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു. നമുക്കൊരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവിടുത്തെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാന രാജാവ് എന്ന് അവിടുന്നു വിളിക്കപ്പെടും!" (ഏശയ 9, 6).ദൈവപുത്രനും മേരീസുതനുമായ ഈ ശിശുവിന്‍റെ പ്രാഭവം ഈ ലോകത്തിന്‍റേതല്ല, അതിന്‍റെ സമ്പത്തിലോ പ്രതാപത്തിലോ അധിഷ്ഠിതവുമല്ല. അത് സ്നേഹത്തിന്‍റെ ശക്തിയാണ്. ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ച ശക്തിയാണത്. സകലജീവജാലങ്ങള്‍ക്കും - ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കും ധാതുക്കള്‍ക്കും ജീവനേകിയ ശക്തിയാണ്. സ്ത്രീപുരുഷന്മാരെ പരസ്പരം ആകര്‍ഷിക്കുകയും, ഒന്നിപ്പിക്കുകയും, ജീവിതത്തില്‍ അവരെ സംയോജിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണത്. അത് ദമ്പതിമാരിലൂടെ കുഞ്ഞങ്ങളെ ജനിപ്പിക്കുന്ന ശക്തിയാണ്. തെറ്റുകള്‍ ക്ഷമിക്കുകയും, ശത്രുക്കളെ അനുരഞ്ജിപ്പിക്കുകയും തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ശക്തി അതുതന്നെ!ദൈവികശക്തിയാണത്. ദൈവമഹത്വം വെടിഞ്ഞ് മനുഷ്യരൂപമെടുത്ത യേശു ക്രിസ്തുവിന്‍റെ സ്നേഹശക്തിയാണത്. കുരിശിലെ സ്വയാര്‍പ്പണത്തിനു ക്രിസ്തുവിനെ പ്രേരിപ്പിച്ചതും, മരണഗര്‍ത്തത്തില്‍നിന്നും അവിടുത്തെ ഉയിര്‍പ്പിച്ചതും ഈ ശക്തിതന്നെയാണ്. ഭൂമിയില്‍ നീതിയുടെയും സമാധാനത്തിന്‍റെയും സേവനത്തിന്‍റെയും ദൈവരാജ്യം തുറപ്പിച്ച ദൈവികശക്തിയാണിത്. അതുകൊണ്ടാണ് "
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!" (ലൂക്കാ 2, 14) എന്ന് ക്രിസ്തുവിന്‍റെ ജനനത്തില്‍ മാലാഖമാര്‍ പ്രഘോഷിച്ചത്ഇന്ന് ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലും ഈ സമാധാനദൂത് സകലജനങ്ങള്‍ക്കുമായി മുഴങ്ങുന്നുണ്ടെങ്കിലും, യുദ്ധത്താല്‍ കീറിമുറിക്കപ്പെടുകയും അഭ്യാന്തരകലാപങ്ങളില്‍ ക്ലേശിക്കുകയും സമാധാനത്തിനായി പാര്‍ത്തിരിക്കുകയും ചെയ്യുന്നവരിലേയ്ക്കാണ് അത് എത്തപ്പെടേണ്ടത്.
1. സിറിയയുദ്ധത്താല് ചിഹ്നഭിന്നമായ രണഭൂമിയാണ് സിറിയ. അവിടത്തെ ജനതയ്ക്ക് സമാധാനം നേരുന്നു. ഇക്കഴിഞ്ഞ ദിനങ്ങളില്‍ ഏറ്റവും അധികം യുദ്ധം നടന്നത് സിറിയയിലെ അലേപ്പോ നഗരത്തിലാണ്.മാനവിക നിയമങ്ങളും അവകാശങ്ങളും ആദരിച്ചുകൊണ്ട് ഏറ്റവും അടിയന്തിരമായ സഹായവും പിന്‍തുണയും ഉറപ്പുവരുത്തേണ്ടത് തളര്‍ന്നുവീഴുന്ന അവിടത്തെ ജനതയ്ക്കാണ്. കാരണം അവര്‍ ഇന്ന് എല്ലാം നഷ്ടമായ അവസ്ഥയില്‍ ദുഃഖവും ദുരിതവും അനുഭവിക്കുന്നവരാണ്. ആയുധങ്ങളുടെ ഗര്‍ജ്ജം ഇല്ലാതാക്കി, സജീവമായ കൂടിയാലോചനയിലൂടെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതും, സിറിയന്‍ ജനങ്ങളെ അവരുടെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കേണ്ടതും രാജ്യാന്തരസമൂഹത്തിന്‍റെ ഉത്തരവാദിത്ത്വമാണ്.
2. മദ്ധ്യപൂര്‍വ്വദേശ നാടുകള്ഇഷ്ടഭൂമിയായ വിശുദ്ധനാട്ടില്‍ പാര്‍ക്കാന്‍ ദൈവം തിരഞ്ഞെടുത്ത പ്രിയപ്പെട്ട ജനതയ്ക്ക് സമാധാനാശംസകള്‍! വെറുപ്പും വൈരാഗ്യവും മറന്ന്, പരസ്പരധാരണയുടെയും കൂട്ടായ്മയുടെയും ഭാവി കെട്ടിപ്പടുക്കാനും, സമാധാനത്തിന്‍റെ പുതിയൊരു അദ്ധ്യായം ചരിത്രത്തില്‍ തുറക്കാനുമുള്ള ബോദ്ധ്യവും ധൈര്യവും ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ക്ക് ഉണ്ടാവട്ടെ. അതുപോലെ യുദ്ധത്താല്‍ നീറുകയും, ഭീകരതയുടെ മൃഗീയത അനുഭവിക്കുകയുംചെയ്യുന്ന ഇറാക്ക്, ലീബിയ, യമന്‍ എന്നിവിടങ്ങളിലെ ജനസഞ്ചയങ്ങളും ഐക്യവും സാധര്‍മ്മ്യവും ആര്‍ജ്ജിക്കട്ടെ!
3. ആഫ്രിക്കന്‍ നാടുകള്ആഫ്രിക്കന് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, വിശിഷ്യാ ഭീതിയും മരണവും വിതയ്ക്കപ്പെടുകയും കുട്ടികള്‍പോലും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊടും ഭീകരതയുള്ള നൈജീരിയയിലെ ജനങ്ങള്‍ക്ക് സമാധാനം നേരുന്നു.കലാപത്തിന്‍റെ മനസ്സുമാറ്റി, ഭിന്നത വെടിഞ്ഞ്, നല്ലമനസ്സോടെ പുരോഗതിയുടെയും പങ്കുവയ്ക്കലിന്‍റെയും വഴികളിലൂടെ സംവാദത്തിന്‍റെ സംസ്ക്കാരം വളര്‍ത്താന്‍ തെക്കന്‍ സുഡാനും, റിപ്പബ്ലിക്കന്‍ കോംഗോയ്ക്കും സാധിക്കട്ടെ!
4. കിഴക്കന്‍ യൂറോപ്യരാജ്യമായ യുക്രെയിന്സാധാരണ ജനങ്ങള്‍ക്ക് അടിയന്തിരമായി സഹായം എത്തിച്ചുകൊടുക്കേണ്ടതും, സമാധാനത്തിന്‍റെ പാതയില്‍ വിപരീത ചേരികള്‍ ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്ത്വങ്ങള്‍ ന്യായമായും പ്രാവര്‍ത്തികമാക്കാനിരിക്കെ, അഭ്യാന്തര കലാപത്തിന്‍റെ പ്രത്യാഘാതങ്ങളില്‍ ഇന്നും ക്ലേശിക്കുന്ന കിഴക്കന്‍ യുക്രെയിനിലെ ജനങ്ങള്‍ക്ക് സമാധാനം നേരുന്നു!
5. ലാറ്റിനമേരിക്കന്‍ നാടുകള്സംവാദത്തിന്റെയും അനുരഞ്ജനത്തിന്‍റെയും നവമായ പാതയിലേയ്ക്ക് ധീരമായി നീങ്ങുന്ന കൊളുംബിയന്‍ ജനതയ്ക്ക് കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും ഭാവുകാശംസകള്‍!ഈ മാതൃക വെനസ്വേലന്‍ ജനതയ്ക്കും ഉത്തേജനമാവട്ടെ! ഇന്നിന്‍റെ സംഘര്‍ഷാവസ്ഥ വെടിഞ്ഞ് ജനങ്ങള്‍ക്ക് പ്രത്യാശയുടെ ഭാവി തുറന്നുകൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ!
6. ഏഷ്യന്‍ രാജ്യങ്ങള്അനീതിയുടെയും പ്രതിസന്ധികളുടെ ക്ലേശങ്ങള്‍ നിരന്തരമായി അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങളെ അനുസ്മരിക്കുന്നു. അന്തര്‍ദേശീയ സമൂഹത്തിന്‍റെ സഹായത്തോടെ ആവശ്യമായ പിന്‍തുണയും മാനുഷികമായ കരുത്തും നല്കിക്കൊണ്ട് അടിയന്തിരവും അത്യാവശ്യവുമായിരിക്കുന്ന സമാധാനത്തിന്‍റെ സഹവര്‍ത്തിത്വം യാഥാര്‍ത്ഥ്യമാക്കാനും, ജനങ്ങളെ ഒന്നിപ്പിക്കാനും മ്യാന്മാറിനു സാധിക്കട്ടെ!അതുപോലെ സഹകരണത്തിന്‍റെ നവമായ അരൂപിയില്‍ കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥ മറികടക്കാന്‍ ഇടയാവട്ടെ!
7. ഭീകര പ്രവര്‍ത്തനങ്ങളുടെ ക്ലേശങ്ങള്ഭീകരതയുടെ മൃഗീയതയില്‍ മുറിവേല്‍ക്കപ്പെടുകയും, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, ഇനിയും മരണത്തിന്‍റെ ഭീതിയില്‍ ജീവിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനം നേരുന്നു.
8. മറ്റു സാമൂഹിക പ്രതിന്ധകള്ദാരിദ്ര്യത്താല് ക്ലേശിക്കുകയും, അതിക്രമങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്ന പരിത്യക്തരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ സഹോദരീ സഹോദരന്മാര്‍ക്ക് - വാക്കാല്‍ മാത്രമുള്ള സമാധാനമല്ല, മൂര്‍ത്തവും യഥാര്‍ത്ഥവുമായ സമാധാനം ആര്‍ജ്ജിക്കാനാവട്ടെ!വിപ്രവാസത്തിലും കുടിയേറ്റത്തിലും അഭയാര്‍ത്ഥിപ്രതിസന്ധിയിലും ഉള്‍പ്പെട്ട് മനുഷ്യക്കടത്തിന് ഇരകളായവര്‍ക്ക് സമാധാനം കൈവരിക്കാന്‍ ഇടവരട്ടെ!കുറച്ചുപേരുടെ സാമ്പത്തിക വ്യാമോഹം ജനിപ്പിക്കുന്ന പണത്തോടുള്ള ആര്‍ത്തിയും, ആരാധനയും സൃഷ്ടിക്കുന്ന സാമൂഹിക അടിമത്വത്തില്‍ ക്ലേശിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സമാധാനവഴികള്‍ കണ്ടെത്താനാവട്ടെ! അതുപോലെ സാമൂഹികവും സാമ്പത്തികവുമായ അസ്വാസ്ഥ്യം അനുഭവിക്കുകയും, ഭൂമികുലുക്കം പ്രകൃതിക്ഷോഭം എന്നിവയുടെ കെടുതികള്‍ അനുഭവിക്കുകയുംചെയ്യുന്ന ജനങ്ങള്‍ക്കും സമാധാനം സംലബ്ധമാവട്ടെ!
9. പീഡിതരായ കുട്ടികള്ദാരിദ്ര്യവും, യുദ്ധവും, പ്രായപൂര്‍ത്തിയായവരുടെ സ്വാര്‍ത്ഥതയുംമൂലം ശൈശവത്തിന്‍റെ സന്തോഷം നഷ്ടപ്പെട്ടു ജീവിക്കുന്ന കുട്ടികളുടെ സമാധാനത്തിനായി 'ദൈവം മനുഷ്യനായ ഇന്നാളില്‍,' ഈ ക്രിസ്തുമസ്നാളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.
10. സാമൂഹിക പ്രതിബദ്ധതയുള്ളവര്കുടുംബങ്ങളിലും സമൂഹത്തിലും മനുഷ്യത്വവും നീതിയും ഇനിയും വളര്‍ത്തുവാനും, ഈ ലോകത്ത് സമാധാനം വര്‍ദ്ധമാനമാക്കാനും ക്ഷമയോടെ നിശബ്ദസേവനംചെയ്യുകയും, 'ഒരു നല്ലഭാവി കൈവരിക്കാന്‍ സമാധാനത്തിലൂടെ മാത്രമേ സാധിക്കൂ,' എന്ന ബോദ്ധ്യത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്മനസ്സുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് ഇന്നാളില്‍ സമാധാനം നേരുന്നു!പ്രിയ സഹോദരങ്ങളേ, ഒരു ശിശു നമുക്കായി ജനിച്ചിരിക്കുന്നു, പുത്രനെ നമുക്കായി നല്‍കപ്പെട്ടിരിക്കുന്നു. അവിടുന്ന് സമാധാന രാജാവാണ്! നമുക്ക് ആ ശിശുവിനെ, ദൈവപുത്രനായ ക്രിസ്തുവെ വരവേല്ക്കാം!!
ത്രികാലപ്രാര്‍ത്ഥന ചൊല്ലിയശേഷം പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. എന്നിട്ട് പൊതുവെ പിന്നെയും ആശംസയര്‍പ്പിച്ചു:ഈ മഹോത്സവനാളില്‍ വത്തിക്കാന്‍റെ ചത്വരത്തില്‍ സംഗമിച്ചിരിക്കുന്നവരും, ലോകത്തിന്‍റെ നാനാഭാഗത്തിനിന്നും എത്തിയിരിക്കുന്നവരുമായ സഹോദരീ സഹോദരന്മാര്‍ക്കും, റേഡിയോ ടെലിവിഷന്‍ മുതലായ സമൂഹിക സമ്പര്‍ക്കമാധ്യമങ്ങളിലൂടെ ഈ സമാധാനസന്ദേശത്തില്‍ പങ്കുചേരുകയുംചെയ്യുന്ന സകലര്‍ക്കും പ്രാര്‍ത്ഥനയോടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു!ആനന്ദത്തിന്‍റെ ഈ സുദിനത്തില്‍ ഉണ്ണിയേശുവെ ധ്യാനിക്കാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ഭൂമുഖത്തെ സകലര്‍ക്കും വീണ്ടും ഇന്നാളില്‍ ദിവ്യഉണ്ണി പ്രത്യാശനല്കട്ടെ! അവിടുത്തെ കൃപയാല്‍ വാക്കാലും പ്രവൃത്തിയാലും നമുക്ക് ലോകത്തിന് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സാക്ഷ്യമേകാം! ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!!