News >> തിരുപ്പിറവി ലൗകികതയുടെ തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെടണം
Source: Vatican Radioശനിയാഴ്ച (24/12/16) രാത്രി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുപ്പിറവിത്തിരുന്നാള്‍ ദിവ്യബലി അര്‍പ്പിക്കുകയും വചന ശുശ്രൂഷാവേളയില്‍ വചനവിശകലനം നടത്തുകയും ചെയ്തു. പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന സുവിശേഷപ്രഭാഷണത്തിന്‍റെ പദാനുപദ മലയാള പരിഭാഷ: "സകല മനുഷ്യര്‍ക്കും രക്ഷയേകുന്ന ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു" (തീത്തോസ് 2,11). പൗലോസപ്പസ്തോലന്‍റെ ഈ വാക്കുകള്‍ ഈ പവിത്രനിശയുടെ രഹസ്യം ആവിഷ്ക്കരിക്കുന്നു: ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അത് അവിടത്തെ സൗജന്യ സമ്മാനമാണ്; നമുക്കായി നല്കപ്പെട്ട ഈ പൈതലില്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹം മൂര്‍ത്തീഭവിക്കുന്നു. ബത്ലഹേമില്‍ ദൈവദൂതര്‍ പ്രഘോഷിച്ച, ലോകമെമ്പാടും നമ്മള്‍ ഉദ്ഘോഷിക്കുന്ന മഹത്വത്തിന്‍റെ ഒരു രാത്രി. അത് മഹത്വത്തിന്‍റെ രാത്രിയാണ്, കാരണം, നിത്യനും അപരിമേയനുമായ ദൈവം ഇന്നു മുതല്‍ എന്നേയ്ക്കും "നമ്മോടു കൂടെ" ആയ ദൈവമാണ്, അവിടന്ന് അകലെയല്ല, ആകാശഗോളങ്ങളുടെ ഭ്രമണപഥത്തിലോ യോഗാത്മകാശയങ്ങളിലോ നാം അവിടത്തെ അന്വേഷിക്കേണ്ടതില്ല. അവിടന്ന് ചാരെയുണ്ട്, മനുഷ്യനായിരിക്കുന്നു, നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിച്ച അവിടന്ന് അതൊരിക്കലും ഉപേക്ഷിക്കില്ല. വെളിച്ചത്തിന്‍റെ ഒരു രാത്രി. ഏശയ്യ (9,1) പ്രവചിച്ച വെളിച്ചം, അന്ധകാരാവൃതമായ ഭൂമിയില്‍ നടക്കുന്നവരെ പ്രകാശിപ്പിക്കുന്ന ആ വെളിച്ചം പ്രത്യക്ഷപ്പെടുകയും ബത്ലഹേമിലെ ഇടയന്മാരെ ആവരണം ചെയ്യുകയും ചെയ്തിരിക്കുന്നു. (ലൂക്ക 2,9)"നമുക്കായി ഒരു ശിശു ജനിച്ച"തായി ഇടയന്മാര്‍ കണ്ടെത്തുകയും ഈ മഹത്വവും ആനന്ദവും ഈ പ്രകാശവും ഒക്കെ കേന്ദ്രീകരിക്കുന്നതു ഏക ബിന്ദുവില്‍ ആണെന്ന്, "പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും" (ലൂക്ക 2,12) എന്ന് ദൈവദൂതന്‍ സൂചിപ്പിച്ച ആ അടയാളത്തിലാണെന്ന് അവര്‍ഗ്രഹിക്കുകയും ചെയ്യുന്നു. യേശുവിനെ കണ്ടെത്താന്‍ എന്നുമുള്ള അടയാളമാണിത്. അന്നു മാത്രമല്ല ഇന്നും. യഥാര്‍ത്ഥ തിരുപ്പിറവി ആഘോഷിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ഈ അടയാളത്തെക്കുറിച്ച് നമ്മള്‍ ധ്യാനിക്കണം, അതായത്, ഒരു ചെറിയ നവജാതശിശുവിന്‍റെ ലോലമായ ലാളിത്യം, ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തപ്പെടത്തക്കവിധമുള്ള ശാന്തത, ആ ശിശുവിനെ പൊതിഞ്ഞിരിക്കുന്ന പിള്ളക്കച്ചയില്‍ പ്രകടമാകുന്ന വാത്സല്യം ഇവയെക്കുറിച്ച് നാം ധ്യാനിക്കേണ്ടിയിരിക്കുന്നു. ദൈവം അവിടെയാണ് ഉള്ളത്.ഈ അയാളത്താല്‍ സുവിശേഷം വൈരുദ്ധ്യത്തെ അനാവരണം ചെയ്യുന്നു. ചക്രവര്‍ത്തിയെക്കുറിച്ച്, ഭരണകര്‍ത്താവിനെക്കുറിച്ച്, അക്കാലഘട്ടത്തിലെ പ്രമുഖരെക്കുറിച്ച് അത് പറയുന്നു. എന്നാല്‍ ദൈവം അവിടെ സന്നിഹിതനല്ല. രാജകൊട്ടരത്തിലെ പകിട്ടാര്‍ന്ന ശാലയില്ല, പ്രത്യുത കാലിത്തൊഴുത്തിലെ ദാരിദ്ര്യത്തിലാണ് അവിടന്ന് പ്രത്യക്ഷനാകുന്നത്. ബാഹ്യമായ ആടോപത്തിലല്ല മറിച്ച് ജീവിതലാളിത്യത്തിലാണ്, ശക്തിയിലല്ല മറിച്ച് വിസ്മയകരമായ ചെറുമയിലാണ് അവിടത്തെ സാന്നിധ്യമുള്ളത്. ആകയാല്‍ അവിടത്തെ കണ്ടുമുട്ടുന്നതിന് നാം അവിടന്ന് എവിടെയാണോ, അവിടെ എത്തേണ്ടിയിരിക്കുന്നു: നമ്മള്‍ കുനിയണം, സ്വയം താഴ്ത്തണം, ചെറുതാകണം. ജന്മംകൊള്ളുന്ന ആ ശിശു നമ്മെ ആഹ്വാനം ചെയ്യുന്നു: ക്ഷണികമായവയുടെതായ മിഥ്യാബോധം വിട്ട് സത്താപരങ്ങളായവയിലേക്കു പോകാന്‍, അടങ്ങാത്ത അത്യാര്‍ത്തികളുപേക്ഷിക്കാന്‍, അതൃപ്തി വെടിയാന്‍, നമുക്ക് ഒരിക്കലും ലഭ്യമല്ലാത്തവയെക്കുറിച്ചുള്ള സങ്കടം ഉപേക്ഷിക്കാന്‍ നമ്മെ ക്ഷണിക്കുന്നു. ശിശുവായ ദൈവത്തിന്‍റെ ലാളിത്യത്തില്‍ സമാധാനവും സന്തോഷവും ജീവിതത്തിന്‍റെ പ്രഭാപൂര്‍ണ്ണമായ പൊരുളും വീണ്ടും കണ്ടെത്തുന്നതിന് ഇവയെല്ലാം വെടിയുകയാണ് നമുക്കുത്തമം.പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിലും, അതുപോലെതന്നെ, തൊട്ടിലില്‍ പിളളക്കച്ചയില്‍ പൊതിഞ്ഞുകിടത്തപ്പെടാത്തവരും, അമ്മയുടെ വാത്സല്യത്തലോടല്‍ ലഭിക്കാത്തവരും ഔന്നത്യത്തെ വിഴുങ്ങിക്കളയുന്ന നികൃഷ്ടമായ പുല്‍ത്തൊട്ടികളില്‍ കഴിയുന്നവരുമായ കുഞ്ഞുങ്ങളിലും നിന്നുള്ള ആഹ്വാനം ശ്രവിക്കാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ബോബാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഭൂഗര്‍ഭ അറകളില്‍ അഭയം തേടിയിരിക്കുന്നവരും, വന്‍ നഗരങ്ങളുടെ നടപ്പാതകളില്‍ കഴിയുന്നവരും അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞ കടത്തുവള്ളങ്ങളിലുള്ളവരുമായ കുട്ടികള്‍- ജനിക്കാന്‍ അനുവദിക്കപ്പെടാത്തവരായ ശിശുക്കള്‍, വിശന്നുകരയുന്ന കുട്ടികള്‍, കളിക്കോപ്പുകളല്ല ആയുധങ്ങള്‍ കൈകളിലേന്തിയ കുഞ്ഞുങ്ങള്‍ നമുക്കുമുന്നിലുയര്‍ത്തുന്ന ചോദ്യങ്ങള്‍ നമുക്ക് ശ്രവിക്കാം.വെളിച്ചവും ആനന്ദവുമായ തിരുപ്പിറവിയുടെ രഹസ്യം നമ്മെ ആഹ്വാനംചെയ്യുകയും പിടിച്ചു കുലുക്കുകയും ചെയ്യുന്നു, കാരണം ഒരേ സമയം അത് പ്രത്യാശയുടെയും ദു:ഖത്തിന്‍റെയും രഹസ്യമാണ്. സ്നേഹം സ്വാഗതം ചെയ്യപ്പെടാതിരിക്കുകയും ജീവന്‍ നിരാകരിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ തിരുപ്പിറവി ദു:ഖത്തിന്‍റെതായ ഒരു രുചിയും പേറുന്നു. തങ്ങള്‍ക്കുമുന്നില്‍ വാതിലുകള്‍ അടയ്ക്കപ്പെട്ടതായി കാണുകയും സത്രത്തില്‍ സ്ഥലം ലഭിക്കായ്കയാല്‍ ഒരു പുല്‍ത്തൊട്ടിയില്‍ യേശുവിനെ കിടത്തുകയും ചെയ്ത യൗസേപ്പിനും മറിയത്തിനും സംഭവിച്ചത് അതാണ്. പിറക്കുന്ന യേശുവിനെ ചിലര്‍ നിഷേധിച്ചു, മറ്റനേകര്‍ നിസ്സംഗത പുലര്‍ത്തി. യേശുവല്ല, മറിച്ച്,. നാം നായകരായ ഒരു ആഘോഷമായി തിരുപ്പിറവി മാറുമ്പോള്‍, ദൈവത്തിന്‍റെ വെളിച്ചത്തില്‍ കമ്പോളത്തിലെ വിളക്കുകള്‍ നിഴല്‍ പരത്തുമ്പോള്‍, സമ്മാനങ്ങള്‍ക്കായി നാം ആവേശം കാട്ടുകയും പ്രാന്തവല്‍കൃതരുടെ കാര്യത്തില്‍ അവഗണനകാട്ടുകയും ചെയ്യുമ്പോള്‍ ഇത്തരം നിസ്സംഗത ഇന്നും ഉണ്ടാകും. ഈ ലൗകികത തിരുപ്പിറവിയെ തടവിലാക്കിയിരിക്കുന്നു, ആ തടവറയില്‍ നിന്ന് അതിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.എന്നിരുന്നാലും തിരുപ്പിറവിയുടേത്, സര്‍വ്വോപരി, പ്രത്യാശയുടെ രുചിയാണ്. കാരണം നമ്മുടെ ജീവിതത്തിലെ അന്ധകാരത്തിലും ദൈവത്തിന്‍റെ വെളിച്ചം പരക്കുന്നു. അവിടത്തെ സൗമ്യപ്രകാശം നമ്മെ ഭയപ്പെടുത്തില്ല. നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മെ ഒരുവനെപ്പോലെ ദരിദ്രനും ബലഹീനനുമായി നമ്മുടെ ഇടയില്‍ പിറന്നുകൊണ്ട്, അവിടത്തെ സൗമ്യതയാല്‍ നമ്മെ ആകര്‍ഷിക്കുന്നു. അപ്പത്തിന്‍റെ ഭവനം എന്നര്‍ത്ഥമുള്ള ബത്ലഹേമില്‍ അവിടന്ന് ജാതനായി. നമുക്കുള്ള അപ്പം ആയി ജനിച്ചിരിക്കുന്നു എന്ന് നമ്മോടു പറയാന്‍ ഉദ്ദേശിക്കുന്ന ഒരു പ്രതീതി ഇവിടെ ഉളവാകുന്നു. നമുക്കു ജീവനേകാന്‍ അവിടന്ന് ജീവിതത്തിലേക്കു വരുന്നു. തന്‍റെ സ്നേഹം നമുക്കേകാന്‍ അവിടന്ന് ലോകത്തിലേക്കു വരുന്നു. നമ്മെ വിഴുങ്ങാനും നമ്മോടാജ്ഞാപിക്കാനുമല്ല മറിച്ച് നമുക്ക് പോഷണമേകാനും നമ്മെ സേവിക്കാനുമാണ് അവിടന്നാഗതനാകുന്നത്. അങ്ങനെ, പുല്‍ത്തൊട്ടിയും യേശു മുറിക്കപ്പെട്ട അപ്പമായിത്തീരുന്നിടമായ കുരിശും തമ്മില്‍ നേരിട്ടുള്ള ഒരു ബന്ധം സംജാതമാകുന്നു. ഇത് നമുക്കായി നല്കപ്പെടുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്നതും നമ്മുടെ ജീവിതത്തിന് വെളിച്ചവും ഹൃദയങ്ങള്‍ക്ക് സമാധാനവും പ്രദാനം ചെയ്യുന്നതുമായ സ്നേഹത്തിന്‍റെ നേരിട്ടുള്ള ബന്ധമാണ്.അക്കാലഘട്ടത്തില്‍ പ്രാന്തവല്‍കൃതരായിരുന്ന ഇടയന്മാര്‍ക്ക് ആ രാത്രിയില്‍ അതു മനസ്സിലായി. എന്നാല്‍ ദൈവനയനങ്ങള്‍ക്കുമുന്നില്‍ ആരും അരികുകളിലായവരല്ല. വാസ്തവത്തില്‍ അവരാണ് തിരുപ്പിറവിയില്‍ ക്ഷണിക്കപ്പെട്ടവര്‍. സ്വയം സുരക്ഷിതരെന്നും സ്വയം പര്യാപ്തരെന്നും കരുതിയിരുന്നവര്‍ സ്വഭവനങ്ങളില്‍ സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരായിരുന്നു; എന്നാല്‍ ആട്ടിടയരാകകട്ടെ " അതിവേഗം പോയി". ഈ രാത്രിയില്‍ യേശുവിനാല്‍ ആഹ്വാനംചെയ്യപ്പെടാന്‍ നമുക്കും നമ്മെ അനുവദിക്കാം, വിശ്വാസത്തോടുകൂടി അവിടത്തെ പക്കലേക്കു പോകാം, നാം പ്രാന്തവല്‍കൃതരെന്നു തോന്നുന്നവിടെ നിന്ന്, നമ്മുടെ കുറവുകളില്‍ നിന്ന്, നമ്മുടെ പാപങ്ങളില്‍ നിന്ന് നമുക്ക് പുറപ്പെടാം. രക്ഷാദായക ആര്‍ദ്രതയാല്‍ സ്പര്‍ശിതരാകാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. നമുക്ക് സമീപസ്ഥനായ ദൈവത്തോട് നമുക്കടുക്കാം. പുല്‍ക്കൂടിനുമുന്നില്‍ നിന്ന് യേശുവിന്‍റെ പിറവി നമുക്ക് മനസ്സില്‍ കാണാം-വെളിച്ചവും സമാധാനവും കൊടുംദാരിദ്ര്യവും തിരസ്ക്കരണവും. ആട്ടിടയരുമൊത്ത് നമുക്ക് യഥാര്‍ത്ഥ തിരുപ്പിറവിയിലേക്കു പ്രവേശിക്കാം, നാം എന്തായിരിക്കുന്നവൊ അത്, നമ്മുടെ പ്രാന്തവല്‍ക്കരണങ്ങളും, ഉണങ്ങാത്ത മുറിവുകളും, നമ്മുടെ പാപങ്ങളും അവിടത്തേക്കു സമര്‍പ്പിക്കാം. അങ്ങനെ, യേശുവില്‍ നമുക്ക് തിരുപ്പിറവിയുടെ യഥാര്‍ത്ഥ അരൂപി, അതായത്, ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നതിന്‍റെ മനോഹാരിത രുചിച്ചറിയാം. മറിയത്തോടും യൗസേപ്പിനോടുമൊപ്പം നാം പുല്‍ക്കൂടിനു മുന്നില്‍, നമ്മുടെ ജീവിതത്തിന് അപ്പമായി പിറക്കുന്ന യേശുവിനു മുന്നില്‍ നില്ക്കുന്നു. അവിടത്തെ എളിമയാര്‍ന്നതും അനന്തവുമായ സ്നേഹത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് നമുക്കു ലാളിത്യത്തോടുകൂടി പറയാം നന്ദി. അങ്ങ് എനിക്കായി ചെയ്ത ഇവയ്ക്കെല്ലാം നന്ദി.