News >> സൗഹൃദത്തിന്‍റെ പാലം പണിതുകൊണ്ട് ദൈവസ്നേഹം ദൃശ്യമാക്കുക. ഫ്രാന്‍സീസ് പാപ്പാ


Source: Vatican Radio

സൗഹൃദത്തിന്‍റെ പാലം പണിതുകൊണ്ട് ദൈവസ്നേഹം ദൃശ്യമാക്കുന്നവരാകുക. യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ.

ലാത്വിയ (Latvia) യുടെ തലസ്ഥാനമായ റീഗ (Riga) യില്‍ വച്ചു 2016 ഡിസംബര്‍ 28 മുതല്‍ 2017 ജനുവരി ഒന്നുവരെ നടക്കുന്ന തായ്സെ (Taiz) എക്യുമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ  മുപ്പത്തൊമ്പതാമത് യുവജനസമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം അവരെ ആഹ്വാനംചെയ്തത്. നിങ്ങളുടെ പ്രതീക്ഷയെ ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ എന്ന് പാപ്പാ ഈ സന്ദേശത്തിലും ആവര്‍ത്തിക്കുകയും നിങ്ങളോടൊത്തുണ്ട് എന്ന് ഉറപ്പുകൊടുക്കുകയും ക്രാക്കോവില്‍ വച്ചുനടന്ന യുവജനസമ്മേളനത്തിനു നല്കിയ ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു:  

കര്‍ത്താവു നമ്മെ വിളിക്കുന്ന നിമിഷത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളിലേക്കും നമുക്കു പങ്കുവെയ്ക്കാന്‍ കഴിയുന്ന സ്നേഹത്തിലേക്കും നോക്കുന്നു.  അവിടുന്ന് ഭാവിയിലേക്ക്, നാളെയിലേക്കു നമ്മെ പണയപ്പെടുത്തുന്നു. ചക്രവാളങ്ങളിലേക്കു നീങ്ങാനാണ് യേശു ഉത്തേജിപ്പിക്കുന്നത്, മ്യൂസിയങ്ങളിലേയ്ക്കല്ല (ജൂലൈ 30, 2016).

ദൈവാരൂപിയുടെ വിളി ശ്രവിച്ചുകൊണ്ട്, തങ്ങളുടെ സുഖപ്രദമായ വീടുകള്‍ വിട്ടിറങ്ങി  ഈ വിശ്വാസ തീര്‍ഥാടനത്തിനായി പുറപ്പെട്ട യുവജനങ്ങള്‍ക്കു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടുള്ള പാപ്പായുടെ സന്ദേശത്തില്‍ ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്‍റ്, കത്തോലിക്കാ ക്രിസ്ത്യന്‍വിഭാഗങ്ങളിലെ യുവജനങ്ങള്‍ ഈ ദിവസങ്ങളില്‍ യഥാര്‍ഥ സാഹോദര്യം ജീവിച്ചുകൊണ്ട് ചരിത്രത്തിന്‍റെ നായകരാകുന്നതിനുള്ള തങ്ങളുടെ ആഗ്രഹം പ്രകടമാക്കുകയാണ് എന്നു സൂചിപ്പിച്ചു.  കര്‍ത്താവ് നിങ്ങളുടെ ഹൃദയങ്ങളിലും അനുദിനജീവിതത്തിലും ജീവിക്കട്ടെ എന്നാശംസിച്ച പാപ്പാ, തന്‍റെ എല്ലാ സന്ദേശങ്ങളിലും പ്രഭാഷണ ങ്ങളിലും പതിവായി ചെയ്യുന്നതുപോലെ, ഇന്നത്തെ ലോകത്തിലെ അക്രമവും അനീതിയും അതിന്‍റെ ഫലമായ ദുരിതങ്ങളും ചൂണ്ടിക്കാണിക്കുകയും, ആ സാഹചര്യം 'തിന്മയുടെ ശക്തിയാണ് ഈ ലോക ത്തിലേറ്റവും വലുത്' എന്ന ഒരു തോന്നലുണ്ടാക്കിയേക്കാമെന്നും എന്നാല്‍ അവരുടെ വാക്കുകളും പ്രവൃത്തികളും വഴി തിന്മയല്ല നമ്മുടെ ചരിത്രത്തിലെ അവസാനവാക്ക് എന്നു കാണിച്ചുകൊടുക്കു ന്നതിന് അവരെ ക്ഷണിക്കുന്നതായും പറഞ്ഞു.  ബ്രദര്‍ റോജറിന്‍റെ വിനയപൂര്‍ണമായ സാക്ഷ്യത്തി ലൂടെയെന്നപോലെ, നിങ്ങള്‍ സൗഹൃദങ്ങളുടെ പാലം പണിയുന്നവരാകുക. അങ്ങനെ ദൈവം നമ്മെ സ്നേഹിക്കുന്ന ആ സ്നേഹത്തെ ഈ ലോകത്തില്‍ ദൃശ്യമാക്കുക എന്ന് ആഹ്വാനം ചെയ്തു.

തായ്സെ കമ്മ്യൂണിറ്റി 1940-ല്‍ ബ്രദര്‍ റോജര്‍ ഷൂട്സ് ആരംഭിച്ച ഒരു അന്താരാഷ്ട്ര എക്യുമെനിക്കല്‍ ആശ്രമജീവിത സമൂഹമാണ്.  ഇതിന്‍റെ ആസ്ഥാനമായ ഫ്രാന്‍സിലെ തായ്സെ എന്ന സ്ഥലനാമത്തോടു ചേര്‍ന്നാണ് ഇത് അറിയപ്പെടുന്നത്. ബാള്‍ട്ടിക് കടലിന്‍റെ കിഴക്കുഭാഗത്തുള്ള ലാത്വിയ എന്ന ചെറിയ രാജ്യത്തിന്‍റെ തലസ്ഥാനമായ റീഗയാണ് തായ്സെ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ എക്യുമെനിക്കല്‍ യുവജനസമ്മേളനത്തിനു വേദിയാകുന്നത്. യൂറോപ്പിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു യുവജനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍തലോമിയോ, കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തുടങ്ങി വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക് തുടങ്ങിയ പ്രമുഖരും ഈ എക്യു മെനിക്കല്‍ യുവജനസമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങളയച്ചിട്ടുണ്ട്.