News >> വത്തിക്കാനില്‍ പാപ്പായുടെ പരിപാടികളില്‍ പങ്കെടുത്തവര്‍


Source: Vatican Radio

നടപ്പുവര്‍ഷം വത്തിക്കാനില്‍ മാത്രം 40 ലക്ഷത്തോളം പേര്‍ പാപ്പായുടെ പരിപാടികളില്‍ പങ്കുകൊണ്ടതായി പരിശുദ്ധസിംഹാസനത്തിന്‍റെ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.

പാപ്പായുടെ പരിപാടികളെ ഏകോപിക്കുന്ന കാര്യാലയം, അതായത് പ്രീഫെക്ച്ചര്‍ ഓഫ് പേപ്പല്‍ ഹൗസ്ഹോള്‍ഡ് (Prefecture of the Papal Household) വെളിപ്പെടുത്തിയ കണക്കനുസരിച്ച്, കൃത്യമായി പറഞ്ഞാല്‍, ഇവരുടെ എണ്ണം 3952140 ആണ്.

പാപ്പായുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രീഫെക്ചര്‍ ഈ കണക്കുകള്‍ നല്കിയിരിക്കുന്നത്.

 ഏറ്റവും കൂടുതല്‍ വിശ്വാസികള്‍, അതായത് 16,50000 പേര്‍, പങ്കുകൊണ്ടിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പാ ഞായാറഴ്ചകളിലും തിരുന്നാള്‍ ദിനങ്ങളിലും നയിച്ച ത്രികാലപ്രാര്‍ത്ഥനയിലാണ്. വിവിധ അവസരങ്ങളില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട ദിവ്യപൂജയില്‍ സംബന്ധിച്ചവരുടെ എണ്ണം 9,24500 ആണ്. 7,62000 പേര്‍ പാപ്പാ ഇക്കൊല്ലം വത്തിക്കാനില്‍ അനുവദിച്ച 43 പ്രതിവാര പൊതുകൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. കാരുണ്യത്തിന്‍റെ  ജൂബിലിയോടനുബന്ധിച്ച് പാപ്പാ അനുവദിച്ച കൂടിക്കാഴ്ചകളില്‍ സന്നിഹിതരായിരുന്നവരുടെ സംഖ്യ 4,46000 ആണ്. വത്തിക്കാനില്‍ നടന്ന പ്രത്യേക കുടിക്കാഴ്ചകളില്‍ സംബന്ധിച്ചവര്‍ 1,69640 വരും.

റോം രൂപതയിലോ, റോമിനു വെളിയില്‍ ഇറ്റലിക്കത്തോ, മറ്റു രാജ്യങ്ങളിലോ പാപ്പാ നടത്തിയ ഇടയസന്ദര്‍ശനവേളകളില്‍ ദിവ്യബലിയിലോ കൂടിക്കാഴ്ചകളിലോ പങ്കെടുത്തവരുടെ എണ്ണം ഇതിലുള്‍പ്പെടുത്തിയിട്ടില്ല.