News >> അമ്മ: സ്വാര്‍ത്ഥതയ്ക്കുള്ള മറുമരുന്ന്- ഫ്രാന്‍സീസ് പാപ്പാ
Source: Vatican Radioഅമ്മമാരെ കൂടാതെയുള്ള ഒരു സമൂഹം കനിവിന്‍റെ അഭാവമുള്ളതും കണക്കുകൂട്ടലുകള്‍ക്കം ഊഹക്കച്ചവടത്തിനും മാത്രം ഇടം നല്കുന്നതുമായിരിക്കുമെന്ന് മാര്‍പ്പാപ്പാ.ജനുവരി ഒന്നിന് തിരുസഭ ആചരിക്കുന്ന ദൈവമാതാവിന്‍റെ തിരുന്നാളിനോടനുബന്ധിച്ച്, ഞായറാഴ്ച (01/01/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.ദൈവജനനിയെന്ന നിലയിലുള്ള മറിയത്തിന്‍റെ മാതൃത‍്വം പുത്തനാണ്ടിന്‍റെ തുടക്കത്തില്‍ ആഘോഷിക്കുകയെന്നാല്‍ അതിനര്‍ത്ഥം നാം അനാഥരല്ല, അമ്മയുള്ള ഒരു ജനതയാണ് നമ്മള്‍, നമ്മുടെ ദിനങ്ങളെ അവള്‍ തുണയ്ക്കും എന്ന സുനിശ്ചിതത്വത്തെക്കുറിച്ച് ഓര്‍ക്കുകയാണ് എന്ന് പാപ്പാ പറഞ്ഞു.നമ്മുടെ, വ്യക്തിമാഹാത്മ്യവാദപരങ്ങളായ പ്രവണതകള്‍ക്കും സ്വാര്‍ത്ഥതകള്‍ക്കും അടച്ചിടല്‍ മനോഭാവങ്ങള്‍ക്കും ഉദാസീനതകള്‍ക്കും എതിരായ ശക്തമായ മറുമരുന്നാണ് അമ്മമാരെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.ഏറ്റം മോശപ്പെട്ട നിമിഷങ്ങളില്‍ പോലും ആര്‍ദ്രതയ്ക്കും നിരുപാധിക സമര്‍പ്പണത്തിനും സാക്ഷ്യമേകാന്‍ കഴിയുന്നവരാണ് അമ്മമാരെന്നും സ്വന്തം മക്കള്‍ നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിന് അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ വെടിയുന്നവരാണ് ഈ അമ്മമാരെന്നും പാപ്പാ ശ്ലാഘിച്ചു.നാം ഒരു കുടുംബത്തിന്, ഒരു ജനതയ്ക്ക്, ഒരു നാടിന്, നമ്മുടെ ദൈവത്തിന് സ്വന്തമാണെന്ന അവബോധം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അനാഥത്വത്തിന്‍റെതായ അനുഭവത്തില്‍നിന്ന് നമ്മെ മോചിപ്പിക്കുന്നതാണ് പരിശുദ്ധ കന്യകാമാറിയത്തിന്‍റെ മാതൃസന്നിഭ നോട്ടമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ആ നോട്ടം നമ്മെ പഠിപ്പിക്കുന്നത് പ്രത്യാശയും സാഹോദര്യവും വിതച്ചുകൊണ്ട് പരിശുദ്ധ കന്യകാമറിയം നമ്മെ പരിപാലിക്കുന്നതു പോലെ നമ്മളും ജീവനെ ശുശ്രൂഷിക്കണമെന്നാണെന്ന് വിശദീകരിച്ചു.