News >> ദൈവനേത്രങ്ങളെ ആകര്‍ഷിച്ച മറിയത്തിന്‍റെ താഴ്മ
Source: Vatican Radioദൈവനേത്രങ്ങളെ ആകര്‍ഷിച്ച മറിയത്തിന്‍റെ താഴ്മയെക്കുറിച്ചു നന്ദി നിറഞ്ഞ ഹൃദയത്തോടെ, ഫ്രാന്‍സീസ് പാപ്പാ 2017 -ലെ നവവത്സരദിനമായ ഞായറാഴ്ചയില്‍ ത്രികാലജപത്തോടനുബന്ധിച്ചു സന്ദേശം നല്‍കി. ലോകമെമ്പാടുനിന്നുമായി അമ്പതിനായിരത്തോളം തീര്‍ഥാടകരാണ് പാപ്പായുടെ ത്രികാലജപ സന്ദേശം ശ്രവിക്കുന്നതിനും ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി എത്തിയിരുന്നത്. പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം!ബെതലഹേമില്‍ ജനിച്ച ദൈവപുത്രനിലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ ദൃഷ്ടികളുറപ്പി ച്ചത്. ഇന്ന്, പരിശുദ്ധ മറിയത്തിന്‍റെ അനുസ്മരണത്തിരുനാളില്‍, ദൈവമാതാവിന്‍റെ നേര്‍ക്കു നമ്മുടെ കണ്ണുകളെ തിരിക്കുമ്പോഴും അവര്‍ തമ്മിലുള്ള അഗാധബന്ധത്തില്‍ നമ്മുടെ നോട്ടം മാറി മാറി പതിക്കട്ടെ. ആ ബന്ധം, ജന്മം നല്കിയെന്നോ ജന്മം സ്വീകരിച്ചുവെന്നോ ഉള്ള വസ്തുതയില്‍ മാത്രം അവസാനിക്കുന്നതല്ല, രക്ഷാകരദൗത്യത്തിനുവേണ്ടി യേശു സ്ത്രീയില്‍നിന്നു ജാതനായി എന്നതിനോടൊപ്പം ഇനിയും അത് കൂടുതല്‍ രഹസ്യങ്ങളിലേക്കു തുറക്കപ്പെട്ടതാണ്. മറിയം ഇതറിഞ്ഞിരുന്നു. അവളുടെ മാതൃത്വപരമായ ബന്ധത്തോടെ സമാപിച്ചതല്ല, മറിച്ച് യേശുവിന്‍റെ ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന എല്ലാ സംഭവങ്ങളോടും തുറവിയുള്ളതായിരുന്നു ആ ബന്ധം. ഇന്നത്തെ സുവിശേഷം ഓര്‍മി പ്പിക്കുന്നതുപോലെ, ആ ബന്ധം മറിയത്തിന്‍റെ ധ്യാനത്തില്‍ സൂക്ഷിക്കപ്പെടുകയും, പരിചിന്തനത്തി ലൂടെ ആഴപ്പെടുകയും ചെയ്തു (ലൂക്ക 2:19). മറിയം അവളുടെ 'ആമേനി'ലൂടെ ദൈവത്തിന്‍റെ രക്ഷാകരപദ്ധതി നടപ്പിലാക്കുന്നതിനു സഹ രിക്കുവാനുള്ള സന്നദ്ധത അറിയിച്ചു, അതാകട്ടെ ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നതും ശക്തന്മാരെ സിംഹാസനത്തില്‍നിന്നു മറിച്ചിട്ട് താഴ്ന്നവരെ ഉയര്‍ത്തുന്നതും വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ടു സംതൃപ്തരാക്കുകയും സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയയ്ക്കുന്നതും ആയ പദ്ധതിയാണ്. ഓരോ ദിവസവും നിശ്ശബ്ദയായി വളരെ ശ്രദ്ധയോടെ ദൈവം എന്താണ് തന്നില്‍നിന്ന് ആവശ്യപ്പെടുന്നത് എന്നറിയുന്നതിന് മറിയം എല്ലായ്പോഴും ശ്രമിക്കുകയാണ്. ഇടയന്മാരുടെ സന്ദര്‍ശനം, എളിയവരായ പാവപ്പെട്ട ജനങ്ങളുടെ സാന്നിധ്യത്തില്‍ ദൈവഹിതത്തിന്‍റെ ചില ഘടകങ്ങള്‍ പ്രകടമാകുന്ന ഒരവസരമാണ്. ചലനാത്മകതയെ, അതിന്‍റെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന ക്രിയാപദങ്ങളുടെ നിരതന്നെ ഉപയോഗിച്ചുകൊണ്ടാണ് വിശുദ്ധ ലൂക്കാസുവിശേഷകന്‍ ഈ സംഭവത്തെ വിവരിക്കുന്നത്. ഇങ്ങനെയാണ് നാം വായിക്കുന്നത്: ''അവര്‍ അതിവേ ഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. ...തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തി'' (ലൂക്ക 2:16-20). മറിയമാകട്ടെ ഇവയെല്ലാം പിഞ്ചെല്ലുകയും, ആട്ടിടയര്‍ പറയുന്നതും അവര്‍ക്കു സംഭവിക്കുന്നതും യേശുവിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ കൈവരാനിരിക്കുന്ന രക്ഷാകരമായ ചലനങ്ങളെയും തിരിച്ചറിയുകയും തന്നോടു സംയോജിപ്പിക്കുകയും കര്‍ത്താവു തന്നോടാവശ്യപ്പെടുന്ന എന്തിനും തയ്യാറായിരിക്കുകയും ചെയ്തു. തന്‍റെ ഏകപു ത്രനു മാതാവാകുവാന്‍ മാത്രമല്ല, വിനീതദാസിയായ അവളിലും അവളിലൂടെയും ദൈവികകാരുണ്യത്തിന്‍റെ മഹത്തായ കാര്യങ്ങള്‍ പൂര്‍ണത പ്രാപിക്കുന്നതിനു വേണ്ടി മകനോടു ചേര്‍ന്നു രക്ഷാകരപദ്ധതിയില്‍ സഹകരിക്കുവാനുംകൂടിയായിരുന്നു മറിയത്തെ വിളിച്ചത്.നമുക്കും ആട്ടിടയന്മാരോടൊപ്പം, അമ്മയുടെ കൈകളിലിരിക്കുന്ന ദിവ്യശിശുവിനെ ധ്യാനിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ലോകത്തിനു രക്ഷകനെ നല്‍കിയവന്‍റെ നേര്‍ക്കുള്ള വലിയ കൃതജ്ഞതയുടെ അനുഭവം വര്‍ധിച്ചു വരട്ടെ. അതിനായി ഈ പുതുവര്‍ഷത്തിന്‍റെ ആദ്യദിനത്തില്‍ പരിശുദ്ധ അമ്മയോട് നമുക്കു ഇപ്രകാരം പറയാം എന്നു പറഞ്ഞുകൊണ്ട് പാപ്പാ പ്രാര്‍ഥിച്ചു.ദൈവപുത്രന്‍റെ പരിശുദ്ധയായ അമ്മേ, പരിശുദ്ധ ദൈവമാതാവേ നിനക്കു നന്ദി. ദൈവത്തിന്‍റെ കണ്ണുകളെ ആകര്‍ഷിച്ച നിന്‍റെ താഴ്മയെക്കുറിച്ചു നിനക്കു നന്ദി.വചനത്തെ സ്വാഗതം ചെയ്ത നിന്‍റെ വിശ്വാസത്തെക്കുറിച്ചു നിനക്കു നന്ദി. 'ഇതാ ഞാന്‍' എന്നു പറയാന്‍ കഴിഞ്ഞ നിന്‍റെ ധൈര്യത്തെക്കുറിച്ചു നിനക്കു നന്ദി.പരിശുദ്ധ സ്നേഹത്താല്‍ വിസ്മയഭരിതയായി നിന്നെപ്പറ്റി നീ മറന്നു. എല്ലാമായ ഒന്നുമാത്രം നിന്‍റെ പ്രത്യാശയില്‍ നീ ചെയ്തു. നന്ദി, ദൈവപുത്രനായ യേശുവിന്‍റെ അമ്മേ, നിനക്കു നന്ദി.സമയത്തില്‍ തീര്‍ഥാടകരായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. സമാധാനത്തിന്‍റെ വഴിയിലൂടെ നടക്കുന്നതിനു ഞങ്ങളെ സഹായിക്കണമേ.തുടര്‍ന്നു പാപ്പാ ത്രികാലജപം ലത്തീന്‍ഭാഷയില്‍ ചൊല്ലുകയും തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്കുകയും ചെയ്തു.
ത്രികാലജപത്തിനുശേഷം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് അമ്പതുവര്‍ഷം മുമ്പ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തുടങ്ങിവച്ച ലോകസമാധാനദിനാചരണത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടും ആനുകാലികസംഭവങ്ങളനുസ്മരിച്ചും പാപ്പാ സംസാരിച്ചുപ്രിയ സഹോദരീസഹോദരന്മാരെ, ആനന്ദപൂര്‍ണമായ നവവത്സരം!ദൈവത്തിന്‍റെ സഹായത്താല്‍ നമുക്കോരോരുത്തര്‍ക്കും ഓരോദിവസവും കൂടുതല്‍ നന്മ ചെയ്യാനാവുന്നതനുസരിച്ച് ഈ വര്‍ഷം നന്മ നിറഞ്ഞതായിരിക്കട്ടെ. ദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും പ്രവൃത്തികളോടു 'ഇല്ല', എന്നും സാഹോദര്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രവൃത്തികളോടു 'ഉവ്വ്' എന്നും പറഞ്ഞുകൊണ്ടാണ് സമാധാനം സ്ഥാപിക്കേണ്ടത്. വാഴത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ, സമാധാനവും സാഹോദര്യവും പുലരുന്ന ഒരു ലോകനിര്‍മിതിക്കുവേണ്ടി സമൂഹത്തിനു ശക്തിപകരുന്നതിനായി ഈ ദിനത്തില്‍ വിശ്വശാന്തിദിനം ആചരിക്കുന്നതിനു തുടക്കം കുറിച്ചിട്ടു അമ്പതു വര്‍ഷമായി. ഈ വര്‍ഷത്തെ സന്ദേശത്തിനു വിചിന്തനവിഷയമായിരിക്കുന്നത്
അക്രമരാഹിത്യം: സമാധാനത്തിനുള്ള രാഷ്ട്രീയശൈലി എന്നതാണ്.നിര്‍ഭാഗ്യവശാല്‍, അക്രമം, പ്രതീക്ഷയുടെ മംഗളകരമായ ഈ രാത്രിയിലും നമ്മെ ബാധിച്ചിരിക്കുന്നു. ദുഃഖത്തോടുകൂടി, ഞാന്‍ തുര്‍ക്കിയിലെ ജനങ്ങളോട് എന്‍റെ ഉറ്റസാന്നിധ്യം ഞാനറിയിക്കുന്നു. അതി നിരയായ അനേകര്‍ക്കും പരിക്കേറ്റവര്‍ക്കും വിലപിക്കുന്ന രാഷ്ട്രത്തിനുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. ഏവരെയും ഭയത്തിന്‍റെയും ആശങ്കയുടെയും നിഴലിലാക്കുന്ന ഭീകരതയുടെ ചാട്ടവാറടിയെ, ഭൂമിയെ മൂടുന്ന രക്തക്കറയെ ഇല്ലാതാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന സന്മനസ്സുള്ള ജനങ്ങളെ ദൈവം സഹായിക്കട്ടെ. തുര്‍ക്കിയിലെ ഈ ആക്രമണത്തില്‍ മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പരിക്കേറ്റവരോടും അവിടുത്തെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ പ്രാര്‍ഥനയില്‍ സമീപസ്ഥനാണ്.ഇന്നലെ രാത്രിയില്‍ രാഷ്ട്രത്തിനുമുഴുവന്‍ സന്ദേശം നല്‍കിയ അവസരത്തില്‍ എനിക്കു പ്രത്യേകമായി ആശംസകള്‍ നേര്‍ന്ന ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റിനു ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു. ഇറ്റലിയിലെ ജനത്തിനു മുഴുവനുവേണ്ടി ഞാന്‍ ദൈവാനുഗ്രഹം പ്രാര്‍ഥിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തര്‍ക്കും, കുടുംബങ്ങള്‍ക്കും സംഘടനകള്‍ക്കും യുവജന കൂട്ടായ്മകള്‍ക്കും ആനന്ദപൂര്‍ണവും സമാധാനപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളുടെ, പ്രതിബദ്ധതയുടെ എല്ലാ സംരംഭങ്ങള്‍ക്കും നന്ദി. ഇറ്റലി യിലെ ബൊളോഞ്ഞയില്‍ ഇന്നലെ രാത്രിയില്‍ സമാധാനത്തിനായുള്ള ദേശീയമാര്‍ച്ചിനായി അണിചേര്‍ന്ന എല്ലാവരെയും അതിനായി പ്രവര്‍ത്തിച്ച എല്ലാ സംഘടനകളെയും, രൂപതയെയും പ്രത്യേകമായി ഓര്‍ക്കുന്നു.വി. എജീദിയോയുടെ സമൂഹത്തിന്‍റെ സമാധാനത്തിനുവേണ്ടിയുള്ള
പീസ് ഇന്‍ ഓള്‍ ലാന്‍ഡ്സ് എന്ന സംരംഭത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ സാന്നിധ്യത്തിനും സാക്ഷ്യത്തിനും പ്രത്യേകം നന്ദി.എല്ലാവര്‍ക്കും സമാധാനവും ദൈവകൃപയും നിറഞ്ഞതും മറിയത്തിന്‍റെ മാതൃസംരക്ഷണവുമുള്ള ഒരു വര്‍ഷം ആശംസിച്ചുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്നപേക്ഷിച്ചു കൊണ്ട് നല്ല ഉച്ചവിരുന്നാശംസിച്ച പാപ്പാ വീണ്ടും കാണാം എന്നു പറഞ്ഞുകൊണ്ട് ഞായറാഴ്ചയിലെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടി അവസാനിപ്പിച്ചു.