News >> ''കാരുണ്യ ഐക്കണുകള്‍'', എപ്പിഫനിത്തിരുനാളില്‍ പാപ്പായുടെ സമ്മാനം


Source: Vatican Radio

2017 ജനുവരി ആറാം തീയതി ഉച്ചയ്ക്ക് പാപ്പായുടെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്കു ശേഷം, വത്തിക്കാന്‍ സ്ക്വയറില്‍ ''കരുണയുടെ ഐക്കണുകള്‍'' എന്ന ചെറുപുസ്തകം വിതരണം ചെയ്തു.  പോക്കറ്റിലൊതുങ്ങുന്ന ഈ ചെറുപുസ്തകം ഫ്രാന്‍സീസ് പാപ്പായുടെ സമ്മാനമായിട്ടാണ്  നല്‍കപ്പെട്ടത്.  കഴിഞ്ഞ നവംബര്‍ മുപ്പതാം തീയതി അവസാനിച്ച കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിയുടെ തുടര്‍ച്ചയെന്ന പോലെ നല്കപ്പെട്ട ഈ പുസ്തകത്തില്‍ ദൈവത്തിന്‍റെ അനന്തകരുണയെക്കുറിച്ചുള്ള അനുദിനവിചിന്തനത്തിനുള്ള വാക്യങ്ങളും പ്രാര്‍ഥനകളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 

സുവിശേഷത്തില്‍നിന്നു യേശുവിന്‍റെ കരുണ വ്യക്തമാക്കുന്ന ആറു സംഭവങ്ങളുടെ ചിത്രങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.  പാപിനിയായ സ്ത്രീ, ചുങ്കക്കാരന്‍ മത്തായി, സമരിയാക്കാരി സ്ത്രീ, നല്ല ക ള്ളന്‍, പത്രോസ് അപ്പസ്തോലന്‍ എന്നിവര്‍ യേശുവിന്‍റെ കരുണയാല്‍ രൂപാന്തരപ്പെട്ട സംഭവങ്ങളുടെ ചിത്രീകരണങ്ങളാണ് അവ. ത്രികാലജപത്തിനുശേഷം ഫ്രാന്‍സീസ് പാപ്പായുടെ ഈ സമ്മാനം വത്തിക്കാന്‍ ചത്വരത്തില്‍ സമ്മേളിച്ചിരുന്ന എല്ലാവര്‍ക്കും നല്കി. ഏതാണ്ട് മുപ്പത്തയ്യായിരം പേരാണ് മാര്‍പ്പാപ്പായോടൊത്ത് ത്രികാലപ്രാര്‍ഥന നടത്തുന്നതിനും പാപ്പായുടെ സന്ദേശം ശ്രവിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി എത്തിച്ചേര്‍ന്നിരുന്നത്.

സമ്മാനവിതരണത്തിനുശേഷം മാര്‍പ്പാപ്പയുടെ സംഭാവനയായി ആവശ്യക്കാരായ മുന്നൂറിലധികം പേര്‍ക്കു ലഘുഭക്ഷണവും നല്കി.