News >> മുൻ ലോക്‌സഭാ സ്പീക്കർ സാംഗ്മക്ക് വിദ്യാഭ്യാസം നൽകിയ ഫാ. മുസോളിൻ ഓർമയായി
Source: Sunday Shalomഗുവഹത്തി. അന്തരിച്ച മുൻ ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ. സംഗ്മയ്ക്ക് വിദ്യാഭ്യാസം നൽകിയ ഇറ്റാലിയൻ മിഷനറി ഫാ. ബാറ്റിസ്റ്റാ മുസോളിൻ എസ്.ഡി.ബി ഓർമയായി. ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 65 വർഷക്കാലം മിഷനറിയായി സേവനം ചെയ്ത ഫാ. ബാറ്റിസ്റ്റായുടെ അന്ത്യം മേഘാലയയിലെ ഇറയിലായിരുന്നു.
ഗാരോഹിൽസിലെ അതിർത്തി ഗ്രാമത്തിൽ ആട്ടിടയനായിരുന്ന സംഗ്മയെ തന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നൽകുകയായിരുന്നു ഫാ. ബാറ്റിസ്റ്റാ. തന്റെ വിജയങ്ങൾക്കു പിന്നിൽ ഫാ. ബാറ്റിസ്റ്റാ മുസോളിൻ നൽകിയ വിദ്യാഭ്യാസവും സഹായവുമായിരുന്നെന്നും അദ്ദേഹവുമായി പരിചയപ്പെട്ടിരുന്നില്ലായിരുന്നെങ്കിൽ ആരോരുമറിയാതെ മേഘാലയത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ജീവിതം അവസാനിക്കുമായിരുന്നു എന്നും സംഗ്മ പലയിടത്തും അനുസ്മരിച്ചിട്ടുണ്ട്.
മേഘാലയത്തിലെ ഗാരോഹിൽസിൽ പിന്നാക്ക ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ ഏറെ പ്രവർത്തനങ്ങൾ നടത്തി. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തി. നാൽപതിനായിരത്തിലധികം പേർക്ക് ഇതുവഴി ഉയർന്ന വിദ്യാഭ്യാസം ലഭിച്ചു. പലർക്കും രാജ്യത്തിനകത്തും പുറത്തും ഉയർന്ന ജോലികളിൽ എത്താൻ കഴിഞ്ഞു. അവരിൽ പലരിലൂടെയും പഠന-തൊഴിൽ സൗകര്യങ്ങൾ അവിടങ്ങളിൽ ഉണ്ടാകുകയും ചെയ്തു. സുവിശേഷസന്ദേശമെത്താതിരുന്ന നിരവധി ഗ്രാമങ്ങളിൽ സുവിശേഷമെത്തിയത് ഈ മിഷനറിയിലൂടെയായിരുന്നു.
ഇറ്റലിയിൽ പാദുവായ്ക്കടുത്തുള്ള ഗ്രാമത്തിൽ ജനിച്ച അദ്ദേഹം 1949-ൽ സലേഷ്യൻ വൈദികനായി. പിറ്റേക്കൊല്ലം ഇന്ത്യയിലെത്തി. അന്നത്തെ അസമിലായിരുന്നു ശുശ്രൂഷ തുടങ്ങിയത്. അന്നുമുതൽ 65 വർഷവും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലായിരുന്നു സേവനം. ഫാ. ബാറ്റിസ്റ്റാ മുസോളിൻ പിതൃസ്വത്തായി കിട്ടിയ തും ഉദാരമനസ്‌കരിൽനിന്ന് ശേഖരിച്ച വലിയ തുകയും ഗാരോഹിൽസിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യുവജന-വയോജന കേന്ദ്രങ്ങൾ, കുഷ്ഠരോഗകേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനായി ചെലവഴിച്ചു. ഇന്ന് ഏഷ്യയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇറ ഡോൺ ബോസ്‌കോ കോളജ്, ഹൈസ്‌കൂൾ-ഹയർ സെക്കന്ററി സ്‌കൂൾ, ഡോൺ ബോസ്‌കോ ബി.എഡ് കോളജ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.