News >> ദൈവത്തോടുള്ള പരാതി പറച്ചിലും പ്രാർത്ഥന തന്നെ
Source: Sunday Shalom
വത്തിക്കാൻ സിറ്റി: സംശയത്തിന്റെയും ഭയത്തിന്റെയും നിമിഷത്തിൽ അബ്രാഹത്തെപ്പോലെ ദൈവത്തോട് പരാതി പറയുന്നത് മോശമായ കാര്യമല്ലെന്നും അത് പ്രാർത്ഥനയുടെ ഒരു രൂപമാണെന്നും ഫ്രാൻസിസ് മാർപാപ്പ. അന്ധകാരത്തിന്റെയും നിരാശയുടെയും അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശ നമ്മെ മുമ്പോട്ട് നയിക്കുമെന്ന് വത്തിക്കാനിൽ തീർത്ഥാടനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ വ്യക്തമാക്കി.
ദൈവത്തോട് പരാതി പറയുന്നതും ഒരു പ്രാർത്ഥനയാണെന്നുള്ളത് നമ്മുടെ പിതാവായ അബ്രാഹത്തിൽനിന്ന് പഠിക്കാവുന്ന ഒരു കാര്യമാണെന്ന് പാപ്പ തീർത്ഥാടകരോട് പങ്കുവച്ചു. ചിലർ കുമ്പസാരിക്കുമ്പോൾ ദൈവത്തോട് പരാതി പറഞ്ഞെന്ന് പറയാറുണ്ട്. അല്ല, ദൈവത്തോട് പരാതി പറയുന്നത് പാപമല്ല. പരാതി പറയുന്നത് തുടരുക. അവൻ പിതാവാണ്. ദൈവത്തോട് പരാതി പറയുക. അത് നല്ലതാണ്; പാപ്പ ഉദ്‌ബോധിപ്പിച്ചു.
മാനുഷിക യുക്തിക്കും ലോകത്തിന്റെ ജ്ഞാനത്തിനും വിവേകത്തിനും ഉപരിയായി അസാധ്യമായ കാര്യം വിശ്വസിക്കുവാൻ അബ്രാഹത്തിന് സാധിച്ചത് കുഞ്ഞിനെ തരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള പ്രത്യാശയാലാണെന്ന് പാപ്പ തുടർന്നു. പ്രത്യാശ പുതിയ ചക്രവാളങ്ങൾ തുറക്കുന്നു. അസാധ്യമായവ സ്വപ്നം കാണാൻ പ്രത്യാശ പ്രാപ്തി നൽകുന്നു. ഉറപ്പില്ലാത്ത ഭാവിയുടെ അന്ധകാരത്തിലേക്ക് കാലെടുത്തുവയ്ക്കാൻ നമ്മെ സഹായിക്കുന്നതും പ്രത്യാശയാണ്. എന്നാൽ ജീവിതത്തിൽ കുറച്ചു കഴിഞ്ഞപ്പോൾ ദൈവത്തിന്റെ വാഗ്ദാനത്തെ അബ്രാഹം സംശയിച്ചു.
മാനുഷികമായി അസാധ്യമായത് വിശ്വസിക്കുന്നതിന്റെ നിരാശ അബ്രാഹത്തെ കീഴടക്കി. മനസിന്റെ അന്ധകാരത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ സൂചനയെന്നവണ്ണം രാത്രിയുടെ അന്ധകാരത്തിൽ അബ്രാഹം ദൈവത്തോട് പ്രാർത്ഥിച്ചു. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ മക്കളെ നൽകി അനുഗ്രഹിക്കും എന്ന ദൈവത്തിന്റെ വാഗ്ദാനം ആ രാത്രിയിൽ അബ്രാഹത്തിന് ഒരിക്കൽ കൂടി ലഭിക്കുകയും അബ്രാഹം അത് വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്തു; മാർപാപ്പ വിശദീകരിച്ചു.
സംശയത്തിൽ നിന്ന് നമ്മെ അകറ്റിനിറുത്തുന്ന ഉറപ്പ് മാത്രമല്ല വിശ്വാസം.ഭക്തിയുടെ കാപട്യമില്ലാതെ ദൈവത്തോടുള്ള പരാതി പറച്ചിലും വിശ്വാസത്തിന്റെ ഭാഗമാണ്. ദൈവം പിതാവാണ്. ദൈവത്തിന് നിന്നെ മനസിലാക്കാൻ സാധിക്കും. സമാധാനത്തോടെ പോവുക. വിശ്വസിക്കുന്നതിനായി വിശ്വാസിത്തിന്റെ കണ്ണുകൾകൊണ്ട് എപ്രകാരമാണ് നോക്കേണ്ടതെന്ന് പഠിക്കുക കൂടി വേണം. നാം ആകാശത്തിലേക്ക് നോക്കുമ്പോൾ നക്ഷത്രങ്ങൾ മാത്രമേ കാണുകയുള്ളൂ. എന്നാൽ അബ്രാഹത്തിന് ആ നക്ഷത്രമങ്ങൾ ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായി മാറി. പ്രത്യാശ ഒരിക്കലും നിരാശരാക്കുന്നില്ല; പാപ്പ വ്യക്തമാക്കി.