News >> വിശ്വാസം : അധരവ്യായാമമല്ല, പ്രത്യുത ജീവിക്കേണ്ടത്


Source: Vatican Radio

മാമ്മോദീസായില്‍ നല്കപ്പെടുന്ന വിശ്വാസം ജീവിക്കപ്പെടേണ്ടതാണെന്ന് മാര്‍പ്പാപ്പാ.

കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന ജനുവരി 8ന് ഞായറാഴ്ച വത്തിക്കാനില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച് 28 നവജാതശിശുക്കള്‍ക്ക്   മാമ്മോദീസാ നല്കിയ തിരുക്കര്‍മ്മ മദ്ധ്യേ സുവിശേചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഞായറാഴ്ച കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ വിശ്വാസപ്രമാണം ചൊല്ലുന്നതല്ല വിശ്വാസമെന്നും അത് വിശ്വാസത്തിന്‍റെ പാതയില്‍ ചരിക്കുകയും വിശ്വാസത്തിന് സാക്ഷ്യമേകുകയും ചെയ്യലാണെന്നു പാപ്പാ വിശദീകരിച്ചു.

ദൈവപിതാവ് സ്വപുത്രനെ അയച്ചുവെന്നും പരിശുദ്ധാരൂപി നമുക്കു ജീവനേകുന്നുവെന്നുമുള്ള സത്യം വിശ്വസിക്കുന്നതോടൊപ്പം ദൈവത്തില്‍ ശരണപ്പെടുകയും ചെയ്യലാണ് വിശ്വാസമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കത്തിച്ച മെഴുകുതിരി മാമ്മോദീസാവേളയില്‍ നല്കപ്പെടുന്നതിന്‍റെ   പൊരുളെന്തെന്നു മുന്‍കൂട്ടി തയ്യാറാക്കാതെ നടത്തിയ വചനസമീക്ഷയില്‍ വിശദീകരിച്ച പാപ്പാ വിശ്വാസം ഹൃദയത്തിന് വെളിച്ചം പകരുകയും കാര്യങ്ങളെ പുത്തന്‍ വെളിച്ചത്താല്‍ കാണാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതിനാല്‍ അതിന്‍റെ  പ്രതീകമായിട്ടാണ് സഭയുടെ ആദ്യ കാലങ്ങളിലെ ഈ പാരമ്പര്യം തുടരുന്നതെന്ന് വ്യക്തമാക്കി.

മക്കള്‍ക്കായി മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന വിശ്വാസം സഭ മാമ്മോദീസാ വഴി കുഞ്ഞുങ്ങള്‍ക്കു നല്കുന്നുവെന്നും, ആ വിശ്വാസം വളര്‍ത്തുകയും  കാത്തുപരിപാലിക്കുകയും ആ വിശ്വാസത്തെ മറ്റുള്ളവര്‍ക്ക്, വൈദികര്‍ക്കും  മെത്രാന്മാര്‍ക്കും, എല്ലാവര്‍ക്കും  സാക്ഷ്യമായി മാറ്റുകയും ചെയ്യുകയെന്ന കടമ മാതാപിതാക്കളില്‍ നിക്ഷിപ്തമാണെമെന്നും പാപ്പാ പറഞ്ഞു.

തന്‍റെ പ്രഭാഷണവേളയില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ നവജാതശിശുക്കളുടെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ പാപ്പാ, സരസരൂപേണ, ആ രോദനങ്ങളെ ഒരു സംഗീത വിരുന്നായി വിശേഷിപ്പിക്കുകയും ഒരു കരച്ചിലായിരുന്നു കാലിത്തൊഴുത്തില്‍ യേശുവിന്‍റെ പ്രഥമ പ്രഭാഷണം എന്ന് ചിന്തിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്ന് പറയുകയും ചെയ്തു.