News >> സഭൈക്യത്തിനായി ജനുവരിമാസത്തിലെ പാപ്പായുടെ പ്രാര്‍ഥനാനിയോഗം


Source: Vatican Radio

ഈ വര്‍ഷം, ( 2017-ല്‍)  പ്രാര്‍ഥനാനിയോഗങ്ങള്‍ നല്‍കുന്നതില്‍ ഫ്രാന്‍സീസ് പാപ്പാ അല്‍പം വ്യത്യാസം വരുത്തിയിട്ടുണ്ട്.  സാധാരണയായി രണ്ടു നിയോഗങ്ങളാണ്, പൊതു നിയോഗവും പ്രേഷിതനിയോഗവുമാണ് പ്രാര്‍ഥനയ്ക്കായി നല്‍കി വന്നിരുന്നത്.  ഈ വര്‍ഷം മുന്‍കൂട്ടി തയ്യാറാക്കിയ ഒരു നിയോഗം മാത്രമേ ഓരോ മാസത്തിലും ഉണ്ടായിരിക്കുകയുള്ളു.  രണ്ടാമതൊരു നിയോഗം ഓരോ മാസത്തെയും അടി ന്തിരാവശ്യങ്ങളോടു ബന്ധപ്പെടുത്തി നല്‍കുക എന്നതാണ് ഫ്രാന്‍സീസ് പാപ്പായുടെ തീരുമാനം.  പ്രാര്‍ത്ഥന യെ സാഹചര്യങ്ങളോടു ബന്ധപ്പെടുത്തുകയും അതുവഴി കൂടുതല്‍ ജീവിതബന്ധിയാക്കുന്നതിനുമാണ് പാപ്പാ ഇങ്ങനെ ചെയ്യുന്നത്. ഈ നിയോഗം ഓരോ ആദ്യഞായറാഴ്ചകളിലെ ത്രികാലജപത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പാപ്പാ പ്രഖ്യാപിക്കുന്നതാണ്. 

ഈശോസഭക്കാരായ സെമിനാരിക്കാര്‍ 1884-ല്‍ ആരംഭിച്ച പ്രാര്‍ഥനയുടെ അപ്പസ്തോലികത എന്ന പ്രസ്ഥാനം ക്രൈസ്തവരെ, പ്രാര്‍ഥനവഴി ദൈവികശുശ്രൂഷയ്ക്ക് ഉത്തേജിപ്പിക്കുന്നതിനും പ്രത്യേകിച്ച് സഭയുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനും വേണ്ടിയായിരുന്നു.  ഇതിന്‍റെ സ്ഥാപനകാലം മുതല്‍ ഈ പ്രസ്ഥാന ത്തിന് പാപ്പായുടെ ഓരോ മാസത്തെയും പൊതുനിയോഗം ലഭിച്ചിരുന്നു.  എന്നാല്‍ പ്രേഷിതനിയോഗം ലഭി ച്ചുതുടങ്ങിയത് 1929 മുതലാണ്. ഒരു നിയോഗം മാത്രമുണ്ടായിരുന്ന ആദ്യപാരമ്പര്യത്തിലേക്കു മടങ്ങുന്ന ഫ്രാന്‍സീസ് പാപ്പാ, എന്നാല്‍ ഈ രണ്ടുനിയോഗങ്ങളിലൊന്ന് ഒന്നിടവിട്ട മാസങ്ങളില്‍ പ്രാര്‍ഥനാ നിയോഗമായി നല്‍കുക എന്നും ആനുകാലികസംഭവങ്ങളോടു ചേര്‍ന്നുള്ള പ്രാര്‍ഥനാനിയോഗവും കൂടി അതാതുമാ സങ്ങളില്‍ നല്‍കുക എന്നുമുള്ള നൂതനത്വം അവതരിപ്പിക്കുന്നുമുണ്ട്.

പാപ്പായുടെ പ്രാര്‍ഥനാനിയോഗങ്ങള്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിയാനുള്ള താല്പര്യം നമുക്കു ണ്ടാകാം.  അതിങ്ങനെയാണ്.  ലോകമാസകലമുള്ള വിശ്വാസികള്‍തന്നെ പ്രാര്‍ഥനാനിയോഗങ്ങള്‍ റോമിലെ അപ്പസ്തോലികപ്രാര്‍ഥനയുടെ അന്തര്‍ദേശീയ ഓഫീസിലേയ്ക്ക് നിര്‍ദ്ദേശിക്കുകയാണ് ചെയ്യുക. പ്രാര്‍ഥനാപൂര്‍വം ഇവയില്‍നിന്ന് തെരഞ്ഞെടുക്കുന്നവ, വത്തിക്കാനിലേക്കും അവര്‍ അവസാനതെരഞ്ഞെടുപ്പിനായി ഇവ പാപ്പായ്ക്കും സമര്‍പ്പിക്കുന്നു.  അപ്പസ്തോലികപ്രാര്‍ഥനയുടെ ഓഫീസ് അതു വേണ്ടവിധം  ക്രമീകരി ക്കുകയും പ്രധാപ്പെട്ട വിശ്വഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഈ വര്‍ഷം പാപ്പായുടെ തീരുമാനമനുസരിച്ച് 2017-ലെ പ്രേഷിതനിയോഗവും പൊതുനിയോഗവും ഒന്നിടവിട്ട മാസങ്ങളില്‍ മാറിമാറി നല്കിയിരിക്കുകയാണ്.  ഈ ജനുവരിമാസത്തിലെ പ്രേഷിതനിയോഗത്തില്‍ ക്രൈസ്തവസഭകളുടെ ഐക്യമെന്ന വിഷയം പ്രധാനമായി വരുന്നു. പ്രാര്‍ഥനാനിയോഗം ഇങ്ങനെയാണ്:

എല്ലാ കൈസ്തവരും സഭാത്മകകൂട്ടായ്മയെ പുനഃസ്ഥാപിക്കുന്നതിന് പ്രാര്‍ഥനവഴിയും സഹോദര സ്നേഹം വഴിയും പരിശ്രമിക്കാനും മനുഷ്യവര്‍ഗം നേരിടുന്ന വെല്ലുവിളികളെ ചെറുക്കുന്നതിനു സഹകരിക്കാനുംവേണ്ടി കര്‍ത്താവിന്‍റെ പ്രബോധനത്തോട് വിശ്വസ്തത പുലര്‍ത്തുന്നതിനുവേണ്ടി

നിയോഗത്തിന്‍റെ ആദ്യഭാഗം സഭാത്മകകൂട്ടായ്മയെ ലക്ഷ്യം വയ്ക്കുന്നു.  അതിനുവേണ്ടി പ്രാര്‍ഥിക്കുകയും സഹോദരസ്നേഹത്തിലൂടെ പരിശ്രമിക്കുകയും ചെയ്യുന്നതിനുള്ള കൃപയ്ക്കുവേണ്ടിയാണ് ഈ മാസത്തെ പ്രാര്‍ഥന പാപ്പായോടു ചേര്‍ന്നു നാം കാഴ്ചവയ്ക്കേണ്ടത്. ഈ പ്രാര്‍ഥനതന്നെ സഹോദരസ്നേഹത്തിന്‍റെ ഒരു പ്രകടനമാണ് എന്നു നമുക്കറിയാം.  അതുകൊണ്ട് ഈ പുതുവര്‍ഷാരംഭത്തില്‍ കത്തോലിക്കാസഭയോടുള്ള നമ്മുടെ സ്നേഹവും ഐക്യവും പ്രസ്പഷ്ടമാക്കി പരിശുദ്ധപിതാവിന്‍റെ പ്രാര്‍ഥനയോടൊപ്പം തീക്ഷ്ണമായി പ്രാര്‍ഥിക്കുന്നു.  ഇതുവരെ പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്ന പതിവു നമ്മുടെ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടില്ലെങ്കിലോ, തുടര്‍ന്നുപോരുന്നില്ലെങ്കിലോ ഈ നവവത്സരാരംഭത്തില്‍ നമുക്ക് അതാരംഭിക്കാം, തുടരുകയും ചെയ്യാം.

ജനുവരി മാസം സഭൈക്യത്തിനുവേണ്ടി പ്രത്യേകമായി പ്രാര്‍ഥിക്കുന്നതിനു നീക്കിവച്ചിട്ടുള്ള മാസമാണെന്നു നമുക്കറിയാം.  ജനുവരി 18 മുതല്‍ 25 വരെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സഭൈക്യവാരമായി ആചരിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ ചൊല്ലുകയുംചെയ്യുന്നുവെന്നതു നമുക്കു പരിചിതവുമാണ്.  അതുകൊണ്ട് ജനുവരിമാസം സഭൈക്യത്തിനുവേണ്ടിയുള്ള പ്രാര്‍ഥന ഫ്രാന്‍സീസ് പാപ്പായും പ്രത്യേക നിയോഗമായി നമുക്കു നിര്‍ദ്ദേശിച്ചു തന്നിരിക്കുന്നു.

നിയോഗത്തില്‍ത്തന്നെ സഭാത്മകകൂട്ടായ്മയെ പുനഃസ്ഥാപിക്കുന്നതിനുള്ള വഴികള്‍ പറയുന്നുണ്ട്.  പ്രാര്‍ഥനയും സഹോദരസ്നേഹവുമാണത്. ക്രിസ്തുവില്‍ നാം സഹോദരരാണെന്ന സത്യം തിരിച്ചറിയുന്നതുകൊണ്ട് അവരെ നാം സ്നേഹിക്കുന്നു.  അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു; യേശുവിന്‍ ഒന്നായിരിക്കുവാന്‍ ആഗ്രഹി ക്കുന്നു. സഭൈക്യം തന്‍റെ പ്രധാന ലക്ഷ്യമാക്കിയിരിക്കുന്ന ഫ്രാന്‍സീസ്പാപ്പാ അതിനുവേണ്ടി സ്വീകരിച്ചിരിക്കുന്നതും പ്രാര്‍ഥനയുടെയും സാഹോദര്യത്തിന്‍റെയും വഴികളാണ്. ഈ വഴികളില്‍ പാപ്പായോടൊത്ത് ഈ മാസം നമുക്കും പ്രത്യേകമായി പങ്കുചേരാം.

എന്തുകൊണ്ടാണ് സഭൈക്യം പ്രധാനപ്പെട്ടതാകുന്നത്?

സഭ ഏകമാണ്. ക്രിസ്തു സ്ഥാപിച്ച സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമാണെന്നു നാം വിശ്വസിച്ചേറ്റു പറയുന്നുണ്ട് സഭയുടെ വിശ്വാസപ്രമാണത്തില്‍. എക്യുമെനിസം അല്ലെങ്കില്‍ സഭൈക്യപ്രസ്ഥാനം, പന്തക്കുസ്താനാളില്‍ സ്ഥാപിക്കപ്പെട്ട ഏകസഭയെ ഏറ്റു പറയുന്നുവെന്നു ചുരുക്കിപ്പറയാം. ആ ഏകസഭ കത്തോലിക്കാസഭയാണെന്നു നാം വിശ്വസിക്കുന്നു.  എന്നാല്‍, കത്തോലിക്കാസഭ ഭിന്നിച്ചുനില്ക്കുന്ന എല്ലാ ക്രൈസ്തവരുടെയും ഐക്യത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.  കാരണം, ക്രിസ്തുതന്നെ ഈ ഐക്യം ആഗ്രഹിക്കുന്നു.  തന്‍റെ പീഡാനുഭവത്തിനുമുമ്പുള്ള പ്രാര്‍ഥനയില്‍ യേശുവിന്‍റെ ഹൃദയത്തില്‍നിന്ന് ഈ പ്രാര്‍ഥനയും പിതാവിന്‍റെ പക്കലേക്കുയര്‍ന്നതായി യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്.

അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയി രിക്കുന്നതുപോലെ അവരും നമ്മില്‍ ഒന്നായിരിക്കുന്നതിന്... (യോഹ 17,21).

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യത്തില്‍ പ്രബോധനം നല്കുന്നതു നമുക്കു ശ്രദ്ധിക്കാം (നം 820).

ക്രിസ്തു എപ്പോഴും തന്‍റെ സഭയ്ക്ക് ഐക്യത്തിന്‍റെ ദാനം നല്‍കുന്നു.  എന്നാല്‍ സഭയ്ക്കുണ്ടാകണ മെന്നു ക്രിസ്തു ആഗ്രഹിക്കുന്ന ആ ഐക്യം കാത്തുസൂക്ഷിക്കാനും ശക്തിപ്പെടുത്താനും പൂര്‍ണമാ ക്കാനും സഭ എപ്പോഴും പ്രാര്‍ഥിക്കുകയം അധ്വാനിക്കുകയും വേണം.  അതുകൊണ്ടാണ് യേശുതന്നെ പീഡാനുഭവത്തിന്‍റെ മണിക്കൂറില്‍ തന്‍റെ ശിഷ്യന്മാരുടെ ഐക്യത്തിനുവേണ്ടി പ്രാര്‍ഥിച്ചതും, തന്‍റെ പിതാവിനോട് അതിനായി പാര്‍ഥിക്കുന്നതില്‍നിന്നു വിരമിക്കാത്തതും... എല്ലാ ക്രൈസ്തവരുടെയും ഐക്യം വീണ്ടെടുക്കാനുള്ള ആഗ്രഹം ക്രിസ്തുവിന്‍റെ ദാനവും പരിശുദ്ധാത്മാവിന്‍റെ വിളിയുമാണ്.

ഇക്കാര്യമാണ് ഫ്രാന്‍സീസ് പാപ്പാ ജനുവരിമാസത്തിലെ പ്രാര്‍ഥനാനിയോഗത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കു ന്നതും അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതും.

സഭ അവളുടെ ഉറവിടംമൂലം, ത്രിത്വൈകദൈവവ്യക്തികളായ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാ ത്മാവിലുള്ള ഐക്യംമൂലം ഏകമാണ്.  ഈ ഏകമായ സഭയില്‍ ആരംഭകാലം മുതല്‍ വിള്ളലുകളുണ്ടായി രുന്നെന്ന് വി. ഗ്രന്ഥം, പ്രത്യേകിച്ചും പുതിയനിയമലേഖനങ്ങള്‍ (ഉദാ. കൊളോ 2: 8-10, 16; 2 പത്രോ 3 :2-7) വ്യക്തമാക്കുന്നുണ്ട്.  തുടര്‍ന്നുവന്ന നൂറ്റാണ്ടുകളിലും കൂടുതല്‍ ഗൗരവാവഹങ്ങളായ അഭിപ്രായഭിന്ന തകള്‍ പ്രത്യക്ഷപ്പെട്ടു. കത്തോലിക്കാസഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മയില്‍നിന്നു വലിയ സമൂഹങ്ങള്‍ വേര്‍പെട്ടു.  അതിനു ഇരുപക്ഷത്തുള്ളവരും കുറ്റമറ്റവരായിരുന്നില്ല എന്നു മതബോധനഗ്രന്ഥം അംഗീകരി ക്കുന്നുണ്ട് (നം. 817).

സഭൈക്യത്തിനുവേണ്ടിയുള്ള പ്രത്യേക താല്പര്യം പ്രകടമായത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ്. 1962 മുതല്‍ 1965 വരെ നടന്ന ഈ കൗണ്‍സില്‍ കത്തോലിക്കാസഭയ്ക്കു പുറമേയുള്ള ക്രൈസ്ത വസഭകളിലെ രക്ഷയുടെ ഘടകങ്ങളെ അംഗീകരിക്കുകയും (തിരുസ്സഭ, 8) സഭൈക്യത്തെ സംബന്ധിച്ച്, UNITATIS REDINTEGRATIO ഒരു ഡിക്രിതന്നെ പുറപ്പെടുവിക്കുകയും ചെയ്തു. അടുത്തകാലത്ത് പൊന്തി വന്നിരുന്ന സഭൈക്യചിന്തകളും പ്രവര്‍ത്തനപരിപാടികളും അംഗീകരിച്ചു മുദ്രവച്ചിരിക്കുന്ന ഈ ഡിക്രി എല്ലാ ക്രൈസ്തവസഭകളും തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കുകയെന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോ സിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നു അടിവരയിട്ടുറപ്പിക്കുന്നു.  ഭിന്നിച്ചുനില്‍ക്കുന്ന ക്രൈസ്തവ സഭകള്‍ ക്രിസ്തുവിന്‍റെ തിരുമനസ്സിന് എതിരാണ് എന്നും ലോകത്തിന് ഇടര്‍ച്ചയാണ്, എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കുകയെന്ന മഹനീയോദ്യമത്തെ ക്ഷതപ്പെടുത്തുന്നതുമാണ് എന്നും ഈ രേഖ ആമുഖ ത്തില്‍ തന്നെ പറയുന്നു.  ക്രിസ്തുവിന്‍റെ എല്ലാ അനുയായികളും തമ്മിലുള്ള ഐക്യത്തിന്‍റെ പുനഃസ്ഥാപന ത്തിനായി തിരുസ്സഭ കൊതിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സഭൈക്യത്തിനായുള്ള ഈ രേഖയിലൂടെ ചില സഹായമാര്‍ഗങ്ങളും പരിപാടികളും കത്തോലിക്കാലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നത് (നം. 1) 

ഡിക്രി ഇപ്രകാരം പഠിപ്പിക്കുന്നു (നം 4).

ക്രിസ്തു ആഗ്രഹിക്കുന്ന ഐക്യത്തിന്‍റെ പൂര്‍ണത കൈവരാന്‍ പരിശുദ്ധാരൂപിയുടെ പ്രസാദവരത്തി ന്‍റെ പ്രേരണയാല്‍ പ്രാര്‍ഥന, പ്രസംഗം, പ്രവര്‍ത്തനം എന്നിവ മുഖേന വളരെയധികം സംരംഭങ്ങള്‍ ലോകമെങ്ങും ആരബ്ധമായിട്ടുണ്ട്.  കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കണക്കിലെടുത്തുകൊണ്ട് സഭൈ ക്യപ്രവര്‍ത്തനങ്ങളില്‍ സജീവമായും, ധിഷണാപ്രഭാവത്തോടുകൂടിയും എല്ലാ കത്തോലിക്കരും പങ്കെടുക്കണം. 

ഈ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളെയും ഡിക്രി വിശദീകരിക്കുന്നുമുണ്ട്.

1. വേര്‍പെട്ട സഹോദരങ്ങളുടെ സ്ഥിതി, സത്യത്തിനും നീതിക്കും നിരക്കാത്തവിധത്തില്‍ പരിഗണിക്കുകയും തന്മൂലം അവരുമായുള്ള ബന്ധം കൂടുതല്‍ ദുഷ്ക്കരമാക്കുകയും ചെയ്യുന്ന അഭിപ്രായങ്ങള്‍, തീരുമാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിവര്‍ജിക്കുന്നതിനുള്ള ശ്രമം.

2. വിവിധ സഭാവിഭാഗങ്ങളില്‍നിന്നും, സമൂഹങ്ങളില്‍നിന്നും തക്ക പ്രാവീണ്യം ലഭിച്ചവര്‍ തമ്മിലുള്ള ഡയ ലോഗ് നടത്തുക. മതചൈതന്യത്തോടുകൂടി സംഘടിപ്പിക്കപ്പെടുന്ന ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍ ഓരോരു ത്തനും സ്വന്തം സഭാവിഭാഗത്തിന്‍റെ സിദ്ധാന്തങ്ങള്‍ വിശദീകരിക്കണം...

സഭൈക്യത്തിനുവേണ്ടിയുള്ള കത്തോലിക്കാസഭയുടെ ദാഹം മറച്ചുവയ്ക്കുന്നില്ലിവിടെ: 

കത്തോലിക്കര്‍ തങ്ങളുടെ മെത്രാന്മാരുടെ മേല്‍നോട്ടത്തില്‍ വിവേകത്തോടും ക്ഷമയോടുംകൂടി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നീതിയും സത്യവും, ഐക്യവും സഹകരണവും, സഹോദരസ്നേഹത്തിന്‍റെയും യോജിപ്പിന്‍റെയും ചൈതന്യവും പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. ഇങ്ങ നെ സാവധാനത്തില്‍ സഭൈക്യത്തിനുള്ള വിഘാതങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നതോടെ എല്ലാ ക്രൈസ്തവര്‍ക്കും പൊതുവായ ദിവ്യബലിയര്‍പ്പണത്തില്‍ ഒരേ സഭയില്‍ ഒരുമിച്ചുകൂടാന്‍ സാധിക്കും.  ഈ ഐക്യമാണ് തുടക്കത്തില്‍ത്തന്നെ ക്രിസ്തു തന്‍റെ സഭയ്ക്കു നല്‍കിയത്. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭൈക്യത്തിനു നല്കിയ ഈ വലിയ ഉണര്‍വ് അതിനുശേഷവും തുടര്‍ന്നു.  1917-ലെ കാനന്‍നിയമം ഖണ്ഡിക 908 ന് രണ്ടാംവത്തിക്കാന്‍ കൗണ്‍സിലില്‍ വരുത്തിയ ഭേദഗതി ഇതിനുദാഹരണമാണ്. ഇതിലൂടെ കത്തോലിക്കാപുരോഹിതര്‍ക്ക് മറ്റു സഭകളുടെ ചില കൂദാശാനുഷ്ഠാന ങ്ങളിലെ പങ്കുചേരല്‍ നിശ്ചിത സാഹചര്യങ്ങളില്‍ അനുവദിക്കുന്നുണ്ട്.  1980-ല്‍ ലൂതറന്‍ സഭയും കത്തോ ലിക്കാസഭ യുമായി സംവാദം സ്ഥാപിച്ചു. ലൂതറന്‍ വേള്‍ഡ് ഫെഡറേഷനും കത്തോലിക്കാസഭയും നീതീക രണത്തെക്കുറിച്ചുള്ള വിശ്വാസപ്രമാണവിഷയത്തില്‍ ഒരു സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കുകയു ണ്ടായി (1999).

വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ, കൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഒരു സെക്രട്ടേറിയറ്റ് സ്ഥാപിച്ചു. 1966-ല്‍ ആംഗ്ലിക്കന്‍സഭാതലവന്‍ കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് മൈക്കേല്‍ റംസി പോള്‍ ആറാമന്‍ പാപ്പായെ ഔദ്യോഗികമായി സന്ദര്‍ശിക്കുകയുണ്ടായി.  1967-ല്‍ ആംഗ്ലിക്കന്‍-റോമന്‍ കാ ത്തലിക് ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ സ്ഥാപിതമായി. പരസ്പരധാരണയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു. 

ഓര്‍ത്തൊഡോക്സ് വിഭാഗങ്ങളുമായി വിശ്വാസപ്രമാണങ്ങളിന്മേലുള്ള ഐക്യം സഭൈക്യത്തിന് ഏറ്റം സ ഹായകമായി നിലനില്‍ക്കുന്ന ഘടകമാണ്. ക്രൈസ്തവസഭകളുടെ ആഗോള കൗണ്‍സിലില്‍ കത്തോലിക്കാസഭ അംഗമല്ല, എങ്കിലും അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഫ്രാന്‍സീസ് പാപ്പാ ഈ വിഷയത്തില്‍ പ്രത്യേക താല്‍പ്പര്യം തുടക്കം മുതലേ കാണിച്ചുവരുന്നു.  സഭൈക്യ ത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തെളിച്ച സംവാദത്തിന്‍റെ വഴിയേ താനും മുന്നോട്ടുപോകുമെന്നു പാപ്പാ പ്രഖ്യാപിച്ചു.

പാപ്പായുടെ അപ്പസ്തോലികപരിപാടികളില്‍ എക്യുമെനിക്കല്‍ പരിപാടികള്‍ മുന്നിട്ടുനില്‍ക്കുനŔ